Saturday, May 28, 2016

നീരാജനം!

നീരാജനം! 


ഹാ! കൈലാസ മുകൾപ്പരപ്പിലലയും
വെണ്മേഘവൃന്ദങ്ങളേ,
ആകാശത്തൊടു തോളുരുമ്മി മരുവും
സഹ്യാദ്രി സാനുക്കളേ,
താഴെശ്ശാദ്വല ഭൂമിയിൽ,പ്പുഴകളിൽ,-
ത്തീരങ്ങളിൽത്തീർച്ചയാ-
ണാഴത്തിൽ വിഷമേറ്റു വീണു കരയു-
ന്നാരോ തിരഞ്ഞീടുക!


കണ്ണും കാതുമടഞ്ഞുപോയ കലികാ-
ലത്തിൻ നിഴൽക്കൂത്തുമായ്
തുന്നിക്കൂട്ടി നിറം കലർന്ന കളിശീ-
ലയ്ക്കപ്പുറം നിൽക്കുവോർ
മുന്നേ ഭാരത ഭൂമിതൻ ഹൃദയമോ
കുത്തിത്തുളച്ചൂ; മത-
പ്പുണ്ണിൻ വിത്തു വിതച്ചു പോയി; പലതും
പൊട്ടിക്കിളിർത്തിങ്ങനെ.


കണ്ടോ, വിണ്ണിലുഡുക്കളെ,സ്സിരകളിൽ-
ത്തുള്ളിക്കുതിച്ചെത്തിയാ
മണ്ണിൻ മോചന വാഞ്ഛയാൽ സകലതും
ഹോമിച്ച യോദ്ധാക്കളെ?
കണ്ടോ, കണ്ണിലെ രോഷവും കരുണയും?
കത്തും മതഭ്രാന്തിനാൽ
മണ്ണിൻ നെഞ്ചിലെരിഞ്ഞിടുന്ന കനലാ-
രണ്യക്കൊടും ചൂടിനെ?


എങ്കിൽപ്പോലുമതുല്യ കാന്തി വഴിയും
കാലച്ചുവർച്ചിത്രണം
ശങ്കിക്കേണ്ട! തിളങ്ങിടും ഗരിമയോ-
ടേൽക്കും വരും കാലവും.
നാടിൻ നന്മകൾ,സംസ്കൃതിപ്പെരുമ, സാ-
ഹിത്യാദി മൂല്യങ്ങളെ-വല്മീക
ത്തേടിപ്പോവുക കണ്ടിടാമലയിടും
തീരാത്തൊരാ സാഗരം.ടാഗോറിൻ മണിവീണയിൽപ്പൊഴിയുമാ
ഗീതങ്ങളും, ഭാരത-
പ്പൂർവാകാശനഭസ്സിലെക്കുയിൽ മൊഴി*-
പ്പാട്ടിന്റെ മാധുര്യവും.
വത്മീകങ്ങളുടച്ചെണീറ്റൊരിതാഹാ-
സം തീർത്ത വാല്മീകി, സു-
സ്സൂക്ഷ്മം മാനുഷലോഭ മോഹ സമര
ക്യാൻവാസുമായ് വ്യാസനും!


മന്നിൻ ദുഃഖമകറ്റിടും മതവുമായ്
വന്നൂ മഹാ ബുദ്ധനും
പിന്നാ ശാന്തി മതത്തിലൂന്നി നിയതം
സ്തംഭങ്ങൾ നട്ടിട്ടൊരാൾ.
മുന്നും പിന്നും മറിഞ്ഞിടാത്ത സമകാ-
ലത്തിൻ കലിപ്പാറ്റുവാൻ
പോന്നേക്കും തനതാഭ ചിന്തുമതുലം
മോക്ഷാർത്ഥമാം ചിന്തകൾ.


