Friday, August 17, 2012

പൊട്ടുകുത്തട്ടെ കാലം

 പൊട്ടുകുത്തട്ടെ കാലം

സാരാര്‍ത്ഥത്തെപ്പലതുമതുലം കോര്‍ത്തൊരുക്കീട്ടു നേരിന്‍-
സ്ഫാരാകാശദ്യുതി പകരുവാനൊത്തപോല്‍ കെട്ടി വിട്ടാല്‍
നേരാണോര്‍ക്കില്‍ക്കവിതചിറകും വച്ചു ദൂരങ്ങള്‍  താണ്ടു-
ന്നേരം, കാലം തിരയുമവളെപ്പൊട്ടു കുത്തിച്ചമയ്ക്കാന്‍!

(മന്ദാക്രാന്ത  )

രാമായണം!

വൃത്തം വൃത്തിപകര്‍ത്തിടും കവിതയെ-
ക്കെട്ടാനൊരുങ്ങുന്നവര്‍-
ക്കേറ്റം ശക്തിയണച്ചിടും വരികളാ-
മിപ്പൈങ്കിളിപ്പാട്ടുകള്‍
പേര്‍ത്തും പേര്‍ത്തുമുരയ്ക്കവേ, തെളിയുമെന്‍
 വാഗ് വൈഭവം നിസ്തുലം
സ്വത്താ,യിമ്മലയാളമമ്മ കരളില്‍-
ത്തൂവുന്നു; രാമായണം!

(ശാര്‍ദ്ദൂ ലവിക്രീഡിതം )

പുറം കാഴ്ച്ചകള്‍

മാറൂ മാറുമറച്ചിടാത്തപടി നീ
കെട്ടുന്ന കോലങ്ങളും ,
നേരേ നഗ്നശരീര ഭംഗി, വടിവായ്
ക്കാട്ടും പുറം കാഴ്ചയും
ചേരും സാരിയണിഞ്ഞിടുന്ന തരുണീ
നിന്നില്‍പ്പിറക്കുന്നിതാ
മാറിപ്പോയൊരു കേരളത്തനിമതന്‍
നൈര്‍മല്യവും നന്മയും!

(ശാര്‍ദ്ദൂ ലവിക്രീഡിതം )

താളം പിഴച്ചിന്നിതാ

    ഓലപ്പീപ്പിതെറുത്തെടുത്തു പലനാളൂതി,ക്കളിപ്പന്തുമായ്
    ചേലില്‍ക്കുത്തിമറിഞ്ഞറിഞ്ഞ മമ ബാല്യത്തിന്‍ മുതല്‍ക്കൂട്ടുകള്‍
    മാലാര്‍ന്നൊട്ടു  മുറിഞ്ഞിടുന്നു; ഋതുവിന്‍ താളം പിഴച്ചിന്നിതാ
    കാലംതെറ്റിയണഞ്ഞിടുന്നു മഴയും, മഞ്ഞും, കൊടുംവേനലും.

(ശാര്‍ദ്ദൂ ലവിക്രീഡിതം )

7 comments:

  1. എല്ലാമിഷ്ടം
    ഓലപ്പീപ്പിയേറെയിഷ്ടം

    (മൂത്താമ്പാക്കല്‍ കൊച്ചുകുഞ്ഞുപദേശിയുടെ ഒരു പാട്ട് മനോരമ മ്യൂസിക് ഇറക്കിയപ്പോള്‍ അതിലെ ഒരു വാക്കിന്റെ ഉച്ചാരണം ഇങ്ങനെ:

    ഈ ലോക സൂര്യന്റെ ഘോരകിരണങ്ങള്‍
    “മാലേ കിടന്നത്” കാണുന്നില്ലേ
    (ആശ്വാസഗീതങ്ങള്‍-Vol:4)

    മാലേകിടുന്നത് എന്ന വാക്കിന്റെ അര്‍ത്ഥമറിയാതെയാണങ്ങനെ വികൃതമാക്കിയത്

    ഇവിടെ മാല്‍ കണ്ടപ്പോള്‍ സന്ദര്‍ഭവശാല്‍ ഓര്‍ത്തുവെന്ന് മാത്രം

    ReplyDelete
    Replies
    1. നന്ദി അജിത്ത് സാര്‍.
      പരിപക്വമായ ഇത്തരം അഭിപ്രായക്കുറിപ്പുകള്‍ തരുന്നതിനു്‌.
      പ്രാസം കവിതയില്‍ കയറി വരണം. കവിതയെ പ്രാസത്തിലെക്കു കൊണ്ടുപോകുമ്പോള്‍ ഇങ്ങനെ അമളി പറ്റും അല്ലേ!

      Delete
  2. തെക്കേത്തലക്കലെ തൃത്താരിപ്പൂക്കളുടെ കഥയും ഓര്‍ക്കാം.ഏതായാലും ഈ വട്ടം ചുറ്റിപ്പിടിക്കലിന് ഒരു പുതുമയുണ്ട്.

    ReplyDelete
  3. നന്ദി കുറിപ്പിനു്‌ രമേഷ് കുമാരന്‍

    ReplyDelete
  4. ബാല്യകാലസ്മരണകള്‍ ഉണര്‍ത്തുന്നു ഓലപ്പീപ്പി.
    ആശംസകള്‍

    ReplyDelete