Friday, August 19, 2011

പത്രാധിപര്‍ക്കൊരു കത്ത്


പ്രിയ പത്രാധിപര്‍,

കണ്ടേന്‍ താങ്കളയച്ചു തന്ന കവിതാ സംശോധന സത്തയുള്‍-
ക്കൊണ്ടെന്‍ കണ്ണു നിറഞ്ഞുപോയി! കവിതാ മാര്‍ഗ്ഗം തുലോം ദുഷ്ക്കരം.
ചിന്തേരിട്ടു ചിതപ്പെടുത്തി, കഴിയും മട്ടില്‍ പ്പണിഞ്ഞീടിലും
കുണ്ടാമണ്ടികള്‍ തീര്‍ന്നിടില്ല, കവനം നിര്‍ത്താനുമാവില്ലിനി.

നന്നായ് മുങ്ങിയെടുത്തുവച്ച പതിരിന്‍ കെട്ടൊക്കെ സൌഭാഗ്യമായ്,
നന്നായ് വന്നിതു ഭാവിയില്‍പ്പലതുമെന്‍ ഭാഷയ്ക്കു കൂട്ടായിടും.
മങ്ങിക്ലാവുപിടിച്ചിടാത്ത കവിതാ പാദങ്ങള്‍ തീര്‍ത്തീടുവാ-
നങ്ങിന്നെന്നെയനുഗ്രഹിച്ചു, പകരം ഞാനെന്തു നല്‍കീടുവന്‍!

കില്ലില്ലില്ലതിനേതുമേ തവ മഹത് പാണ്ഡിത്യവും ഭാഷതന്‍-
മല്ലും മറ്റൊരു വ്യക്തിയില്‍ പ്രിയ ഗുരോ, സാക്ഷ്യപ്പെടുത്തെണ്ടിനി
ഒന്നേയുള്ളൊരു സങ്കടം പദദളം ഞെക്കിപ്പിഴിഞ്ഞീടവേ
ഉള്ളില്‍ത്തേന്‍ മധു കണ്ടുവോ, പറയുവാനെന്തേ മറന്നൂ ഭവാന്‍?

കില്ലില്ലില്ലതിനേതുമേ തവ മഹത് പാണ്ഡിത്യവും ഭാഷതന്‍-
മല്ലും മറ്റൊരു വ്യക്തിയാല്‍ പ്രിയ ഗുരോ, സാക്ഷ്യപ്പെടുത്തെണ്ടിനി
ഒന്നേയുള്ളൊരു സങ്കടം പദദളം ഞെക്കിപ്പിഴിഞ്ഞീടവേ
ഉള്ളില്‍ത്തേന്‍ മധു കണ്ടുവോ, പറയുവാനെന്തേ മറന്നൂ ഭവാന്‍?

അയ്യോ താങ്കള്‍ പറഞ്ഞ പോലെയതുലം ശ്ലോകങ്ങളുള്‍ക്കൊള്ളു,മാ
വന്‍ പേരാളുമതുല്യ മാസികയിലെന്‍ ശോകങ്ങള്‍ ചേര്‍ത്തീടൊലാ.
ഇല്ലില്ലിറ്റുമൊരാശ, കാവ്യമധുരത്തേനും കൊതിച്ചാരുമേ
ചെല്ലില്ലാച്ചെടി ഫുല്ലമാകുവതിനോ തെല്ലും തരം വന്നിടാ!

Wednesday, May 4, 2011

പ്രിയ സുഹൃത്തെ,

(എന്റെ ഒരു കവിസുഹൃത്ത് ഇന്നലെ അയച്ചു തന്ന 3 കവിതാ പുസ്തകങ്ങള്‍ക്ക്
നല്‍കിയ അഭിപ്രായക്കുറിപ്പ് )

കണ്ടേന്‍ താങ്കളയച്ചു തന്ന പുതുതാം
ഗ്രന്ഥങ്ങള്‍ മൂന്നെണ്ണവും
വന്ദിക്കുന്നു മഹാമനസ്കതയ്ക്കു, സദയം
തോന്നിച്ച ഭാവത്തിനും.
ഹൃദ്യം സുന്ദരമെന്നു ചൊല്ലി ചതുരം
പാഴ്വാക്കുരക്കാതെ യീ-
പദ്യം ഗദ്യസമുച്ചയക്കവിതതന്‍
ദോഷം വരയ്ക്കട്ടെ ഞാന്‍!

