Wednesday, May 1, 2013

ശ്ലോക സദസ്സുകൾക്കൊരാമുഖം

ശ്ലോക സദസ്സുകൾക്കൊരാമുഖം


ആത്മാവിൽച്ചിലരക്ഷരത്തെ നിതരാം
              പൂജിച്ചു നേദിച്ചിടു-
ന്നാത്മാനന്ദമണച്ചിടുന്ന തനതാം
                സാഹിത്യ സമ്പുഷ്ടതേ,
നീതാനെന്നെയുണർത്തിവിട്ടു വഴികാ-
               ണിക്കും മഹാ ദീപ്തിയായ്
ശ്രീതാവും കവി പൈതൃകങ്ങൾ മൊഴിയാൽ
               തൊട്ടിട്ടതാം ശ്ലോക ഭൂ!

കണ്ടേനിക്കലയൊത്ത പോലെ, പലരെ-
               ക്കണ്ടേൻ, പലേ ശ്ലോകികൾ-
ക്കുണ്ടാം ശൈലി, സദസ്സിനുള്ള പലതാം
               ശീലങ്ങൾ, ശീലായ്മകൾ
പണ്ടത്തെക്കല മണ്ടിടാതെ പുതുതാം
                ലോകത്തിലത്യൽഭുതം
കൊണ്ടാടും ചില പാഠശാല പലതു-
                ണ്ടിക്കേരളത്തിൽ സ്ഥിരം.

വാർക്കണം സംസ്കൃതം വൃത്തം
കാവ്യമൊത്തു യഥാവിധി
ശുദ്ധമായ്ത്തീർക്കണം ഗണം
ബദ്ധമാത്രകളിൽ സ്ഫുടം.

 ഇതിനെചൊല്ലിടാം ശ്ലോക-
ക്കവിതാ രീതിയെന്നതോ,
വരമായ് ത്തന്നു പോയതാം
തനതാം പൈതൃകം, നിധി

വട്ടമിട്ടു പരസ്പരം
കൃത്യമായക്ഷാരക്രമം
കാത്തു ചൊല്ലിടും വേദി
തീർത്തു പണ്ടു മഹാരഥർ.

പാദം മൂന്നിലെയാദ്യമാ-
മക്ഷരം പാദമാദ്യമായ്
നിന്നിടും ശ്ലോകമേതുമേ
ചൊല്ലിടാം പിന്തുടർന്നിടാൻ

കലയെക്കാര്യമായ് ക്കണ്ടോർ
പലരുണ്ടായതിൽ ഗുരു
എൻ കേ ദേശമെന്നു പേർ
കാവ്യ കേദാര വൃക്ഷമാം

പലനാൾ ചൊല്ലി ഞാൻ കേട്ടി-
ക്കലതൻ രീതി, സിദ്ധികൾ
സ്ഫുടമാക്കട്ടെ സാദരം
സദയം ചിന്തിതം തരൂ

വന്ദനം വേണമാദ്യമേ
സന്തതം ശ്ലോക വേദിയിൽ
വൃത്തമക്ഷര ചിട്ടകൾ
ഒത്തിടേണ്ടതിനെങ്കിലും.

ഉത്തമം കാവ്യ സത്തയിൽ
മുഗ്ദ്ധമാം പദ താരുകൾ
കോർത്തിടും ശ്ലോകമോതുവാൻ
നോക്കണം ശ്ലോകിയെപ്പോഴും


ഉച്ചരിക്കുന്ന വാക്കുകൾ-
ക്കെത്രയും വൃത്തി തോന്നണം
വൃത്തമാവർത്തനം തീർച്ച
ഹൃദ്യമാക്കുന്നു വേദികൾ.

വികടാക്ഷര വർജ്ജനം
പൊതുവേ നല്ലതായിടും
അഴകുള്ളവയെങ്കിലോ
ഒഴിവാക്കുക വേണ്ടടോ

പകരം വർഗ്ഗവ്യഞ്ജനം
തുടരാം, ഭംഗി നോക്കുകിൽ
തലനാരിഴ കീറിടും
നിയമം മാറ്റി വച്ചിടാം.

അഭ്യസിക്കുന്നവർക്കെഴും
ബുദ്ധി, സാഹിത്യ നൈപുണി
ശുദ്ധമുച്ചാരണം, ഭാഷാ-
സിദ്ധിയും , താള ബോധവും.

മംഗളം ചൊല്ലി നിർത്തണം
വന്ദനം  പോലെയാമതും
സങ്കടം തീർത്തിടും ശ്ലോകം
ശങ്ക വേണ്ട മഹത്തരം.
10 comments:

 1. വരമായ് ത്തന്നു പോയതാം
  തനതാം പൈതൃകം, നിധി

  ReplyDelete
  Replies
  1. അതെ നിധി തന്നെ വിജയകുമാര്‍
   നന്ദി

   Delete
 2. ശങ്കവേണ്ട മഹത്തരം

  തീര്‍ച്ചയായും

  ReplyDelete
  Replies
  1. പക്ഷെ പുതു കവികള്‍ക്കും പത്രാധിപന്മാര്‍ക്കും പുച്ഛം തന്നെ!!

   Delete
 3. നന്നായിരിക്കുന്നു കവിത.
  ആശംസകള്‍

  ReplyDelete
 4. അഴകൊത്തതു തന്നെയീ കവിതയും

  ശുഭാശംസകൾ...

  ReplyDelete
 5. നന്നായിരിക്കുന്നു കവിത ആശംസകള്‍

  ReplyDelete