Sunday, January 22, 2012

ഒറ്റശ്ലോകം

ഒറ്റശ്ലോകം

ഒറ്റശ്ലോകമിതെന്തു ഭംഗിയതുലം വെട്ടി-
ത്തുളങ്ങുന്ന വെണ്‍-
മുത്തിന്നൊത്തു വിളങ്ങിടുന്നു, കഴുകി-
ക്കണ്ണിര്‍ തളിച്ചീടവേ.
മുറ്റും കൌതുകമോടെ നോക്കി വെറുതേ
തേച്ചു തുടച്ചും മനം-
കൊട്ടും താളരസം പകര്‍ന്നു ചരടില്‍-
ക്കോര്‍ത്തൊന്നുരുക്കട്ടെ ഞാന്‍!


പൂക്കണി

വട്ടപ്പൊട്ടിടതൂര്‍ന്നിഴഞ്ഞ ചികുരം,
ചാന്തിട്ട ഫാലസ്ഥലം
ചുറ്റും കാന്തി പരത്തിടുന്ന മിഴിയില്‍-
ച്ചേരുന്ന സാരള്യവും
സത്യം നിന്‍ മുഖകാന്തിയോ? തെളിയുമീ-
രാവിന്‍ നിലാവോ സഖീ
ഹൃദ്യം പൂക്കണി വച്ചിടുന്നു പുലരിപ്പൊന്‍
തിങ്കള്‍ പോല്‍ സുന്ദരം!

വന്മതില്‍

മൗനത്താലൊരു കോട്ടകെട്ടി പുറമേ
വീണ്ടും കിടങ്ങാഴ്ത്തിയും
എന്നില്‍ത്തന്നെയൊളിച്ചൊഴിച്ചു പലതും
കാണാതൊഴിഞ്ഞിന്നു ഞാന്‍
തെന്നിതെറ്റിയ സൗഹൃദങ്ങളഴിയും
നേരത്തു ഹാ ! മൂഢനായ്
നിന്നൂ, വന്‍ മതിലെന്തിനെന്ന,തറിയാ-
തിന്നും മനം മൂകമായ് !

കൃഷ്ണാ, ഭ്രമിപ്പിക്കൊലാ!

ഹാഹാ! നിര്‍മ്മല നീല നീരദമിതാ
താഴേക്കിറങ്ങുന്നതും
ഹാഹാ! നിര്‍ഝരി പൂത്തുലഞ്ഞു
മൃദുസംഗീതം പൊഴിക്കുന്നതും
ഹാഹാ! നര്‍ത്തനലാസ്യമോടെ
മയിലിന്‍ പറ്റം തിമിര്‍ക്കുന്നതും
ഹാഹാ! നിന്‍ നിഴലാട്ടമോ? പറയുകെന്‍
കൃഷ്ണാ, ഭ്രമിപ്പിക്കൊലാ!

വരദാനം

കാലം മായ്ച്ചു മറച്ചിടാത്ത കവിതാ
നൈവേദ്യമായ് കൈരളി-
ക്കോലും കാവ്യരസാനുഭൂതി പകരും
ശ്ലോകങ്ങളാം മുത്തുകള്‍,
ചേലോലും പദതാരുകള്‍, സദയമെന്‍
നാവില്‍ , വിരല്‍ത്തുമ്പിലായ്
ചാലിച്ചിത്തിരി തേന്‍പുരട്ടി വരദാനം
തന്നിതാരോയൊരാള്‍.
ങ്ക!
പങ്കംപോല്‍ ചില വാക്കുകള്‍ ശരസമം കാതില്‍ പതിച്ചീടവേ
പങ്കപ്പാടുപെടുന്നതൊക്കെ ശരിയാം,ശങ്കിക്കവേണ്ടെന്‍ സഖേ
തങ്കം മിന്നിവിളങ്ങിടും ദ്യുതിയുമിന്നാതങ്കമായ് കാണുവോര്‍-
ക്കങ്കം ചെയ്യുവതൊക്കെയൊക്കെ സുഖമാം,തങ്കം തിളങ്ങും ദൃഢം.

