Sunday, November 1, 2015

മലയാള മഹോത്സവം!

മലയാള മഹോത്സവം!
മാലേറേയുണ്ട്; മലയാളമഹോത്സവത്തിൻ
നാളാണതിന്ന്, പൊളിവായ്ക്കുര പൊങ്ങിടുന്നൂ!
പാഴേറേയുണ്ട്; പഴിയാർക്ക്? പിറന്ന മക്കൾ-
ക്കാലസ്യമാണു മുഖമുദ്ര മുടിഞ്ഞ മൌനം!
ചിത്രം! പഠിച്ചു വളരാൻ പരഭാഷ പഥ്യം
തൊട്ടാൽക്കുളിച്ചു ഞെളിയും മലയാള പുച്ഛം
തീണ്ടില്ല തീർച്ച, വഴിമാറി നടന്നു സർക്കാർ
വിദ്യാലയപ്പടി, കടന്നതു ജോലി തേടാൻ.
പി എസ് സി തന്നെ ശരണം, ശരി ജോലിയെന്നാൽ
സർക്കാർ തലത്തിൽ വരണം; വഴി മാന്തിടേണം
ഇല്ലില്ല ഭാഷ വളയില്ലയടഞ്ഞ മാർഗ്ഗം
മെല്ലെത്തുറന്നു ലളിതം സിലബസ്സു മാറ്റം*
എന്തിന്നു ഭാഷ? മലയാള മഹാരഥന്മാർ
കണ്ടില്ലയോ കളി? കളിച്ചതു ചൂതു തന്നെ!
തണ്ടോടെ വെട്ടി മലയാളമെടുത്തു മാറ്റി-
ക്കൊണ്ടാടിടുന്നു മലയാള മഹോത്സവങ്ങൾ!
“ഞാനാണു ഭാഷ, കല, കാവ്യ മഹാൽഭുതം താ-
നാളില്ല മീതെ മമ മേന്മ മതിപ്പു“ കാക്കാൻ
ചേലൊത്തണിഞ്ഞ ചില തൊങ്ങൽ കുലുക്കി നില്പൂ-
ണ്ടാളേറെ ഹായ്! മലയാണ്മ! മടുത്തിടുന്നു.
…………………………………………………………………..
*അറിയുക, പി എസ് സി പരീക്ഷകൾക്ക് മേൻപൊടിക്കുണ്ടായിരുന്ന പത്തു മാർക്കിന്റെ മലയാള ഭാഷാ പരിജ്ഞാനം പരീക്ഷിക്കുവാനുള്ള ചോദ്യങ്ങളും സിലബസ്സ് പർഷ്കാരത്തിന്റെ മറവിൽ ഇപ്പോൾ എടുത്തു മാറ്റി. സർക്കാർ ജോലിക്ക് മാതൃഭാഷാ പരിജ്ഞാനം അഭിലഷണീയം പോലുമല്ലെന്നർത്ഥം.
ഇതു മലയാളം പഠിക്കാതെ വളഞ്ഞു പോയ ഇംഗ്ലീഷ് മീഡിയം ഉല്പന്നങ്ങളെ രക്ഷിക്കുവാനല്ലാതെ മറ്റെന്തിനു വേണ്ടി?

6 comments:

  1. ശരിക്കും മടുക്കുന്നുണ്ട് ഈ സിംബോളിക് ആഘോഷങ്ങൾ. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുമ്പോൾ ഉച്ഛാരണവും വ്യാകരണവും തെറ്റിയാൽ മാനക്കേട്‌, പരിഹാസം. മലയാള ഭാഷ സംസാരിക്കുമ്പോൾ പരമാവധി ഉച്ഛാരണ പിശക് വന്നാൽ അത് അഭിമാനം, സ്റ്റാറ്റസ് സിംബൽ. എങ്ങിനെ കടന്നുകൂടി നമ്മുടെയുള്ളിൽ ഈ ചിന്ത ഇത്ര ശക്തമായി?

    ReplyDelete
    Replies
    1. ആതു ലോകത്തിൽ മലയാളിക്കു മാത്രമവകാശപ്പെടാവുന്ന ഒന്നാണു! പെറ്റമ്മയെത്തള്ളിപ്പറയുന്നവർ.... നന്ദി ടീച്ചർ വായനക്കും കുറിപ്പിനും.

      Delete
  2. ആശംസകള്‍ ഷാജി സാര്‍

    ReplyDelete
  3. ചെന്തെങ്ങിന്റെ ചുവട്ടിലിരുന്നു നാം സോഡ കടം വാങ്ങുന്നു
    -പി.

    ReplyDelete
  4. ക്ലാസിക്കൽ മേന്മ പിടിച്ചു വാങ്ങി
    കേമന്മാരയിവിടെ വിലസിടുന്നോർ
    “ക” എന്നെഴുതാൻ മടിച്ചിടുന്ന കാലം
    കാണാനിട വരുത്തരുതെന്നു മാത്രം

    ReplyDelete