Monday, November 16, 2015

ശങ്കര ചരിതം

ശങ്കര ചരിതം
ഒരുനാൾ പുലർവേളയിൽ മഹാ-
ഗുരുവാം ശങ്കരനെത്തി വീഥിയിൽ
പ്രിയ ശിക്ഷ്യരുമൊത്തു ഗംഗതൻ
പുളിനം നോക്കി നടന്നു നീങ്ങയാം
ഇരുളൊട്ടു കിനിഞ്ഞിറങ്ങുമാ-
ച്ചരുവിൽ ശാദ്വലമേടു താണ്ടിയും
പുലരിക്കതിർ നീട്ടിസൂര്യനോ
വരവായ് ദിക്ജയപാലകൻ; ഭവാൻ!
എതിരേയരികത്തണഞ്ഞിടു-
ന്നൊരു ചണ്ഡാലനതിക്രമം നിജം
കഥയെന്തിതധ:കൃതൻ ജളൻ
നെറികേടൊട്ടു തൊടുത്തു വന്നതോ?
“മമ മാർഗ്ഗമെതിർത്തടുക്കുവാൻ
വഴിയായ് വന്നതിനെന്തു ഹേതു? ഹേ,
വഴി മാറുക, വിപ്രജാതിയെ-
ത്തഴയും നിൻ വഴി തീർച്ച ധാർഷ്ട്യമാം.”
ഇതു കേട്ടു നമിച്ചു ,നീചനോ
മൊഴിയുന്നീവിധ: “ മങ്ങു നോക്കണേ
വഴിമാറ്റുകയെന്തിതെന്നിലും
നിറയും മജ്ജനിബദ്ധ ദേഹമോ,
ക്രിമികീടജനുസ്സിലെന്തിലും
മരുവുന്നേക പരം മഹസ്സതോ?
ഒഴിവാക്കുകയാരെ,യെങ്ങുമേ
പ്രകടം പ്രാഗ്ഭവരൂപ,മെങ്ങനെ?
നിറദിപ്തി ചൊരിഞ്ഞു സൂര്യനോ
തെളിയും ഗംഗയിലെങ്കിലും തഥാ
ചളിനീർ പ്രതിബിംബമാകിലും
കുറയോലാത്ത മഹാ പ്രദീപ്തി താൻ......"
മൊഴിമുട്ടി മറന്നു നിന്നുപോ-
യിഴയും ജാതിയിൽ നിന്നു ദീപ്തമാം
ഒളി പൊട്ടിവിടർന്ന ചിന്തയിൽ-
പ്പടരും സത്യമറിഞ്ഞ ശങ്കരൻ .
* *
എങ്കിലും കാലം കടന്നുപോകേ
ശങ്കയോലാതെ പറഞ്ഞു മാളോർ,
ശങ്കരൻ കേട്ടു പഠിച്ച ഭാഷ്യം
ചൊന്നവൻ ചണ്ഡാളനല്ലപോലും,
വിപ്രന്റെ ചിന്തയിൽ വിത്തുപാകാൻ
ശക്തനാം ശങ്കരൻ* വന്നതത്രേ!
*ശിവൻ
വൃത്തം : വിയോഗിനി (അവസാന ആറു വരി ഒഴികേ)

Sunday, November 1, 2015

മലയാള മഹോത്സവം!

