Wednesday, May 4, 2011

പ്രിയ സുഹൃത്തെ,

(എന്റെ ഒരു കവിസുഹൃത്ത് ഇന്നലെ അയച്ചു തന്ന 3 കവിതാ പുസ്തകങ്ങള്‍ക്ക്
നല്‍കിയ അഭിപ്രായക്കുറിപ്പ് )

കണ്ടേന്‍ താങ്കളയച്ചു തന്ന പുതുതാം
ഗ്രന്ഥങ്ങള്‍ മൂന്നെണ്ണവും
വന്ദിക്കുന്നു മഹാമനസ്കതയ്ക്കു, സദയം
തോന്നിച്ച ഭാവത്തിനും.
ഹൃദ്യം സുന്ദരമെന്നു ചൊല്ലി ചതുരം
പാഴ്വാക്കുരക്കാതെ യീ-
പദ്യം ഗദ്യസമുച്ചയക്കവിതതന്‍
ദോഷം വരയ്ക്കട്ടെ ഞാന്‍!

ദ്വേഷം തോന്നരുതൊട്ടുമേ, പഴമയെ-
പ്പുല്‍കുന്നൊരെന്‍ ഹൃത്തിലെ-
ദ്ദാഹം കൊണ്ടുപറഞ്ഞിടുന്നു, കവിതയ്ക്കീണം
മഹാ സദ് ഗുണം.
പാകം ചേര്‍ന്നു വരുന്നതില്ല, പകരം
ഗദ്യം പകര്‍ന്നീടുവാ-
നാകും ചെറ്റു കവിത്വമോ, കവിതയോ
കിട്ടാത്തൊരാള്‍ക്കും ദൃഢം.

പാകത്തെറ്റുകള്‍ വന്നിടാതെ കവിതാ
സ്വര്‍ഗ്ഗം ചമച്ചീടുവാ-
നാകും മട്ടു കൊരുത്തെടുത്ത നിയമം
കണ്ടെത്തുമെന്‍ ചിന്തകള്‍
സസ്നേഹം തവ സര്‍ഗ്ഗ സൃഷ്ടി തുടരും
നേരം വഴിത്താ‍രയായ്
നിന്നേക്കാമതു തുന്നിയിന്നു സവിധം
വയ്ക്കുന്നു നോക്കീടുക.

ആദ്യം കാവ്യമുറയ്ക്കണം, കവിതയില്‍-
ക്കൈവച്ചിടും മുമ്പതിന്‍
ഭാവം തീവ്രമരച്ചു ചേര്‍ത്തു കഴിയും
മട്ടില്‍ സ്ഫുടം ചെയ്യണം
ഹൃദ്യം വാക്കുകള്‍ വന്നിടട്ടെ, തനതാം
വാക്കിന്റെ ചെപ്പും തുറ-
ന്നേവം ചാരുത ചാര്‍ത്തിനിന്നു മൃദു
സംഗീതം പൊഴിച്ചീടണം

വൃത്തം വൃത്തിയണച്ചിടും കവിതയില്‍,
ച്ചെത്തിപ്പണിഞ്ഞീടുകില്‍
കൃത്യം നിര്‍ത്തണമക്ഷരം പലവിധം
പാദം പണിഞ്ഞീടൊലാ
പദ്യം ഹൃദ്യപദസ്വനത്തിലഴകായ്-
ത്താളം ചവിട്ടീടണം
പാദം രണ്ടിലുമൊന്നുപോലെ പദ-
സംഗീതം മുഴങ്ങീടണം.

വേണം വായന നിര്‍ത്തിടാതെ തുടരാ-
നാകര്‍ഷകത്വം, വൃഥാ
കാണും വാക്കുകളൊക്കെയേറ്റി മുതുകില്‍
ഭാരം നിറച്ചീടൊലാ.
ഊനം പറ്റരുതൊട്ടുമേ നിയതമാം
താളം തികച്ചീടവേ
ന്യൂനം തോന്നിയ ശീലുകള്‍പ്പുനരതില്‍
ചൊല്ലിപ്പതിച്ചീടണം.

കണ്ണില്‍ക്കണ്ണു തെളിക്കണം തെളിമയോ-
ടൂറുന്ന നീരാല്‍ സ്വയം
മുങ്ങും സ്വച്ഛജലപ്പരപ്പി,തൊഴുകും
തണ്ണീര്‍ത്തടം തീര്‍ക്കണം
തിണ്ണം ചെന്നു തുറക്കണം കൊടിയതാം
താഴിട്ട പൂട്ടൊക്കെയും
മങ്ങിക്ലാവു പിടിച്ചിടാതെ കവിതേ ,
കാലില്‍ച്ചിലമ്പേറ്റുക !