Tuesday, April 28, 2015

കുന്നിമുത്തുകൾ

കുന്നിമുത്തുകൾ

‘വേവും നീറ്റലടക്കി വച്ചു കിളിയേ, നിൻ-
കൂടണഞ്ഞിന്നു ഞാൻ‘
ആവോളം ചിരി ചുണ്ടിലേറ്റി ഉപചാ-
രം ചൊല്ലി വന്നാളവൾ
സ്വർണ്ണത്തൂവലിനാൽ‌പ്പൊതിഞ്ഞു വധുവായ്
പൊന്നിൻ കതിർക്കൂമ്പുപോൽ
നിന്നൂ, അമ്മപിതാവുബന്ധു സവിധൌ
മിന്നൽക്കൊടിത്തെല്ലുപോൽ!


കയ്യിൽത്താലമെടുത്തു വന്നു സഖിമാർ-
ക്കൊപ്പം നടക്കുമ്പൊഴാ
മെയ്യിൽ‌പ്പൊന്നൊളി മിന്നിടുന്നു, വെയിലിൽ-
ത്തൂവേർപ്പണിഞ്ഞോ മുഖം?
തയ്യാറായ് നിറദീപജാലമവിടം
നാദസ്വരം, മേളവും
നെയ്യാമ്പൽത്തളിരൊത്ത നിന്റെയുടലിൽ
വീണൂ മലർമാല്യവും.

സന്തോഷാശ്രു പൊഴിച്ചിടുന്നു, ഹൃദയം
തൊട്ടേ തലോടു,ന്നിവൾ-
ക്കെന്നും സാന്ത്വനമായി നിന്ന
ജനനീ സായൂജ്യ,മീസംഗമം.
സ്വന്തം തൂവൽ പറിച്ചെടുത്തു മകളെ-
ച്ചൂടിച്ചു, വെൺചന്ദന-
ക്കാന്തിക്കൂട്ടിലുരച്ചെടുത്തു കറപ-
റ്റാതെപ്പൊഴും കാത്തവർ.

മുന്നിൽത്താതനുതിർന്നിടുന്ന മിഴിനീ-
രൊപ്പുന്നിടം കയ്യിനാൽ,
കന്യാദാനമെടുത്തു നൽകി വിറയാർ-
ന്നീടും വലം കയ്യിനാൽ.
പിന്നിൽ വായ്ക്കുര പൊങ്ങിടുന്നു, പനിനീർ
തൂവു,ന്നിലത്താലിയിൽ
പൊന്നിൻ നൂലിഴ കോർത്തുകെട്ടി വധുവേൽ-
ക്കുന്നൂ വരൻ വേദിയിൽ.

പിന്നെത്താതനു മുന്നിലെത്തി പതിയെ-
ത്തേങ്ങിക്കരഞ്ഞാളവൾ;
തന്നെപ്പോറ്റിയ തൃപ്പദങ്ങൾ തൊടുവാ-
നായുന്നു, താങ്ങുന്നയാൾ.
വിങ്ങിപ്പൊട്ടിന മാതൃമേനി മുറുകെ-
പ്പൂണും, പ്രിയപ്പെട്ടതൻ
കുഞ്ഞിക്കൂട്ടിനകത്തു നിന്നു വിടചൊ-
ല്ലീടാൻ കുഴങ്ങുന്നവൾ.

വർണ്ണത്തൊങ്ങൽ പറന്നിടുന്നു, കളിവാ-
ക്കോതുന്നു നിൻ കൂട്ടുകാർ,
കണ്ണീർപ്പൂക്കൾ തുടച്ചുമാറ്റി വിടവാ-
ക്കോതാതെ നീ പോവുക.
അങ്ങേക്കൂട്ടിലൊരുക്കിവയ്ക്ക, മൃദുലം
സ്നേഹം, ദയാസൌരഭം
എണ്ണിക്കൂട്ടിയ കുന്നിമുത്തു വെറുതേ
തൂവട്ടെ ഞാൻ; ഭാവുകം!