Tuesday, April 26, 2011

വസന്ത മാലിക !

********************


പുലരിക്കതിരേറ്റുണര്‍ന്നു വാനം
പുളകം പൂണ്ടുണരുന്നു ഫുല്ല ജാലം
പുതുമഞ്ഞുമണിഞ്ഞു പുല്ലു പോലും
മൃദുലം മെത്തകള്‍തീര്‍ത്തു നില്‍പ്പു നീളേ!

കുയിലിന്‍ മൊഴി കൊച്ചു കൂട്ടുകാര്‍ വന്‍-
പ്രിയമോടേറ്റു പറഞ്ഞു നിന്ന മേളം
അളി വേണിക,ളീറനോടെ മന്ദം
കളഭം ചാര്‍ത്തി നടന്നു നീങ്ങിടുന്നു.

പുഴ,യോളമുണര്‍ന്നു താളമോടാര്‍-
ത്തൊഴുകും ഗീതമുയര്‍ന്നു കേള്‍പ്പുവെങ്ങും
കരയില്‍ ത്തരുരുശാഖ മെല്ലെയാട്ടി-
ച്ചിരിതൂകും സഖിയാളെ നോക്കി നില്പൂ.

ചെറു പയ്യുകള്‍ കൂട്ടുകൂടിയോടി-
ക്കറുകപ്പുല്‍ക്കൊടി തിന്നു മേഞ്ഞിടുന്നു
ഇടയില്‍ച്ചെറു കണ്ണിറുക്കി കൂകൂ-
രവമോടേ കുറുകും കപോത വൃന്ദം.

ഇതു നാള്‍ വഴി! മണ്മമറഞ്ഞു, കാല-
ച്യുതിയില്‍ക്കാഴ്ച്ചകള്‍ മങ്ങി മാഞ്ഞുവെന്നോ
വിഷമായ,മുടച്ചു വാ‍ര്‍ത്ത ലോക-
തൃഷകള്‍ കൊട്ടിയടച്ച ഭംഗി, ഭാഗ്യം.

No comments:

Post a Comment