Thursday, April 29, 2010

ഒരു പുഷ്പിതാഗ്രക്കവിത

ശശികലയുമണഞ്ഞു മുഗ്ദ്ധരാഗ-
ച്ഛവി പകരും മുഖമൊട്ടു മാച്ചു മന്ദം
പകല്‍ മറവതു നോക്കി നിന്നു രാവില്‍
പുളകമുണര്‍ത്തിയുയര്‍ന്നു പൊങ്ങുവനായ്


പുതിയ പുതിയ മേഘവൃന്ദമെങ്ങും
ദ്യുതിപകരും പകലോനെ നോക്കി നില്‍ക്കേ
ദിനകരനുമുദിച്ചു പൊങ്ങി മെല്ലെ-
ക്കനിവൊഴുകും കരദീപ്തിയാല്‍ത്തലോടി

കരിമുകിലിനുമംഗ ഭംഗി നല്‍കും
പരിവൃത ശോഭയിലാ ദിവാകരന്‍ പോല്‍
നിറയുമിവിടെ ഹാ! മയൂഖ ജാല-
ക്കരവിരുതാല്‍ ഭുവി ധന്യ ധന്യമാക്കും

തരു നിര , ചില താളമേളമോടാര്‍-
ത്തൊഴുകിടു,മാറുമുണര്‍ന്നു നിദ്ര നീങ്ങി
രഥമതിലുടയോനൊരുങ്ങി രഥ്യ-
ക്കതു പകരും പല ജീവതാളമെങ്ങും !


അകലെയകലെയാര്‍ത്തലച്ചു മേഘ-
പ്പുഴയഴകായ് മല മുക്കി നീങ്ങിടുന്നു
കൊടുമുടിയിടയില്‍ ചിരിച്ചു പൊങ്ങി
കുതുകമോടിക്കളി കണ്ടു നിന്നിടുന്നു

പല പല നിറമായ്‌ വിടര്‍ന്ന ഫുല്ല-
സ്മിതവുമുണര്ന്നിതു വന്യഭംഗിയോടെ
കുനുകുനെ ചിറകിട്ടടിച്ചു കുഞ്ഞി -
ക്കിളികളിതാ ,മൃതുഗാനമൂതിടുന്നു

ഝിലഝിലമുതിരും ചിലങ്കനാദ-
പ്രചുരിമായാം നറു ചോല ചേലയാക്കി
ഗിരിനിര നിതരാം നിവര്‍ന്നു നില്‍പ്പൂ
ഇതുവിധമാമഴകാരു തീര്‍ത്തു വച്ചൂ !!

Monday, April 19, 2010

മത്തേഭ കവിതകള്‍

പാടം തകര്‍ത്തു മട പൊട്ടിപ്പുളഞ്ഞൊഴുകി, ഞാനെന്തു ചെയ്വു കിളിയേ
ചോടട്ടുപോയി മമ ഞാറൊക്കെയും കതിരുകാണാതുറങ്ങി വെറുതേ
പാടേ കൊഴിഞ്ഞ പടു സ്വപ്നങ്ങള്‍ ചിക്കി തവ നേരം കളഞ്ഞിടുകയോ
പാടിപ്പറന്നിടുക, ദൂരേ തിരഞ്ഞിടുക കാലം തരട്ടെ തിനകള്‍
-മത്തേഭം - zreeja

നീ കൊയ്തെടുത്ത തിനയാകെ നിറഞ്ഞു നിറയായെന്റെ കണ്ണു നിറയേ
തൂകുന്നതെന്തു? കതിര്‍ കാണാതടങ്ങിയമനം ഹാ!യുണര്‍ന്നു കിളിയേ !
ആകാം പകുത്തു പതിരാകെ പറത്തിയിതു ഞാനും കുറച്ചു കൊതിയാര്‍-
ന്നാഹ്ലാദമോടെ മമ കൊക്കാല്‍ കൊറിയ്ക്കുവതിനായ് വന്നു, നന്ദി കിളിയേ!

(മത്തേഭം ) - shaji

കാറ്റില്‍ പടര്‍ന്നതൊരു പാട്ടിന്‍ കളിമ്പമതിലാര്‍ത്തുല്ലസിച്ചു കിളികള്‍
നീറ്റല്‍ മറന്നു, മുകിലൂറ്റം പൊഴിച്ചു നെടുവീര്‍പ്പിട്ടുടഞ്ഞൊരിരവില്‍
ചാറ്റല്‍ നനഞ്ഞു കളിയേറ്റം തുടര്‍ന്നു, വഴിപോലും മറന്നലയവേ
തോറ്റം വരുന്നതിനൊടൊപ്പം പറന്നിടുക കൂട്ടില്‍ തിരിച്ചണയുവാന്‍

--മത്തേഭം - zreeja

തൂവല്‍ കുടഞ്ഞു ചിറകാകെ വിടര്‍ത്തി കിളി പോകാനൊരുങ്ങിടുകയോ?
വേവുന്ന വേനലിനു പാരം കുളിര്‍മ്മ പകരം നീ പടുത്തു കിളിയേ.
പോവുന്നതെന്തിനിവിടം മണ്‍ചെരാതുകള്‍ തെളിയ്ക്കുന്ന വെണ്മ പകാരാ-
നാവും വിധത്തിലഴകോലുന്ന കണ്ണിണയണയ്ക്കിന്നു; നില്ലു കിളിയേ ! !

shaji