Sunday, December 8, 2013

ഒരു മാലിനിച്ചിത്രം

ഒരു മാലിനിച്ചിത്രം 

കുതുകമിതു കഴുത്തിൽക്കെട്ടിഞാത്തുന്ന കേര---

ക്കുലകൾ നിരനിരക്കും കല്പവൃക്ഷങ്ങൾ കണ്ടാൽ

നിബിഡ ഹരിതഭംഗ്യാ ചേലചുറ്റിക്കിടക്കും

തരുണി,യതുലരമ്യം കാമ്യയായെന്നപോലെ.



അടിമുടി,യകഴകാണിക്കേരളത്തിൽത്തളിർക്കും

നെടിയ തരുകദംബം കണ്ണിനാനന്ദ ബിംബം

പടിമ പലതുമുണ്ടിന്നപ്രമേയം പ്രകൃത്യാ

ക്ഷിതിയിലെവിടെമറ്റെങ്ങേതു വൃക്ഷം ജയിപ്പൂ



കടമുതൽ മുടിയോളം ശില്പചാതുര്യമെത്തും--

പടി വിരുതു കലർത്തിത്തീർത്തുവച്ചൽഭുതം താൻ

തദനു തനുവശേഷം മർത്ത്യനുൽ‌പ്പന്നമാക്കാ--

നുതകി അതിവിദഗ്ദ്ധം നന്മ നൂൽക്കുന്നു; ചിത്രം!



കുറിയ കുറിയ വേരാൽ ണ്ണിനെപ്പുൽകി വാനിൻ-

നെറുക പുണരുവാനായ്പ്പൊങ്ങിനോക്കുന്നുവെങ്ങും

ചികുര,മതിവിശേഷം വീശി വിൺനർത്തനത്തിൻ

ചടുല ചലനലാസ്യം കൊട്ടിയാടുന്ന ചേലിൽ.



നിറകതിർവിടരുന്നപ്പൂക്കുലപ്പൊൻകുടത്തെ-

ച്ചെറിയ വെയിൽ വിരിച്ചോ പാളി നോക്കുന്നു സൂര്യൻ?

അമൃതു നിറകുടത്തെത്താങ്ങി നിൽക്കുന്നു, കമ്ര-

പ്രകൃതിയുടെ വിലാസം,  നന്മവൃക്ഷം! ശരിക്കും.

6 comments:

  1. മാലിനിയുടെ സൌന്ദര്യം!!

    ReplyDelete
  2. ഉള്ളില്‍ തെളിയുന്ന ചിത്രമായി ഈ കവിത!
    ആശംസകള്‍

    ReplyDelete
  3. മഴയും പുഴയും മാവും കവുങ്ങും തെങ്ങും എന്ന് പറഞ്ഞാലേ തെങ്ങിന് പറയാൻ ഒരു സൌന്ദര്യം ഉള്ളൂ മാങ്ങാ തേങ്ങ എന്ന് പറയുമ്പോഴേ തേങ്ങക്കും സൌന്ദര്യം വരുന്നുള്ളൂ വാക്ക് കൊണ്ട് കേരം എന്ന് തിരിച്ചു പറഞ്ഞാലും തെങ്ങിലും തേങ്ങയിലും വാക്കുകൾ കൊണ്ട് ഒരു ഭംഗി ക്കുറവു തോന്നിയിട്ടുണ്ട് ഇവിടെ മാലിനി ചിത്രം എന്ന തലേക്കെട്ട് കൂടി ഈ കവിതയ്ക്ക് കാണുമ്പോൾ എന്റെ സംശയം കുറിച്ച് എന്നേ ഉള്ളൂ നല്ല കവിത മനോഹരമായ വരികൾ വരദാനം ആയിട്ടുള്ള തെങ്ങും

    ReplyDelete
  4. കേരനിരകളാടും ഒരു ഹരിതചാരു തീരം
    വളരെ നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...





    ReplyDelete
  5. "അടിമുടി,യകഴകാണിക്കേരളത്തിൽത്തളിർക്കും
    നെടിയ തരുകദംബം കണ്ണിനാനന്ദ ബിംബം"...

    അഴകുറ്റതായി രചന.

    ReplyDelete