മലയാള മഹോത്സവം!
മാലേറേയുണ്ട്; മലയാളമഹോത്സവത്തിൻ
നാളാണതിന്ന്, പൊളിവായ്ക്കുര പൊങ്ങിടുന്നൂ!
പാഴേറേയുണ്ട്; പഴിയാർക്ക്? പിറന്ന മക്കൾ-
ക്കാലസ്യമാണു മുഖമുദ്ര മുടിഞ്ഞ മൌനം!
ചിത്രം! പഠിച്ചു വളരാൻ പരഭാഷ പഥ്യം
തൊട്ടാൽക്കുളിച്ചു ഞെളിയും മലയാള പുച്ഛം
തീണ്ടില്ല തീർച്ച, വഴിമാറി നടന്നു സർക്കാർ
വിദ്യാലയപ്പടി, കടന്നതു ജോലി തേടാൻ.
പി എസ് സി തന്നെ ശരണം, ശരി ജോലിയെന്നാൽ
സർക്കാർ തലത്തിൽ വരണം; വഴി മാന്തിടേണം
ഇല്ലില്ല ഭാഷ വളയില്ലയടഞ്ഞ മാർഗ്ഗം
മെല്ലെത്തുറന്നു ലളിതം സിലബസ്സു മാറ്റം*
എന്തിന്നു ഭാഷ? മലയാള മഹാരഥന്മാർ
കണ്ടില്ലയോ കളി? കളിച്ചതു ചൂതു തന്നെ!
തണ്ടോടെ വെട്ടി മലയാളമെടുത്തു മാറ്റി-
ക്കൊണ്ടാടിടുന്നു മലയാള മഹോത്സവങ്ങൾ!
“ഞാനാണു ഭാഷ, കല, കാവ്യ മഹാൽഭുതം താ-
നാളില്ല മീതെ മമ മേന്മ മതിപ്പു“ കാക്കാൻ
ചേലൊത്തണിഞ്ഞ ചില തൊങ്ങൽ കുലുക്കി നില്പൂ-
ണ്ടാളേറെ ഹായ്! മലയാണ്മ! മടുത്തിടുന്നു.
…………………………………………………………………..
*അറിയുക, പി എസ് സി പരീക്ഷകൾക്ക് മേൻപൊടിക്കുണ്ടായിരുന്ന പത്തു മാർക്കിന്റെ മലയാള ഭാഷാ പരിജ്ഞാനം പരീക്ഷിക്കുവാനുള്ള ചോദ്യങ്ങളും സിലബസ്സ് പർഷ്കാരത്തിന്റെ മറവിൽ ഇപ്പോൾ എടുത്തു മാറ്റി. സർക്കാർ ജോലിക്ക് മാതൃഭാഷാ പരിജ്ഞാനം അഭിലഷണീയം പോലുമല്ലെന്നർത്ഥം.
ഇതു മലയാളം പഠിക്കാതെ വളഞ്ഞു പോയ ഇംഗ്ലീഷ് മീഡിയം ഉല്പന്നങ്ങളെ രക്ഷിക്കുവാനല്ലാതെ മറ്റെന്തിനു വേണ്ടി?

Tuesday, July 7, 2015

ശിഖരണിയിൽത്തീർത്ത മലർത്തൊത്തുകൾ

ശിഖരണിയിൽത്തീർത്ത
മലർത്തൊത്തുകൾ


മലർത്തൊത്തോ തൊട്ടേൻ !
          കുതുകഭരിതം ചെറ്റു കുതറി-
പ്പറക്കാൻ നീയായും നിമിഷ-
         മിടയും കൺ മുനകളാൽ
തറച്ചോ തെറ്റാതെൻ ഹൃദയ-

         മഴകേ? നിന്റെ ചിറകിൽ
ക്കൊരുത്തീടായ്കിന്ന് പ്രിയ

       ഖഗവരാ, എന്നെ സദയം!

മലർത്തൊത്തും മൊത്തും നവ-
      ഹിമകണം കാണ്മു, പുലരി-
ക്കതിർക്കാമ്പും കത്തിപ്പകൽ വരി-
      കയായ്, കർമ്മകുശലൻ
രഥാരൂഢം ഗൂഢം ധരയിലെ-
      യിരുൾത്തേർ തടയുവാൻ
മടുക്കാതെന്നെന്നും ഗിരിനിര-
       കയറുന്നു സുകൃതം!