ചിന്താ ശാഖകൾ പിന്നെയും മുളയെടു-
ത്തെത്തുന്നു; തെൻഭാരതം
കണ്ടൂ ശ്രീ ഗുരുദേവനെ! ദ്യുതിപെറും
ചന്ദ്രക്കലത്തുണ്ടുപോൽ!
നാടിൻ നാഡി ഞരമ്പുകൾക്കുണരുവാൻ
സിദ്ധൗക്ഷധം തീർത്തവർ,
ലോകത്തിൻ വഴികാട്ടികൾ ! പറയുവാ-
നൊട്ടെറെയുണ്ടിങ്ങനെ.


കണ്ടോ ഭാരത ഭൂമിതൻ തനുവിലെ-
ത്തീവേര്‍പ്പു ഹാ! ദാനമായ്-
പ്പണ്ടെൻ പൂർവ്വികർ തന്നുപോയകഠിനാ-
ദ്ധ്വാനങ്ങളെ,ജ്ജീവനെ?
സ്വാതന്ത്ര്യപ്പുലരിക്കുമേൽ പുലരുമാ
നക്ഷത്ര ദീപങ്ങളെ-
ക്കണ്ടോ വർണ്ണവിവർണ്ണരായ്?തെളിയുവാ-
നാവട്ടെ നീരാജനം!


വന്ദേ! ഭാരത പൂർവ്വ പുണ്യ ജനതേ!
വന്ദേ സമാരാദ്ധ്യരേ!
വന്ദേ! സത്ക്കല, സൗമ്യദൃക്കു ചൊരിയും
സർഗ്ഗപ്രഭാവങ്ങളേ,
വന്ദേ! വിന്ധ്യ ഹിമാചലം നിറയുമാ
ദേശീയതേ, നിസ്തുലം
നിന്നംഗത്തിലലിഞ്ഞുചേർന്നൊരണുവായ്
നിൽക്കട്ടെ ഞാൻ; സ്വസ്തി തേ!
----------------------------------------------------------------
*ഇന്ത്യയുടെ വാനമ്പാടി

Sunday, April 3, 2016

കുരിശു്...

കുരിശു്...


കുന്നോളം പേരുകേട്ടിപ്പെരുമല മലയാ
റ്റൂരിലെപ്പള്ളി കാണാന്‍
വന്നൂ ഞാൻ* പുണ്യവാളാ! കൊടിയ മലയിലും
കേറിടാനെത്ര ഭക്തര്‍!
വന്നില്ലല്ലോയശേഷം, കൊടുമലകയറും
ഭക്തരിൽപ്പീഡഭാവം;
ഇന്നയ്യോ ഞാൻ വലഞ്ഞൂ! കയറുക വിഷമം,
വീണു പോയില്ല ഭാഗ്യം!

കല്ലും വേരും തടഞ്ഞും, പലകുറി വഴിയിൽ-
ത്തൂങ്ങിനിന്നും, ചിലപ്പോൾ
നില്ലാതേ വന്നു പോകും ജനതതിയൊഴുകും
മട്ടിൽ ഞാനും തുഴഞ്ഞും
വന്നൂ ഞാൻ പുണ്യവാളാ,  തിരുമുടി തൊടുവാൻ,
എന്റെ പാപങ്ങളെല്ലാം
പിന്നിട്ടാ പീഡയാത്രാവഴികളിൽ വിതറി-
പ്പോന്നുഞാനെത്രയാണോ!
കുന്നിന്മോളിൽപ്പടുത്താപ്പഴമപണിയുവാ-
നൊട്ടുപേർ നിൻ മഹത്വം
സ്വന്തം തോളിൽ ചുമന്നും മലയുടെ നെറുകേൽ
പള്ളിയായ്ത്തീർത്തു വച്ചൂ
നീ തൊട്ടപ്പോൾച്ചുരന്നൂ പ്രകൃതിയുടെ ജലം
കല്ലിലും! നിന്നു പോകാ-
തിന്നും വീഴ്ത്തുന്നു തീർത്ഥം, മലകയറിവരു-
ന്നോർക്കു നീ തീർത്ത ലേപം!

