Thursday, April 28, 2011

കണ്ടോ..?

കണ്ടോ, നിങ്ങളിതന്തിയില്‍ത്തെളിയുമീ-
നക്ഷത്ര ജാലം, നിശാ-
നിദ്രായാമമണഞ്ഞിടുന്നതുവരെ-
പ്പൊട്ടിച്ചിരിച്ചിങ്ങനെ
കണ്ടോ, ലോകമുറങ്ങിടുന്നൊരിരവില്‍
മൂകാന്ധകാരം പടര്‍-
ന്നുണ്ടാകുന്ന കൊടും വിഷാദ മഖിലം
കണ്ണില്‍ നിറച്ചിങ്ങനെ?കണ്ടോ,യിന്ദു മുഖാംബുജത്തെളിമയും,
രാഗാര്‍ദ്ര ഭാവങ്ങളും,
സന്ധ്യാ സുന്ദര മുഗ്ദ്ധ ഭാവമഴകും,
തീര്‍ക്കുന്ന തേരോട്ടവും?
കണ്ടോ പിന്നെയണിഞ്ഞിടുന്ന വിരഹം
ചെഞ്ചോപ്പു മായിച്ചതും,
കണ്ടോ പൊന്‍ മുഖകാന്തിയില്‍ത്തെളിയുമാ
തീരാക്കളങ്കങ്ങളും?

പിന്നെ സ്സൂര്യനണഞ്ഞിടുന്നതുവരെ-
ക്കണ്‍കോണിലേകാന്തമായ്
കണ്ണീരിറ്റുവെളിച്ചവും, കരുണയും
തൂകിത്തിളങ്ങുന്നതും
കണ്ടാലത്ഭുതമേറെയുണ്ടു കുതുകാ-
ലെന്തോ തിരഞ്ഞിന്നു ഞാന്‍
കണ്ടൂ സ്വച്ഛ നിശാന്തരീക്ഷ സഖരെ-
ക്കണ്ണില്‍ നിറച്ചിങ്ങനെ!

No comments:

Post a Comment