മലർത്തൊത്തിൽത്തട്ടിച്ചിറ-
      കടികളാൽ ഭൃംഗനിരകൾ
ചലിക്കുന്നൂ ചിത്രം! ചടുലതര-
      മതിൻ ലാസ്യ നടനം
ഇളം കാറ്റിൻ തോറ്റം കുളിരു-
     ചൊരിയും രംഗമിതുപോൽ
ചിലർക്കൊക്കും നിത്യം പ്രിയതര-
     മതിൻ ഭംഗി നുകരാൻ!

---------------------------------------------------------------------
കുറിപ്പ്: ശിഖരണി ഒരു സംസ്കൃതവൃത്തമാണു്. ആവൃത്തത്തിലെഴുതിയ മൂന്നു ശ്ലോകങ്ങൾ.
മലർത്തൊത്ത് = പൂമൊട്ട്, ശിഖരിണിയുടെ താളം വായിച്ചാൽ മാത്രം പിടികിട്ടില്ല. ചൊല്ലിക്കേൾക്കണം!

Tuesday, April 28, 2015

കുന്നിമുത്തുകൾ

കുന്നിമുത്തുകൾ

‘വേവും നീറ്റലടക്കി വച്ചു കിളിയേ, നിൻ-
കൂടണഞ്ഞിന്നു ഞാൻ‘
ആവോളം ചിരി ചുണ്ടിലേറ്റി ഉപചാ-
രം ചൊല്ലി വന്നാളവൾ
സ്വർണ്ണത്തൂവലിനാൽ‌പ്പൊതിഞ്ഞു വധുവായ്
പൊന്നിൻ കതിർക്കൂമ്പുപോൽ
നിന്നൂ, അമ്മപിതാവുബന്ധു സവിധൌ
മിന്നൽക്കൊടിത്തെല്ലുപോൽ!


കയ്യിൽത്താലമെടുത്തു വന്നു സഖിമാർ-
ക്കൊപ്പം നടക്കുമ്പൊഴാ
മെയ്യിൽ‌പ്പൊന്നൊളി മിന്നിടുന്നു, വെയിലിൽ-
ത്തൂവേർപ്പണിഞ്ഞോ മുഖം?
തയ്യാറായ് നിറദീപജാലമവിടം
നാദസ്വരം, മേളവും
നെയ്യാമ്പൽത്തളിരൊത്ത നിന്റെയുടലിൽ
വീണൂ മലർമാല്യവും.

സന്തോഷാശ്രു പൊഴിച്ചിടുന്നു, ഹൃദയം
തൊട്ടേ തലോടു,ന്നിവൾ-
ക്കെന്നും സാന്ത്വനമായി നിന്ന
ജനനീ സായൂജ്യ,മീസംഗമം.
സ്വന്തം തൂവൽ പറിച്ചെടുത്തു മകളെ-
ച്ചൂടിച്ചു, വെൺചന്ദന-
ക്കാന്തിക്കൂട്ടിലുരച്ചെടുത്തു കറപ-
റ്റാതെപ്പൊഴും കാത്തവർ.

മുന്നിൽത്താതനുതിർന്നിടുന്ന മിഴിനീ-
രൊപ്പുന്നിടം കയ്യിനാൽ,
കന്യാദാനമെടുത്തു നൽകി വിറയാർ-
ന്നീടും വലം കയ്യിനാൽ.
പിന്നിൽ വായ്ക്കുര പൊങ്ങിടുന്നു, പനിനീർ
തൂവു,ന്നിലത്താലിയിൽ
പൊന്നിൻ നൂലിഴ കോർത്തുകെട്ടി വധുവേൽ-
ക്കുന്നൂ വരൻ വേദിയിൽ.

പിന്നെത്താതനു മുന്നിലെത്തി പതിയെ-
ത്തേങ്ങിക്കരഞ്ഞാളവൾ;
തന്നെപ്പോറ്റിയ തൃപ്പദങ്ങൾ തൊടുവാ-
നായുന്നു, താങ്ങുന്നയാൾ.
വിങ്ങിപ്പൊട്ടിന മാതൃമേനി മുറുകെ-
പ്പൂണും, പ്രിയപ്പെട്ടതൻ
കുഞ്ഞിക്കൂട്ടിനകത്തു നിന്നു വിടചൊ-
ല്ലീടാൻ കുഴങ്ങുന്നവൾ.

