Saturday, September 18, 2010

തീരം

***

മാനത്തെന്തിതൊരുത്സവം ! ധിമിധിമി-
ക്കൊട്ടും കുഴല്‍മേളവും
ആനത്തുമ്പികണക്കെഴും ചടുലമാം
വര്‍ഷത്തിമിര്‍പ്പും സദാ
പേനത്തുമ്പിലൊതുക്കുവാന്‍, ചപലമീ
നൃത്തം വരച്ചീടുവാന്‍
ഞാനോ പേനതുറന്നു; കോറിയിടുവാ-
നാവാതിരിപ്പൂ മുദാ!

ആരോമല്‍ത്തനു താളമോടെ പുണരും,
കാര്‍മേഘമാം കൂന്തലില്‍-
പ്പാരം പ്രേമമണച്ചുവച്ചു പുളകം
തേടുന്നൊരുന്മാദമേ ,
ചേരും രേതസ്സുതിര്‍ത്തു ഭൂമി മുഴുവന്‍
സ്നേഹോഷ്മളദ്ധാരയാ-
ലാരോ തീര്‍ത്തുചമച്ചുവച്ചൊരമൃതം
പെയ്യുന്നു വര്‍ഷങ്ങളായ്!

ദൂരെക്കൂട്ടിലെനിക്കുമുണ്ടു പലനാള്‍
മോഹിച്ചു ഞാന്‍ കൂട്ടിനാ-
യാരോടും പറയാതൊളിച്ച മധുരം
പ്രേമാമൃതം പൈങ്കിളി.
നേരോര്‍ക്കില്‍ത്തവ ഹര്‍ഷബിന്ദു പുളകം-
പെയ്യുന്ന നേരങ്ങളില്‍
ചാരേ നോക്കുക! നേരിവള്‍, അകലെ,യ-
ല്ലാകില്ലകന്നീടുവാ‍ന്‍ !

ഹാ!ഹാ! പെയ്തുകുതിര്‍ന്നു ഭൂമി മുഴുവ,-
ന്നീസ്നിഗ്ദ്ധ തീരങ്ങളില്‍
മോഹം തീര്‍ത്തു കൊരുത്തെടുത്ത ചിറകിന്‍
വര്‍ണ്ണാഭ നീ പൈങ്കിളീ!
തീരം ദൂരെയകന്നിടുന്നു, കമനീ
നിന്നെത്തിരഞ്ഞുല്‍ക്കടം
പാരം ശക്തിയണച്ചിതിന്നു തുഴഞാന്‍
തട്ടുന്നു തീരം വരേ!

(വൃത്തം ശാര്‍ദ്ദൂലവിക്രീഡിതം )