Wednesday, May 22, 2013

പാണൻ

പാണൻ

പാടിപ്പതിഞ്ഞ പഴയീണങ്ങളിൽപ്പുതിയ
         പാണൻ പടുത്തെറിയുമീ-
നാദങ്ങളിൽ നറുനിലാവെന്നപോലരിയ
          നക്ഷത്ര ദീപ്തി നിയതം.
ഏതോ വിഷാദകഥ ശോകർദ്രമായ് മനമ-
           റിഞ്ഞും, മുറിഞ്ഞുമൊഴുകേ,
നീതാൻ നിധാന ഗതകാലത്തുടിപ്പുകളി-
           ലാവിർഭവിച്ച സുകൃതം!

ചോടട്ടുപോയ മുള കാലത്തിനൊത്തു കവി
           മണ്ണിൽപ്പടർത്തിടുകയോ,
നേരറ്റ കാല കളിയാട്ടങ്ങൾതൻ നിഴലി-
        ലേതുണ്മ  തേടുവതു നീ?
പാടാൻ മറന്ന പഴശീലിന്റെ വെൺ ചിമിഴ-
         ളുക്കൊന്നിളക്കിടുകയോ,
ഈണം മറന്ന മൊഴിയാഴങ്ങളിൽത്തനതു
         താളങ്ങൾ തീർത്തിടുകയോ?

ഹാ! ഹൃദ്യ ഗാനകുളിരോളങ്ങൾ മുട്ടി മന-
         മേറെക്കുതിർന്നൊഴുകിടും
സാഹിത്യലാളനമനോരഞ്ജനം പ്രിയത-
         രം പദ്യപാദ പതനം.
മോഹങ്ങൾ കെട്ടു, നിറദീപങ്ങൾ മങ്ങി, യിരു-
         ളാഴുന്ന വീഥി നിറയു-
ന്നേകാന്തതേ വിട, വിമോഹാന്ധതേ പരമ-
         മാനന്ദലബ്ധിയിതുതാൻ.

ലോകം വിലോഭ ഗതിവേഗം കനത്തു കരു-
         വൂറുന്ന കന്മഷഭരം,
ശോകം പെരുത്തു ശരവേഗം കടന്നു കലു-
         ഷം കാലസംസ്കൃതികളും.
ആകല്പമുള്ളി,ലണയാതെണ്ണുവാൻ വഴി വ-
          രും ഭാവ നിർഝരികളാ-
യാകാരഭംഗി വഴിയും കാവ്യശീലു പണി-
          യാൻ പാണനെത്തുക ചിരം.


വൃത്തം: മത്തേഭം

12 comments:

  1. കലി കല്മഷം നിറയുന്ന വർത്തമാന തീരങ്ങളിൽ,
    നന്മ നിറയും ഗതകാല സ്മൃതികളുണർത്തിയീ കവന തിരമാലകൾ.


    ശുഭാശംസകൾ...



    ReplyDelete
  2. ശുദ്ധകവിതപ്പൂങ്കാവനം

    ReplyDelete
  3. ആഹാ ! മനോഹര സുധാകാവ്യ ഗംഗയിതി-
    ലാനന്ദമോടെയൊഴുകാൻ
    ആശിച്ചു വന്ന തൃണമായ്മാറി ഞാനറിക സായൂജ്യമെന്നിൽ നിറയെ.

    ReplyDelete
  4. നല്ല കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സാര്‍ ആശംസകള്‍ക്ക്

      Delete
  5. ഇതമൃതാണ് തൊട്ടു നാവിൽ വച്ചാൽ പോരാ കടഞ്ഞെടുത്തത് കുടിച്ചറിയണം നമോവാകം അതറിയാൻ ഞാൻ ഇനിയും അലയാനുണ്ട് തിരിച്ചുവരാം

    ReplyDelete
    Replies
    1. നന്ദി ബിജു നാരായന്‍
      ഭാഷയുടെ, പൈതൃക താളത്തിന്റെ അല്‍ഭുത സിദ്ധികളില്‍ നമുക്ക് അഭിമാനം കൊള്ളാം

      Delete
  6. ഈ വൃത്തപ്രേമമെന്നുമങ്ങതന്നകതാരിൽ
    പൂത്തിടുവനേകണേ,യീശ, ആനുഗ്രഹങ്ങൾ

    ReplyDelete
    Replies
    1. ഈ അനുഗ്രഹത്തിനു നന്ദി വിജയകുമാര്‍

      Delete