Tuesday, October 9, 2012

സമസ്യാ പൂരണങ്ങള്‍

സമസ്യാ പൂരണങ്ങള്‍

"കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം."


കണ്ണായറിഞ്ഞിടുക വെണ്ണയെറിഞ്ഞു നല്‍കാ-
നില്ലി,ല്ലെനിക്കു ഗതി, വല്ല വിധേനെ,യെന്നാല്‍
ഉള്ളില്‍ക്കുറച്ചു നറു വെണ്ണ,യറിഞ്ഞു വയ്ക്കാന്‍
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.

വെണ്ണീണറണിഞ്ഞുടലിലാകെ,യലങ്കരിക്കാന്‍
പെണ്ണാളൊരാള്‍,മുടിയി,ലമ്പിളി,പാമ്പു തോളില്‍.
തിണ്ണം തികഞ്ഞ നടനം ദിനമാടിടും മു-
ക്കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.

കണ്ണേ മടങ്ങുക! മരിച്ചതിനൊത്തവണ്ണം
മണ്ണില്‍ക്കിടന്നലയുമിജ്വര ജീവിതങ്ങള്‍ .
നന്നല്ല കാഴ്ച്ച, മടിയാതെയവര്‍ക്കു മുന്നില്‍-
ക്കണ്ണന്‍ കനിഞ്ഞു കരളില്‍ ക്കളിയടിടേണം

                           * * *
“ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
ടില്ലാത കണ്ടഗ്നിയും..”ഇതു കുട്ടന്‍ ഗോപുരത്തിങ്കല്‍ വക

ഓര്‍ക്കാന്‍‌പറ്റിയപൂരണങ്ങളിവിടേ-
യെത്തുന്നതില്ലെങ്കിലും
ചേര്‍ക്കാന്‍ പറ്റുകയില്ലെയെന്നതറിയാ-
മെന്നാകിലും ചൊല്ലുവേന്‍
വാക്കിന്‍‌മൂര്‍ച്ചയറിഞ്ഞിടാതെ യുരിയാ
ടീടുന്നു ഭോഷത്തരം
“ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
ടില്ലാത കണ്ടഗ്നിയും..”

 താഴെ എന്റെ വക

വാക്കിന്‍ മൂര്‍ച്ച കുറഞ്ഞിടില്ല പുറകില്‍-
          ക്കാവ്യം തുടിച്ചീടുകില്‍-
ച്ചേര്‍ക്കും വാക്കുകളൊത്തപോലെ വരിയില്‍-
          ച്ചൊല്ലിപ്പതിച്ചീടുകില്‍.
വാക്കാണത്തിനൊരുക്കമല്ല, വെറുതേ വീണ്‍
         വാക്കുരയ്ക്കാതെടോ!
ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
        ടില്ലാതെ കണ്ടഗ്നിയും.

 "ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും."

ഇല്ലില്ല,യെന്‍‌ മനമതിന്‍ വഴിപോവുകില്ലാ
പല്ലും കൊഴിഞ്ഞു നഖ, ശൌര്യവുമില്ല, പക്ഷേ,
മല്ലാക്ഷിമാരൊടൊരുവാക്കു ചിരിച്ചു മെല്ലേ
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും.
(എന്നു കുട്ടേട്ടന്‍.)

മല്ലാക്ഷിമാര്‍ മലര്‍ കണക്കു നിരന്നു ചുറ്റും
മല്ലിന്നു വന്നു മലരമ്പു തൊടുത്തിടുമ്പോള്‍
കൊള്ളാനൊരാള്‍! പെരിയ ഗോപുര തുംഗനയ്യോ
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും!
(എന്നു ഞാന്‍)


"കാലംതെറ്റിയണഞ്ഞിടുന്നു മഴയും,
       മഞ്ഞും, കൊടുംവേനലും."

ഓലപ്പീപ്പിതെറുത്തെടുത്തു പലനാ-
        ളൂതി,ക്കളിപ്പന്തുമായ്
ചേലില്‍ക്കുത്തിമറിഞ്ഞറിഞ്ഞ മമ ബാ-
       ല്യത്തിന്‍ മുതല്‍ക്കൂട്ടുകള്‍
മാലാര്‍ന്നിന്നു മുറിഞ്ഞിടുന്നു; ഋതുവിന്‍
      താളം പിഴച്ചിന്നിതാ
കാലംതെറ്റിയണഞ്ഞിടുന്നു മഴയും,
       മഞ്ഞും, കൊടുംവേനലും.

"ചിത്രം മനോഹരമിതെന്നുമെനിക്കു കാണാന്‍"

കത്തുന്ന കണ്ണഴകു രാഗ വിലോലനോട്ടം
ഉത്തുംഗ ശൃംഗസമ,മുദ്ധതമായ മാറും
സത്യം മലര്‍ശര നിവേശിത,മംഗനേ നിന്‍
ചിത്രം മനോഹരമിതെന്നുമെനിക്കു കാണാന്‍!


ഹൃദ്യം പൂക്കണി വച്ചിടുന്നു, പുലരി-
       പ്പൂന്തിങ്കള്‍ പോല്‍ സുന്ദരം!


ഏതോ രാഗ ശരാഗ്രമെന്റെ ഹൃദയം
           തൊട്ടേന്‍! തൊടുമ്പോള്‍ മനം
തേടും ഭാവ തടില്ലതാ ലതകളാല്‍
           ചുറ്റിപ്പുണര്‍ന്നിങ്ങനെ
നീതാനെന്നെയുണര്‍ത്തിടുന്നു ദയിതേ,-
        യിജ്ജാലകക്കോണിലായ്
ഹൃദ്യം പൂക്കണി വച്ചിടുന്നു, പുലരി-
       പ്പൂന്തിങ്കള്‍ പോല്‍ സുന്ദരം!


 "ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍ "

എന്തിനും പടതല്ലിയും, പല പോര്‍നിലങ്ങളൊരുക്കിയും
സന്തതം തുടരുന്ന ജീവിതചര്യ നിങ്ങളൊടുക്കുക
വന്ദ്യരാം ചിലര്‍ ചൊല്ലി വീഴ്ത്തിയ മന്ത്രണങ്ങള്‍ പടുത്തിടും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍ "

2 comments:

 1. പ്രിയപ്പെട്ട ചേട്ടാ,

  എല്ലാം വളരെ ഇഷ്ട്ടമായി. "കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം." വളരെ വളരെ ഇഷ്ട്ടമായി.

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 2. ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  ReplyDelete