വർണ്ണത്തൊങ്ങൽ പറന്നിടുന്നു, കളിവാ-
ക്കോതുന്നു നിൻ കൂട്ടുകാർ,
കണ്ണീർപ്പൂക്കൾ തുടച്ചുമാറ്റി വിടവാ-
ക്കോതാതെ നീ പോവുക.
അങ്ങേക്കൂട്ടിലൊരുക്കിവയ്ക്ക, മൃദുലം
സ്നേഹം, ദയാസൌരഭം
എണ്ണിക്കൂട്ടിയ കുന്നിമുത്തു വെറുതേ
തൂവട്ടെ ഞാൻ; ഭാവുകം!

Thursday, January 15, 2015

പ്രിയപ്പെട്ട…..

പ്രിയപ്പെട്ട…..


വല്ലാതിന്നനുതാപമേറ്റു ഹൃദയം
പൊള്ളുന്നതിനിൻ ചൂടിനാ-
ലില്ലാതായഹമെന്നുമല്ലൊരറിവായ്;
ശോകാതപം ജീവിതം.
കില്ലില്ലേതുമുടഞ്ഞിടുന്നു ക്ഷണികം
നീർപ്പോളപോൽ, നിസ്തുലം
എല്ലാവർണ്ണവുമാവഹിച്ചു ഭ്രമണം
നില്ലാതെ ചെയ്യുമ്പൊഴും.


കാണുന്നിക്കടലാഴവും, തിരകളും,
തീരത്തെയാൾക്കൂട്ടവും
ചേണാർന്നങ്ങു നഭസ്സു തീർത്ത തിരനോ-
ട്ടത്തിൻ നിറക്കാഴ്ചയും
തീരത്തുണ്ട് മഹോത്സവം! തിരമുറി-
ച്ചാർക്കും യുവത്വങ്ങളും
ആരോ തൊട്ടു മിനുക്കി വച്ച പല മണൽ-
ക്കൂടാരശില്പങ്ങളും.

നേരാണൽഭുത രംഗവേദിയിതുപോൽ
തീർക്കുമ്പൊളാർത്താർത്തിതാ
തീരത്തേക്ക് തിരക്കു കൂട്ടിയണയു-
ന്നോരോ തിരക്കൂട്ടവും.
നീരും നീരദ കാന്തിയും പകരമി-
ല്ലാത്തീക്കടൽക്കാഴ്ചയും
തീരുന്നോ,യിരുൾ മെല്ലെ മൂടി കടലും
നിശ്ചേഷ്ടമായ്, മൌനമായ്.

തീരം തീരെയിരുണ്ടു വന്നു, നിറയു-
ന്നാൾക്കൂട്ടമെങ്ങോ മറ-
ഞ്ഞേറെക്കെട്ടിയൊരുക്കി വച്ച കളിവീ-
ടൊട്ടൊക്കെയും മാഞ്ഞുപോയ്.
പാരം വിസ്മയലോകമെങ്ങു മറയു-
ന്നാവോ? മടങ്ങുന്നവർ
നേരാണൊന്നു തിരിഞ്ഞു നിന്നു വിടവാ-
ക്കേതും മൊഴിഞ്ഞില്ലഹാ!

ഏതോ പാഴ്ത്തിര മെല്ലെ വന്നു തലനീ-
ട്ടുമ്പോൾ മണൽത്തിട്ടിലായ്
ശ്രീതാവും വിരലൊന്നു തൊട്ട കവിതാ
ശീലിൻ വരക്കൂട്ടിതാ:
“ നീതാനുൾക്കടലുള്ളിലിട്ടു സകലം
നീറ്റു,ന്നതിൻ നിസ്വനം
സ്ഫീതാവേഗമിരമ്പിടുന്നു; കടാലാ-
വേഗം നമിക്കട്ടെ ഞാൻ!“

സ്നേഹപൂർവം