എന്നാലും പുണ്യവാളാ, കൊടുമുടി മുഴുവൻ
കുന്നിലും കുന്നുപോൽ ഹാ!
വാന്നോരെല്ലാം ചുമക്കും കുരിശുകൾ നിരയായ്-
ക്കെട്ടി ഞാത്തുന്നിതെന്തേ?
കൊല്ലാതേ കൊല്ലുവാനായ്പ്പണിതിതു മനുജൻ,
ദൈവപുത്രന്റെ ജീവൻ
വല്ലാതേ നൊന്തുമാഴ്കേ, പെരുമ പണിതൊരീ
ആയുധത്തിന്നു വാഴ്ത്തോ?

Wednesday, February 10, 2016

ജനകീയ കവി!

ജനകീയ കവി!

ചുളുവിൽച്ചില കോമരങ്ങൾ ഹേ,
കളവായ് വാളു കുലുക്കി നിൽക്കവേ,
കളികണ്ടു മടുത്തു; മാരണം
മലയാളത്തറവാടിവർ ചുടും.


ജനകീയകവിക്കു ഭൂഷണം
ദിനവും മോന്തിയിൽ മദ്യസേവതാൻ
പടുപാട്ടുകൾ പാടി സിദ്ധിയാർ-
ന്നൊടുവിൽ വീണതു വിഷ്ണുലോകവും.

വെളിവായുണരുന്ന നേരമോ
തെളിയും ബുദ്ധിയിൽ നാലു വാക്കുകൾ
മൊഴിയും മൊഴിമുത്തുമായയാൾ
വഴിയേതും കയറും, കടന്നിടും

കവിയായ് ജനകീയനായ് സ്വയം
അവരോധിച്ചു വിധിച്ചു വാണിടാൻ,
വളരാൻ വഴിവെട്ടി മാറ്റിടാൻ
വിവിധം വേലകൾ ചെയ്തു നിന്നയാൾ.

വഴിവക്കിലിടയ്ക്കു കണ്ടിടും
കവിയായ് ജന്മമെടുത്ത സിദ്ധരെ
വഴിമാറിനടന്നിതന്ധനാ-
യൊഴിയും ബുദ്ധി, കുബുദ്ധി രാക്ഷസൻ!

ജനകീയ കവിത്വമോ? വെറും
ചവറാണിക്കപടം കടും തുടി
പനപോലെ വളർന്നു പൊങ്ങുപോ-
ലടിയും നിന്റെയുറഞ്ഞ പാഴ്ത്തടി

ശരിയാണു കവിക്കു മേലിടും
വരയൻ കോട്ടിനുമപ്പുറം നിജം
കറവീണു കറുത്തു പോയൊരാ
കരളിൻ കാളിമ കണ്ടു നഗ്നമായ് !

