Monday, November 16, 2015

ശങ്കര ചരിതം

ശങ്കര ചരിതം
ഒരുനാൾ പുലർവേളയിൽ മഹാ-
ഗുരുവാം ശങ്കരനെത്തി വീഥിയിൽ
പ്രിയ ശിക്ഷ്യരുമൊത്തു ഗംഗതൻ
പുളിനം നോക്കി നടന്നു നീങ്ങയാം
ഇരുളൊട്ടു കിനിഞ്ഞിറങ്ങുമാ-
ച്ചരുവിൽ ശാദ്വലമേടു താണ്ടിയും
പുലരിക്കതിർ നീട്ടിസൂര്യനോ
വരവായ് ദിക്ജയപാലകൻ; ഭവാൻ!
എതിരേയരികത്തണഞ്ഞിടു-
ന്നൊരു ചണ്ഡാലനതിക്രമം നിജം
കഥയെന്തിതധ:കൃതൻ ജളൻ
നെറികേടൊട്ടു തൊടുത്തു വന്നതോ?
“മമ മാർഗ്ഗമെതിർത്തടുക്കുവാൻ
വഴിയായ് വന്നതിനെന്തു ഹേതു? ഹേ,
വഴി മാറുക, വിപ്രജാതിയെ-
ത്തഴയും നിൻ വഴി തീർച്ച ധാർഷ്ട്യമാം.”
ഇതു കേട്ടു നമിച്ചു ,നീചനോ
മൊഴിയുന്നീവിധ: “ മങ്ങു നോക്കണേ
വഴിമാറ്റുകയെന്തിതെന്നിലും
നിറയും മജ്ജനിബദ്ധ ദേഹമോ,
ക്രിമികീടജനുസ്സിലെന്തിലും
മരുവുന്നേക പരം മഹസ്സതോ?
ഒഴിവാക്കുകയാരെ,യെങ്ങുമേ
പ്രകടം പ്രാഗ്ഭവരൂപ,മെങ്ങനെ?
നിറദിപ്തി ചൊരിഞ്ഞു സൂര്യനോ
തെളിയും ഗംഗയിലെങ്കിലും തഥാ
ചളിനീർ പ്രതിബിംബമാകിലും
കുറയോലാത്ത മഹാ പ്രദീപ്തി താൻ......"
മൊഴിമുട്ടി മറന്നു നിന്നുപോ-
യിഴയും ജാതിയിൽ നിന്നു ദീപ്തമാം
ഒളി പൊട്ടിവിടർന്ന ചിന്തയിൽ-
പ്പടരും സത്യമറിഞ്ഞ ശങ്കരൻ .
* *
എങ്കിലും കാലം കടന്നുപോകേ
ശങ്കയോലാതെ പറഞ്ഞു മാളോർ,
ശങ്കരൻ കേട്ടു പഠിച്ച ഭാഷ്യം
ചൊന്നവൻ ചണ്ഡാളനല്ലപോലും,
വിപ്രന്റെ ചിന്തയിൽ വിത്തുപാകാൻ
ശക്തനാം ശങ്കരൻ* വന്നതത്രേ!
*ശിവൻ
വൃത്തം : വിയോഗിനി (അവസാന ആറു വരി ഒഴികേ)

4 comments:

  1. ചണ്ടാലോസ്തു സ തു ദ്വിജോസ്തു
    ഗുരുരിത്യേഷാ മനീഷാ മമ (മനീഷാ പഞ്ചകം)
    കവിത അസ്സലായി

    ReplyDelete
  2. ചണ്ടാലോസ്തു സ തു ദ്വിജോസ്തു
    ഗുരുരിത്യേഷാ മനീഷാ മമ (മനീഷാ പഞ്ചകം)
    കവിത അസ്സലായി

    ReplyDelete
  3. ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete
  4. പ്രിയ സുഹൃത്തെ ! ലേഖനങ്ങള്‍, ബ്ലോഗ്സ്, കവിതകള്‍ തുടങ്ങിയവ താങ്കളുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ്‌ ചെയ്യാന്‍ ഞാന്‍ തുടങ്ങിയ വെബ്സൈറ്റില്‍ കഴിയുന്നതാണ് . ഈ വെബ്സൈറ്റ് കൊണ്ട് താങ്കളുടെ മറ്റു ബ്ലോഗുകളും അത് പോലെ ബ്ലോഗ്‌ പേജ് പ്രൊമോട്ട് ചെയ്യാനും കഴിയും .. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു .. intopost.com help link :https://intopost.com/list/intopostcom

    ReplyDelete