Saturday, December 29, 2012

പോയപ്പെൺകൊടി..

പോയാപ്പെൺകൊടി....


ഓടിപ്പോയ ഡിസംബറിന്‍ ചുമരിലെ-
ച്ചോരക്കറക്കെന്തു ഞാന്‍
പാടും? വറ്റി വരണ്ടുപോയ കനിവിന്‍
കാലച്ചുമര്‍ച്ചിത്രമോ?
ഏതാ മുള്‍ മുടി? വയ്ക്കുകെന്റെ തലയില്‍,
പ്രാണന്‍ കൊരുക്കൂ, മുറി-
പ്പാടില്‍ കുത്തിയൊഴുക്ക രക്തമിനിയും
 ഭോഗത്തൃഷാ ലോകമേ
                         
 പോയാപ്പെൺകൊടി, പേപിടിച്ചയുലകം
 തിന്നോട്ടെ നിൻ മേനിയും
താലോലിച്ചു വരച്ചു വച്ച മഴവിൽ
ച്ചിത്രങ്ങളും,  സ്വപ്നവും
പെണ്ണായ് പ്പാഴ് മുള പൊട്ടി വന്നിനിയുമീ
 വാഴ്വിൽപ്പിറക്കൊല്ല നീ
മണ്ണന്നൂഷരമായിടട്ടെ, നശിയ-
ട്ടിക്കാമവിത്തൊക്കെയും .

കത്തിക്കാളിയുയർന്നിടും കൊടിയതാം
 ഭ്രാന്തിൻ പെരുക്കത്തില-
ക്കുത്തിക്കീറിയ ഗർഭപാത്രമിനിയും
പേറില്ല ബീജാങ്കുരം.
ഒക്കെത്തിന്നു വിശപ്പടക്കി, വഴി മാ-
റിപ്പോയിടും മർത്ത്യ നിൻ-
മെത്തും കാമ വിഷം കലർന്ന രസനാ-
ഗ്രം വെട്ടി മാറ്റീടുക

5 comments:

  1. ഉള്ളില്‍ നീറ്റലുണ്ടാക്കും വരികള്‍....,......

    ReplyDelete
  2. നീറുന്ന വരികള്‍

    ReplyDelete
  3. ശ്ലോകമൊന്നുമല്ല...നല്ല കവിത തന്നെ...അര്ത്ഥവും ചമല്ക്കാരനുമുളള വരികള്...വീണ്ടുമെഴുതുക

    ReplyDelete

  4. ഇത്തരത്തിൽ സംസ്കൃതവൃത്തത്തിൽ കവിത എഴുതാൻ കഴിവുള്ളവർ നന്നെ ചുരുക്കമാണ്‌. ഭാഷാവൃത്തങ്ങളിൽ എഴുതാൻ പ്രായേണ എളുപ്പമത്രെ. എന്നിട്ടും.....പലരും.....കവിതയെ ദെല്ലിയിലെ പെൺകുട്ടിയാക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു.

    ReplyDelete
  5. മനുഷ്യന്റെ ചില നേരത്തെ ഭ്രാന്തിന്റെ അനന്തര ഫലം.
    രോഷവും സൗമ്യതയും കവിതയിൽ കാണാം.

    ReplyDelete