Monday, November 16, 2015

ശങ്കര ചരിതം

ശങ്കര ചരിതം
ഒരുനാൾ പുലർവേളയിൽ മഹാ-
ഗുരുവാം ശങ്കരനെത്തി വീഥിയിൽ
പ്രിയ ശിക്ഷ്യരുമൊത്തു ഗംഗതൻ
പുളിനം നോക്കി നടന്നു നീങ്ങയാം
ഇരുളൊട്ടു കിനിഞ്ഞിറങ്ങുമാ-
ച്ചരുവിൽ ശാദ്വലമേടു താണ്ടിയും
പുലരിക്കതിർ നീട്ടിസൂര്യനോ
വരവായ് ദിക്ജയപാലകൻ; ഭവാൻ!
എതിരേയരികത്തണഞ്ഞിടു-
ന്നൊരു ചണ്ഡാലനതിക്രമം നിജം
കഥയെന്തിതധ:കൃതൻ ജളൻ
നെറികേടൊട്ടു തൊടുത്തു വന്നതോ?
“മമ മാർഗ്ഗമെതിർത്തടുക്കുവാൻ
വഴിയായ് വന്നതിനെന്തു ഹേതു? ഹേ,
വഴി മാറുക, വിപ്രജാതിയെ-
ത്തഴയും നിൻ വഴി തീർച്ച ധാർഷ്ട്യമാം.”
ഇതു കേട്ടു നമിച്ചു ,നീചനോ
മൊഴിയുന്നീവിധ: “ മങ്ങു നോക്കണേ
വഴിമാറ്റുകയെന്തിതെന്നിലും
നിറയും മജ്ജനിബദ്ധ ദേഹമോ,
ക്രിമികീടജനുസ്സിലെന്തിലും
മരുവുന്നേക പരം മഹസ്സതോ?
ഒഴിവാക്കുകയാരെ,യെങ്ങുമേ
പ്രകടം പ്രാഗ്ഭവരൂപ,മെങ്ങനെ?
നിറദിപ്തി ചൊരിഞ്ഞു സൂര്യനോ
തെളിയും ഗംഗയിലെങ്കിലും തഥാ
ചളിനീർ പ്രതിബിംബമാകിലും
കുറയോലാത്ത മഹാ പ്രദീപ്തി താൻ......"
മൊഴിമുട്ടി മറന്നു നിന്നുപോ-
യിഴയും ജാതിയിൽ നിന്നു ദീപ്തമാം
ഒളി പൊട്ടിവിടർന്ന ചിന്തയിൽ-
പ്പടരും സത്യമറിഞ്ഞ ശങ്കരൻ .
* *
എങ്കിലും കാലം കടന്നുപോകേ
ശങ്കയോലാതെ പറഞ്ഞു മാളോർ,
ശങ്കരൻ കേട്ടു പഠിച്ച ഭാഷ്യം
ചൊന്നവൻ ചണ്ഡാളനല്ലപോലും,
വിപ്രന്റെ ചിന്തയിൽ വിത്തുപാകാൻ
ശക്തനാം ശങ്കരൻ* വന്നതത്രേ!
*ശിവൻ
വൃത്തം : വിയോഗിനി (അവസാന ആറു വരി ഒഴികേ)

Sunday, November 1, 2015

മലയാള മഹോത്സവം!

മലയാള മഹോത്സവം!
മാലേറേയുണ്ട്; മലയാളമഹോത്സവത്തിൻ
നാളാണതിന്ന്, പൊളിവായ്ക്കുര പൊങ്ങിടുന്നൂ!
പാഴേറേയുണ്ട്; പഴിയാർക്ക്? പിറന്ന മക്കൾ-
ക്കാലസ്യമാണു മുഖമുദ്ര മുടിഞ്ഞ മൌനം!
ചിത്രം! പഠിച്ചു വളരാൻ പരഭാഷ പഥ്യം
തൊട്ടാൽക്കുളിച്ചു ഞെളിയും മലയാള പുച്ഛം
തീണ്ടില്ല തീർച്ച, വഴിമാറി നടന്നു സർക്കാർ
വിദ്യാലയപ്പടി, കടന്നതു ജോലി തേടാൻ.
പി എസ് സി തന്നെ ശരണം, ശരി ജോലിയെന്നാൽ
സർക്കാർ തലത്തിൽ വരണം; വഴി മാന്തിടേണം
ഇല്ലില്ല ഭാഷ വളയില്ലയടഞ്ഞ മാർഗ്ഗം
മെല്ലെത്തുറന്നു ലളിതം സിലബസ്സു മാറ്റം*
എന്തിന്നു ഭാഷ? മലയാള മഹാരഥന്മാർ
കണ്ടില്ലയോ കളി? കളിച്ചതു ചൂതു തന്നെ!
തണ്ടോടെ വെട്ടി മലയാളമെടുത്തു മാറ്റി-
ക്കൊണ്ടാടിടുന്നു മലയാള മഹോത്സവങ്ങൾ!
“ഞാനാണു ഭാഷ, കല, കാവ്യ മഹാൽഭുതം താ-
നാളില്ല മീതെ മമ മേന്മ മതിപ്പു“ കാക്കാൻ
ചേലൊത്തണിഞ്ഞ ചില തൊങ്ങൽ കുലുക്കി നില്പൂ-
ണ്ടാളേറെ ഹായ്! മലയാണ്മ! മടുത്തിടുന്നു.
…………………………………………………………………..
*അറിയുക, പി എസ് സി പരീക്ഷകൾക്ക് മേൻപൊടിക്കുണ്ടായിരുന്ന പത്തു മാർക്കിന്റെ മലയാള ഭാഷാ പരിജ്ഞാനം പരീക്ഷിക്കുവാനുള്ള ചോദ്യങ്ങളും സിലബസ്സ് പർഷ്കാരത്തിന്റെ മറവിൽ ഇപ്പോൾ എടുത്തു മാറ്റി. സർക്കാർ ജോലിക്ക് മാതൃഭാഷാ പരിജ്ഞാനം അഭിലഷണീയം പോലുമല്ലെന്നർത്ഥം.
ഇതു മലയാളം പഠിക്കാതെ വളഞ്ഞു പോയ ഇംഗ്ലീഷ് മീഡിയം ഉല്പന്നങ്ങളെ രക്ഷിക്കുവാനല്ലാതെ മറ്റെന്തിനു വേണ്ടി?