ദ്വേഷം തോന്നരുതൊട്ടുമേ, പഴമയെ-
പ്പുല്‍കുന്നൊരെന്‍ ഹൃത്തിലെ-
ദ്ദാഹം കൊണ്ടുപറഞ്ഞിടുന്നു, കവിതയ്ക്കീണം
മഹാ സദ് ഗുണം.
പാകം ചേര്‍ന്നു വരുന്നതില്ല, പകരം
ഗദ്യം പകര്‍ന്നീടുവാ-
നാകും ചെറ്റു കവിത്വമോ, കവിതയോ
കിട്ടാത്തൊരാള്‍ക്കും ദൃഢം.

പാകത്തെറ്റുകള്‍ വന്നിടാതെ കവിതാ
സ്വര്‍ഗ്ഗം ചമച്ചീടുവാ-
നാകും മട്ടു കൊരുത്തെടുത്ത നിയമം
കണ്ടെത്തുമെന്‍ ചിന്തകള്‍
സസ്നേഹം തവ സര്‍ഗ്ഗ സൃഷ്ടി തുടരും
നേരം വഴിത്താ‍രയായ്
നിന്നേക്കാമതു തുന്നിയിന്നു സവിധം
വയ്ക്കുന്നു നോക്കീടുക.

ആദ്യം കാവ്യമുറയ്ക്കണം, കവിതയില്‍-
ക്കൈവച്ചിടും മുമ്പതിന്‍
ഭാവം തീവ്രമരച്ചു ചേര്‍ത്തു കഴിയും
മട്ടില്‍ സ്ഫുടം ചെയ്യണം
ഹൃദ്യം വാക്കുകള്‍ വന്നിടട്ടെ, തനതാം
വാക്കിന്റെ ചെപ്പും തുറ-
ന്നേവം ചാരുത ചാര്‍ത്തിനിന്നു മൃദു
സംഗീതം പൊഴിച്ചീടണം

വൃത്തം വൃത്തിയണച്ചിടും കവിതയില്‍,
ച്ചെത്തിപ്പണിഞ്ഞീടുകില്‍
കൃത്യം നിര്‍ത്തണമക്ഷരം പലവിധം
പാദം പണിഞ്ഞീടൊലാ
പദ്യം ഹൃദ്യപദസ്വനത്തിലഴകായ്-
ത്താളം ചവിട്ടീടണം
പാദം രണ്ടിലുമൊന്നുപോലെ പദ-
സംഗീതം മുഴങ്ങീടണം.

വേണം വായന നിര്‍ത്തിടാതെ തുടരാ-
നാകര്‍ഷകത്വം, വൃഥാ
കാണും വാക്കുകളൊക്കെയേറ്റി മുതുകില്‍
ഭാരം നിറച്ചീടൊലാ.
ഊനം പറ്റരുതൊട്ടുമേ നിയതമാം
താളം തികച്ചീടവേ
ന്യൂനം തോന്നിയ ശീലുകള്‍പ്പുനരതില്‍
ചൊല്ലിപ്പതിച്ചീടണം.

കണ്ണില്‍ക്കണ്ണു തെളിക്കണം തെളിമയോ-
ടൂറുന്ന നീരാല്‍ സ്വയം
മുങ്ങും സ്വച്ഛജലപ്പരപ്പി,തൊഴുകും
തണ്ണീര്‍ത്തടം തീര്‍ക്കണം
തിണ്ണം ചെന്നു തുറക്കണം കൊടിയതാം
താഴിട്ട പൂട്ടൊക്കെയും
മങ്ങിക്ലാവു പിടിച്ചിടാതെ കവിതേ ,
കാലില്‍ച്ചിലമ്പേറ്റുക !