ശാര്‍ദ്ദൂലവിക്രീഡിതം.(ഇതു പ്രൊഫ ശ്രീലകം എഴുതിയ ശ്ലോകം.
അതിനെന്റെ വക അടിക്കുറിപ്പു ശ്ലോകം താഴെ)

അമ്പമ്പോയിതിലി‘ങ്ക‘കൊണ്ടു നിറയെ,ക്കമ്പം പെരുത്തി‘ങ്ക‘ ഞാന്‍
വങ്കന്‍ വീണ്ടുമെടുത്തു വച്ചു തുടരെത്തട്ടാന്‍ ശ്രമിച്ചെങ്കിലും
അങ്കം ചെയ്യുക സാദ്ധ്യമല്ല, വരുമാതങ്കം, ശരിത്തങ്കമാര്‍-
ന്നങ്കത്തട്ടിലമര്‍ന്നിടുന്ന കവിതാമങ്കേ, പൊറുത്തീടണേ!




ബാല്യപര്‍വ്വം
തെല്ലില്ല തേനല,യലഞ്ഞുകുഴഞ്ഞു മണ്ണില്‍
നില്ലാതെ വീണു മുരടിച്ചു നശിച്ച പൂവേ
വല്ലാത്ത വീഴ്ച്ച,യിടനാഴികളെത്ര വന്യം
തല്ലിക്കൊഴിച്ചു നിജ ജീവിത ബാല്യപര്‍വ്വം

കത്തി
പദ പദന വിദഗ്ദ്ധര്‍ പദ്യമാര്‍ഗ്ഗേണ ചൊല്ലും,
ബുധജന പരിവേഷം കാട്ടിടാന്‍, കത്തിവയ്ക്കാന്‍!
കവിതയിവളെ മോഹിച്ചൊട്ടുപേര്‍ കാത്തു നില്‍പ്പൂ
ഇവനുമതിലൊരാളായ് ത്തീരൊലായെന്റെയീശാ!


ശ്രീലകം
വീണക്കൊക്കും രവത്താല്‍ ശ്രുതിമധുര-
തരം ശ്ലോകമാല്യങ്ങളാലേ
ചേണാര്‍ന്നെന്നും പുലര്‍ച്ചെ,ക്കവനമധു-
വുമായെത്തിടും ശ്രീ നിറഞ്ഞോന്‍
ഈണം ചേര്‍ത്തു രചിച്ചിടും കരവിരുതു-
ചിതം വൃത്തശില്‍പ്പങ്ങളാലേ
കാണിക്കുന്നിന്ദ്രജാലം കളരിയി-
തുവിധം രമ്യ,മാരാമമായേന്‍!

സ്നേഹനം
ആളുന്നേലെണ്ണവേണം പുനരതിലൊഴിയാ-
തിറ്റിടാന്‍ വേറെ വേണം
താലത്തില്‍തുള്ളിയാടും ചെറുതിരിചൊരിയും
നാളമാണാളിടൊല്ല!
പാഴില്‍പ്പോകാത്ത വാക്കിന്‍ പൊരുളുകള്‍ നിറയെ-
ക്കൂട്ടി ഞാന്‍ വച്ചിടട്ടെ
കാലം കാണിച്ച വെട്ടം, കഴിയുകിലതിലെന്‍
സ്നേഹനം തീര്‍ത്തിടട്ടെ.

കിളീ!
വന്നോട്ടേ വരനാരിമാര്‍ , വരകര-
സ്പര്‍ശത്തിനാല്‍ സര്‍വ്വവും
പൊന്നാക്കും, ഝിലഝില്‍ഝിലങ്ങളുതിരും;
കാഴ്ച്ചക്കൊരുങ്ങീടണം.
വര്‍ണ്ണം തീര്‍ത്തു നിറം വിടര്‍ത്തി വിരിയൂ,
പാഴ് മേഘവൃന്ദങ്ങളില്‍
കന്നിക്കാര്‍മുകില്‍ കാണ്‍കവേ ചിറകു നീ
തട്ടിക്കുടഞ്ഞേ കിളീ!

അല്‍ഭുത രംഗ വേദി

മാരിക്കാര്‍മുകില്‍ പോകിലിന്ദു തെളിയും,
പൂവ്വാധികം ഭംഗിയില്‍-
ത്താരാജാലമിറങ്ങി വന്നിതൊളിക-
ണ്ണാലെന്നെ വീക്ഷിച്ചിടും
ആരാണല്‍ഭുത രംഗ വേദിയിതുപോല്‍
പാരം നിറക്കൂട്ടുമായ്
നേരേതീര്‍ത്തനുരാഗബദ്ധ സുഖദം
കോരിച്ചൊരിഞ്ഞിങ്ങനെ!