Tuesday, July 7, 2015

ശിഖരണിയിൽത്തീർത്ത മലർത്തൊത്തുകൾ

ശിഖരണിയിൽത്തീർത്ത
മലർത്തൊത്തുകൾ


മലർത്തൊത്തോ തൊട്ടേൻ !
          കുതുകഭരിതം ചെറ്റു കുതറി-
പ്പറക്കാൻ നീയായും നിമിഷ-
         മിടയും കൺ മുനകളാൽ
തറച്ചോ തെറ്റാതെൻ ഹൃദയ-

         മഴകേ? നിന്റെ ചിറകിൽ
ക്കൊരുത്തീടായ്കിന്ന് പ്രിയ

       ഖഗവരാ, എന്നെ സദയം!

മലർത്തൊത്തും മൊത്തും നവ-
      ഹിമകണം കാണ്മു, പുലരി-
ക്കതിർക്കാമ്പും കത്തിപ്പകൽ വരി-
      കയായ്, കർമ്മകുശലൻ
രഥാരൂഢം ഗൂഢം ധരയിലെ-
      യിരുൾത്തേർ തടയുവാൻ
മടുക്കാതെന്നെന്നും ഗിരിനിര-
       കയറുന്നു സുകൃതം!

മലർത്തൊത്തിൽത്തട്ടിച്ചിറ-
      കടികളാൽ ഭൃംഗനിരകൾ
ചലിക്കുന്നൂ ചിത്രം! ചടുലതര-
      മതിൻ ലാസ്യ നടനം
ഇളം കാറ്റിൻ തോറ്റം കുളിരു-
     ചൊരിയും രംഗമിതുപോൽ
ചിലർക്കൊക്കും നിത്യം പ്രിയതര-
     മതിൻ ഭംഗി നുകരാൻ!

---------------------------------------------------------------------
കുറിപ്പ്: ശിഖരണി ഒരു സംസ്കൃതവൃത്തമാണു്. ആവൃത്തത്തിലെഴുതിയ മൂന്നു ശ്ലോകങ്ങൾ.
മലർത്തൊത്ത് = പൂമൊട്ട്, ശിഖരിണിയുടെ താളം വായിച്ചാൽ മാത്രം പിടികിട്ടില്ല. ചൊല്ലിക്കേൾക്കണം!

