Thursday, June 5, 2014

അടയാളം

അടയാളം

പുകമറ മാഞ്ഞു, തെളിഞ്ഞ ഭൂവിഹായ-
സ്സകലുകയായ് ദ്യുതി കാണ്മു ദൂരെയെങ്ങോ
ഘനമിരുൾ മാല വകഞ്ഞു മാറ്റി നിൽക്കും
കനകമയം ബഹുവർണ്ണലോകമാകാം.

കടമകളറ്റു, കടങ്ങളറ്റു ഭൂവിൽ
നടനമടങ്ങി, നടന്നു നീങ്ങിടുമ്പോൾ
പുനരൊരു ജീവിത പർവ്വമുണ്ട്; ഞാന-
ങ്ങണയുവതിന്നു, നിനച്ചിതുള്ളിൽ നിത്യം

വലിയൊരു പുസ്തകമുണ്ട് സൂക്ഷ്മമായി-
ട്ടെഴുതിവരുന്നു കണക്കു ചിത്രഗുപ്തൻ
കുനുകുനെ,യേടുകൾ തൊട്ടുനീക്കി നില്പു-
ണ്ടവിടെ, യിടക്കൊരു മാത്ര നോക്കിയെന്നെ.

പലകുറിയാക്കുറി പാളി നോക്കി ഞാനെൻ
വിലയറിയാനിഹലോകവാസ ചിത്രം
ഇറുകിയ കൺകളടച്ചു ചിത്രഗുപ്തൻ
പറയുകയായ് “ വില ശൂന്യമാണു നിന്റെ!“

“കയറുവതിന്നു നിനക്കു മാർഗ്ഗമില്ലി-
ക്കനകമയം പുനർജന്മസ്വർഗ്ഗ ഭൂവിൽ
നിയതമുണർത്തിയെടുത്തു വച്ചു നീയെ-
ന്തവനിയിൽ നിന്നടയാളമെന്തു നൽകി?

ജനിമൃതിനൂലിലിടയ്ക്കിടയ്ക്കു നീയോ
പണി പലതും ശരി ചെയ്തു കൂട്ടിയെന്നാൽ
നിജമതിലിന്നടയാളമായി മാറും
പൊഴുതുകളെത്രയറിഞ്ഞു വിത്തെറിഞ്ഞു?

അഘ,മഴൽ വാരി വിതച്ചു , നിന്നിൽ നേരിൻ
വിമുഖത കാട്ടി, വിളക്കണച്ചു മുന്നിൽ
മുഖപടമിട്ടു മറച്ചു വച്ചു, കർമ്മ-
ക്കടലുകൾ കണ്ടു കടന്നിടാതെ നിന്നു.

അറിയുക, നിന്നടയാളമാണു നീയെ-
ന്നയി മനുജാ! ഭുവി നട്ടുവച്ചു പോന്നു.
വിതയതു മണ്ണിൽമുളച്ചു പൊങ്ങിനിന്നെ-
ത്തിരയുമതാണു പുനർജ്ജനിച്ചയുണ്മ.“

വൃത്തം : മൃഗേന്ദ്രമുഖം