Thursday, April 28, 2011

പുതുവര്‍ഷപ്പുലരി

***********

പിന്നില്‍പ്പിഞ്ഞിയ പോയകാല ഹതമോ-
ഹങ്ങള്‍, പഴമ്പാട്ടുകള്‍
തുന്നിക്കൂട്ടിയൊരുക്കി വച്ച സുലഭം
സ്വപ്നങ്ങള്‍, വന്‍ വീഴ്ച്ചകള്‍
എല്ലാം തള്ളിയകറ്റിയും പകരമി-
ക്കാലപ്പെരുക്കത്തിലെ-
ന്നുള്ളം കൊട്ടിയുണര്‍ത്തിടട്ടെ! പുലരും
രാവിന്‍ ചിലമ്പിന്‍ ഝിലം.

വെണ്‍ മേഘത്തിനു കുകുമഛവി പകര്‍ -
ന്നീടുന്നു പൂര്‍വ്വാംശുമാന്‍
ചെമ്മേ വന്നു തലോടി പൊന്‍പുലരിതന്‍
പൂഞ്ചായല്‍ പൂശീടവേ
മണ്ണില്‍ക്കത്തിയമര്‍ന്നു പോയ ഗതകാ-
ലത്തിന്‍ നഖപ്പാടുകള്‍,
കണ്ണീര്‍ക്കാഴ്ച്ചകള്‍ എണ്ണിമൂടി പുതുതാം
സ്വപ്നങ്ങളെത്തുന്നിടാം.

വര്‍ണ്ണത്തൂവലെനിക്കു വേണമൊരുനാള്‍
ഞാനിട്ടി പൂവിത്തുകള്‍
മണ്ണില്‍പ്പൊട്ടി മുളച്ചു പൊന്‍ കതിരിടും
ചിത്രം വരച്ചീടുവാന്‍
ഇന്നീ പൊന്നുഷസന്ധ്യതന്‍ കുളിരുമാ-
യെത്തുന്ന വര്‍ഷാഗമം
കണ്ണില്‍ത്തീര്‍ത്തു തെളിച്ചിടട്ടെ പുതുതാം
വര്‍ണ്ണക്കുറിക്കൂട്ടുകള്‍ !!

കണ്ടോ..?

കണ്ടോ, നിങ്ങളിതന്തിയില്‍ത്തെളിയുമീ-
നക്ഷത്ര ജാലം, നിശാ-
നിദ്രായാമമണഞ്ഞിടുന്നതുവരെ-
പ്പൊട്ടിച്ചിരിച്ചിങ്ങനെ
കണ്ടോ, ലോകമുറങ്ങിടുന്നൊരിരവില്‍
മൂകാന്ധകാരം പടര്‍-
ന്നുണ്ടാകുന്ന കൊടും വിഷാദ മഖിലം
കണ്ണില്‍ നിറച്ചിങ്ങനെ?



കണ്ടോ,യിന്ദു മുഖാംബുജത്തെളിമയും,
രാഗാര്‍ദ്ര ഭാവങ്ങളും,
സന്ധ്യാ സുന്ദര മുഗ്ദ്ധ ഭാവമഴകും,
തീര്‍ക്കുന്ന തേരോട്ടവും?
കണ്ടോ പിന്നെയണിഞ്ഞിടുന്ന വിരഹം
ചെഞ്ചോപ്പു മായിച്ചതും,
കണ്ടോ പൊന്‍ മുഖകാന്തിയില്‍ത്തെളിയുമാ
തീരാക്കളങ്കങ്ങളും?