Tuesday, April 28, 2015

കുന്നിമുത്തുകൾ

കുന്നിമുത്തുകൾ

‘വേവും നീറ്റലടക്കി വച്ചു കിളിയേ, നിൻ-
കൂടണഞ്ഞിന്നു ഞാൻ‘
ആവോളം ചിരി ചുണ്ടിലേറ്റി ഉപചാ-
രം ചൊല്ലി വന്നാളവൾ
സ്വർണ്ണത്തൂവലിനാൽ‌പ്പൊതിഞ്ഞു വധുവായ്
പൊന്നിൻ കതിർക്കൂമ്പുപോൽ
നിന്നൂ, അമ്മപിതാവുബന്ധു സവിധൌ
മിന്നൽക്കൊടിത്തെല്ലുപോൽ!


കയ്യിൽത്താലമെടുത്തു വന്നു സഖിമാർ-
ക്കൊപ്പം നടക്കുമ്പൊഴാ
മെയ്യിൽ‌പ്പൊന്നൊളി മിന്നിടുന്നു, വെയിലിൽ-
ത്തൂവേർപ്പണിഞ്ഞോ മുഖം?
തയ്യാറായ് നിറദീപജാലമവിടം
നാദസ്വരം, മേളവും
നെയ്യാമ്പൽത്തളിരൊത്ത നിന്റെയുടലിൽ
വീണൂ മലർമാല്യവും.

സന്തോഷാശ്രു പൊഴിച്ചിടുന്നു, ഹൃദയം
തൊട്ടേ തലോടു,ന്നിവൾ-
ക്കെന്നും സാന്ത്വനമായി നിന്ന
ജനനീ സായൂജ്യ,മീസംഗമം.
സ്വന്തം തൂവൽ പറിച്ചെടുത്തു മകളെ-
ച്ചൂടിച്ചു, വെൺചന്ദന-
ക്കാന്തിക്കൂട്ടിലുരച്ചെടുത്തു കറപ-
റ്റാതെപ്പൊഴും കാത്തവർ.

മുന്നിൽത്താതനുതിർന്നിടുന്ന മിഴിനീ-
രൊപ്പുന്നിടം കയ്യിനാൽ,
കന്യാദാനമെടുത്തു നൽകി വിറയാർ-
ന്നീടും വലം കയ്യിനാൽ.
പിന്നിൽ വായ്ക്കുര പൊങ്ങിടുന്നു, പനിനീർ
തൂവു,ന്നിലത്താലിയിൽ
പൊന്നിൻ നൂലിഴ കോർത്തുകെട്ടി വധുവേൽ-
ക്കുന്നൂ വരൻ വേദിയിൽ.

പിന്നെത്താതനു മുന്നിലെത്തി പതിയെ-
ത്തേങ്ങിക്കരഞ്ഞാളവൾ;
തന്നെപ്പോറ്റിയ തൃപ്പദങ്ങൾ തൊടുവാ-
നായുന്നു, താങ്ങുന്നയാൾ.
വിങ്ങിപ്പൊട്ടിന മാതൃമേനി മുറുകെ-
പ്പൂണും, പ്രിയപ്പെട്ടതൻ
കുഞ്ഞിക്കൂട്ടിനകത്തു നിന്നു വിടചൊ-
ല്ലീടാൻ കുഴങ്ങുന്നവൾ.

വർണ്ണത്തൊങ്ങൽ പറന്നിടുന്നു, കളിവാ-
ക്കോതുന്നു നിൻ കൂട്ടുകാർ,
കണ്ണീർപ്പൂക്കൾ തുടച്ചുമാറ്റി വിടവാ-
ക്കോതാതെ നീ പോവുക.
അങ്ങേക്കൂട്ടിലൊരുക്കിവയ്ക്ക, മൃദുലം
സ്നേഹം, ദയാസൌരഭം
എണ്ണിക്കൂട്ടിയ കുന്നിമുത്തു വെറുതേ
തൂവട്ടെ ഞാൻ; ഭാവുകം!