Monday, November 16, 2015

ശങ്കര ചരിതം

ശങ്കര ചരിതം
ഒരുനാൾ പുലർവേളയിൽ മഹാ-
ഗുരുവാം ശങ്കരനെത്തി വീഥിയിൽ
പ്രിയ ശിക്ഷ്യരുമൊത്തു ഗംഗതൻ
പുളിനം നോക്കി നടന്നു നീങ്ങയാം
ഇരുളൊട്ടു കിനിഞ്ഞിറങ്ങുമാ-
ച്ചരുവിൽ ശാദ്വലമേടു താണ്ടിയും
പുലരിക്കതിർ നീട്ടിസൂര്യനോ
വരവായ് ദിക്ജയപാലകൻ; ഭവാൻ!
എതിരേയരികത്തണഞ്ഞിടു-
ന്നൊരു ചണ്ഡാലനതിക്രമം നിജം
കഥയെന്തിതധ:കൃതൻ ജളൻ
നെറികേടൊട്ടു തൊടുത്തു വന്നതോ?
“മമ മാർഗ്ഗമെതിർത്തടുക്കുവാൻ
വഴിയായ് വന്നതിനെന്തു ഹേതു? ഹേ,
വഴി മാറുക, വിപ്രജാതിയെ-
ത്തഴയും നിൻ വഴി തീർച്ച ധാർഷ്ട്യമാം.”
ഇതു കേട്ടു നമിച്ചു ,നീചനോ
മൊഴിയുന്നീവിധ: “ മങ്ങു നോക്കണേ
വഴിമാറ്റുകയെന്തിതെന്നിലും
നിറയും മജ്ജനിബദ്ധ ദേഹമോ,
ക്രിമികീടജനുസ്സിലെന്തിലും
മരുവുന്നേക പരം മഹസ്സതോ?
ഒഴിവാക്കുകയാരെ,യെങ്ങുമേ
പ്രകടം പ്രാഗ്ഭവരൂപ,മെങ്ങനെ?
നിറദിപ്തി ചൊരിഞ്ഞു സൂര്യനോ
തെളിയും ഗംഗയിലെങ്കിലും തഥാ
ചളിനീർ പ്രതിബിംബമാകിലും
കുറയോലാത്ത മഹാ പ്രദീപ്തി താൻ......"
മൊഴിമുട്ടി മറന്നു നിന്നുപോ-
യിഴയും ജാതിയിൽ നിന്നു ദീപ്തമാം
ഒളി പൊട്ടിവിടർന്ന ചിന്തയിൽ-
പ്പടരും സത്യമറിഞ്ഞ ശങ്കരൻ .
* *
എങ്കിലും കാലം കടന്നുപോകേ
ശങ്കയോലാതെ പറഞ്ഞു മാളോർ,
ശങ്കരൻ കേട്ടു പഠിച്ച ഭാഷ്യം
ചൊന്നവൻ ചണ്ഡാളനല്ലപോലും,
വിപ്രന്റെ ചിന്തയിൽ വിത്തുപാകാൻ
ശക്തനാം ശങ്കരൻ* വന്നതത്രേ!
*ശിവൻ
വൃത്തം : വിയോഗിനി (അവസാന ആറു വരി ഒഴികേ)

Sunday, November 1, 2015

മലയാള മഹോത്സവം!

മലയാള മഹോത്സവം!
മാലേറേയുണ്ട്; മലയാളമഹോത്സവത്തിൻ
നാളാണതിന്ന്, പൊളിവായ്ക്കുര പൊങ്ങിടുന്നൂ!
പാഴേറേയുണ്ട്; പഴിയാർക്ക്? പിറന്ന മക്കൾ-
ക്കാലസ്യമാണു മുഖമുദ്ര മുടിഞ്ഞ മൌനം!
ചിത്രം! പഠിച്ചു വളരാൻ പരഭാഷ പഥ്യം
തൊട്ടാൽക്കുളിച്ചു ഞെളിയും മലയാള പുച്ഛം
തീണ്ടില്ല തീർച്ച, വഴിമാറി നടന്നു സർക്കാർ
വിദ്യാലയപ്പടി, കടന്നതു ജോലി തേടാൻ.
പി എസ് സി തന്നെ ശരണം, ശരി ജോലിയെന്നാൽ
സർക്കാർ തലത്തിൽ വരണം; വഴി മാന്തിടേണം
ഇല്ലില്ല ഭാഷ വളയില്ലയടഞ്ഞ മാർഗ്ഗം
മെല്ലെത്തുറന്നു ലളിതം സിലബസ്സു മാറ്റം*
എന്തിന്നു ഭാഷ? മലയാള മഹാരഥന്മാർ
കണ്ടില്ലയോ കളി? കളിച്ചതു ചൂതു തന്നെ!
തണ്ടോടെ വെട്ടി മലയാളമെടുത്തു മാറ്റി-
ക്കൊണ്ടാടിടുന്നു മലയാള മഹോത്സവങ്ങൾ!
“ഞാനാണു ഭാഷ, കല, കാവ്യ മഹാൽഭുതം താ-
നാളില്ല മീതെ മമ മേന്മ മതിപ്പു“ കാക്കാൻ
ചേലൊത്തണിഞ്ഞ ചില തൊങ്ങൽ കുലുക്കി നില്പൂ-
ണ്ടാളേറെ ഹായ്! മലയാണ്മ! മടുത്തിടുന്നു.
…………………………………………………………………..
*അറിയുക, പി എസ് സി പരീക്ഷകൾക്ക് മേൻപൊടിക്കുണ്ടായിരുന്ന പത്തു മാർക്കിന്റെ മലയാള ഭാഷാ പരിജ്ഞാനം പരീക്ഷിക്കുവാനുള്ള ചോദ്യങ്ങളും സിലബസ്സ് പർഷ്കാരത്തിന്റെ മറവിൽ ഇപ്പോൾ എടുത്തു മാറ്റി. സർക്കാർ ജോലിക്ക് മാതൃഭാഷാ പരിജ്ഞാനം അഭിലഷണീയം പോലുമല്ലെന്നർത്ഥം.
ഇതു മലയാളം പഠിക്കാതെ വളഞ്ഞു പോയ ഇംഗ്ലീഷ് മീഡിയം ഉല്പന്നങ്ങളെ രക്ഷിക്കുവാനല്ലാതെ മറ്റെന്തിനു വേണ്ടി?