പിന്നെ സ്സൂര്യനണഞ്ഞിടുന്നതുവരെ-
ക്കണ്‍കോണിലേകാന്തമായ്
കണ്ണീരിറ്റുവെളിച്ചവും, കരുണയും
തൂകിത്തിളങ്ങുന്നതും
കണ്ടാലത്ഭുതമേറെയുണ്ടു കുതുകാ-
ലെന്തോ തിരഞ്ഞിന്നു ഞാന്‍
കണ്ടൂ സ്വച്ഛ നിശാന്തരീക്ഷ സഖരെ-
ക്കണ്ണില്‍ നിറച്ചിങ്ങനെ!

Tuesday, April 26, 2011

വസന്ത മാലിക !

********************


പുലരിക്കതിരേറ്റുണര്‍ന്നു വാനം
പുളകം പൂണ്ടുണരുന്നു ഫുല്ല ജാലം
പുതുമഞ്ഞുമണിഞ്ഞു പുല്ലു പോലും
മൃദുലം മെത്തകള്‍തീര്‍ത്തു നില്‍പ്പു നീളേ!

കുയിലിന്‍ മൊഴി കൊച്ചു കൂട്ടുകാര്‍ വന്‍-
പ്രിയമോടേറ്റു പറഞ്ഞു നിന്ന മേളം
അളി വേണിക,ളീറനോടെ മന്ദം
കളഭം ചാര്‍ത്തി നടന്നു നീങ്ങിടുന്നു.

പുഴ,യോളമുണര്‍ന്നു താളമോടാര്‍-
ത്തൊഴുകും ഗീതമുയര്‍ന്നു കേള്‍പ്പുവെങ്ങും
കരയില്‍ ത്തരുരുശാഖ മെല്ലെയാട്ടി-
ച്ചിരിതൂകും സഖിയാളെ നോക്കി നില്പൂ.

ചെറു പയ്യുകള്‍ കൂട്ടുകൂടിയോടി-
ക്കറുകപ്പുല്‍ക്കൊടി തിന്നു മേഞ്ഞിടുന്നു
ഇടയില്‍ച്ചെറു കണ്ണിറുക്കി കൂകൂ-
രവമോടേ കുറുകും കപോത വൃന്ദം.

ഇതു നാള്‍ വഴി! മണ്മമറഞ്ഞു, കാല-
ച്യുതിയില്‍ക്കാഴ്ച്ചകള്‍ മങ്ങി മാഞ്ഞുവെന്നോ
വിഷമായ,മുടച്ചു വാ‍ര്‍ത്ത ലോക-
തൃഷകള്‍ കൊട്ടിയടച്ച ഭംഗി, ഭാഗ്യം.

Sunday, April 24, 2011

ഉയിര്‍പ്പിന്നു കണ്‍പാര്‍ത്ത്

ഉയിര്‍പ്പിന്നു കണ്‍പാര്‍ത്ത്


എന്തേ ക്രിസ്തുവുയിര്‍ത്തുവോ? പലരുമാ
വസ്ത്രാഞ്ചലം കീറിയും,
കുന്തക്കുര്‍മ്മുന കേറ്റിയും കുരിശിലേ-
ക്കന്നാനയിച്ചീലയോ,
ചിന്തിച്ചാല്‍ച്യുതി തോന്നിടും, തിരുപിതാ-
വിന്നും തവപ്പുത്രനെ-
ബ്ബന്ധിച്ചിട്ടു വലച്ചിടുന്നു, കുരിശാ-
ണെന്നും മകന്നാശ്രയം!

വന്‍ പാപങ്ങള്‍ തടുത്തതില്ല, കെടുതാം
ജന്മങ്ങള്‍, ചാ‍വേറുകള്‍
നിന്‍പാപം സ്വയമുള്ളിലാക്കി നിതരാം
നീറുന്നുവെന്റീശ്വരാ‍.
അന്‍പേറും മുഖ കാന്തിമങ്ങി, നെടുനാള്‍
ക്രൂശില്‍ക്കിടന്നാര്‍ത്തനായ്
തന്‍ മൃത്യുഞ്ജയ പൊന്‍പ്രാഭാത കിരണം
കാക്കുന്നുവോ ക്രിസ്തുവേ?

ശാര്‍ദ്ദൂല വിക്രീഡിതം