Sunday, July 4, 2010

ശ്ലോകം

ശ്ലോകം, തീര്‍ച്ച രചിയ്ക്കുവാന്‍ വിഷമ-
മില്ലാകാര ഭംഗിയ്ക്കെഴും
പാകം നോക്കിയടുക്കണം പദദളം,
പൂന്തേന്‍ നിറച്ചേക്കണം
ആകും മട്ടതു ചൊല്ലണം, തടയുകില്‍
തീര്‍ത്തും മിനുക്കീടണം
പാകത്തെറ്റുകള്‍ തീര്‍ത്തിടാനറിയുവോര്‍
ചുറ്റും നിറച്ചുണ്ടെടോ!

*****

നാടോടുമ്പോല്‍ നടക്കാനൊരുപിടി കവിതാ-
കാമുക ക്കൂട്ടമെങ്ങും
പാവം പദ്യം പിടഞ്ഞൂ, കമനിയിവളിതാ
കണ്ണുനീര്‍ വാര്‍ത്തിടുന്നൂ
പാടിച്ചുണ്ടില്‍പ്പകര്‍ത്താന്‍ പഴയവരികളേ-
യോമനിച്ചോര്‍ത്തു വയ്ക്കാന്‍
ഞാനോ മെല്ലെത്തുനിഞ്ഞൂ, പറയുകയവളെ-
ക്കൈവിടാനെന്തു കാര്യം ?

****

പാടിക്കേട്ടു സുഖം തരുന്നു! പകരം
പാടാനൊരുക്കം, പലേ
പാടിക്കേട്ടു പദം പതിഞ്ഞ കവിതാ-
ശീലിന്റെ ചേലില്‍ സദാ
പാടിക്കേട്ടൊരു പദ്യകാവ്യ കലതന്‍
മുറ്റത്തു കാല്‍ വച്ചു നാം
പാടും പാട്ടുകളില്‍സ്സഖേ,കവിതയും
തെല്ലൊന്നുണര്‍ന്നൂ ദൃഢം !

No comments:

Post a Comment