Sunday, May 18, 2014

കവിതയിലെ കരകൌശലം



കവിതയിലെ കരകൌശലം

      ജീവിത സായന്തനത്തിൽ ഓര്‍മ്മച്ചിറകുകൾ മുറിഞ്ഞ് സ്മൃതി നാശത്തിലേക്ക് മുങ്ങിത്താണുകൊണ്ടിരിക്കുമ്പോഴും എന്റെ അമ്മ മറക്കാതെ ഉരുവിട്ടിരുന്നത് ചില കവിതാ ശകലങ്ങൾ മാത്രമായിരുന്നു. താന്‍ പണ്ട് ചൊല്ലിച്ചുണ്ടിൽ പതിപ്പിച്ച മലയാളം ശീലുകൾ. ശ്രീനാരായണ ഗുരുവിന്റെയും, കുമാരനാശാന്റെയും, വള്ളത്തോളിന്റെയും, ചങ്ങമ്പുഴയുടെയും, സഹോദരന അയ്യപ്പന്റെയും മാത്രമല്ല അറിയപ്പെടാതെ പോയ ഒരുപിടി നാടന്‍ കലാകാരന്മാരുടെയും വരെ ഈണത്തിൽ ചൊല്ലാവുന്ന കവിതകൾ. ഒരുപക്ഷെ, ഓര്‍മ്മയുടെ അറകളിൽ അവശേഷിക്കുന്നത് അവ മാത്രമാകാം. എന്തേ അവ മാത്രം അവശേഷിച്ചു?

     കല്ലുകളിൽ ഒളിഞ്ഞു കിടക്കുന്ന ശില്പത്തെ ഒരു ശില്പി കൊത്തിയുണര്‍ത്തുന്നതുപോലെ വാക്കുകൾ അടുക്കി വച്ച് അവയിൽ അന്തര്‍ലീനമായ താളത്തെയാണു കവി കവിതയിലൂടെ കണ്ടെത്തുന്നത്. അനുവാചകനാവട്ടെ വയനയിലൂടെ തന്നിലുടങ്ങിക്കിടക്കുന്നതാളത്തെ ഉണര്‍ത്തുകയും. കവിത കവിയേക്കാൾ കൂടുതൽ നാൾ ജീവിക്കുന്നത് ഉള്ളിലൂറുന്ന കാവ്യം കൊണ്ടുമാത്രമല്ല.

മുറ്റത്തെ മാ‍വിൽ നിന്ന്
ഉതിര്‍ന്നത്
അമ്മയുടെ കണ്ണീരായിരുന്നു...

എന്നാ‍ണു് വൈലോപ്പിള്ളി എഴുതിയിരുന്നെങ്കിൽ മാമ്പഴം എന്നേ ചീഞ്ഞു മണ്ണടിഞ്ഞേനെ. കേകയുടെ ശോക താളത്തിലേക്ക് ആര്‍ദ്രമായ വാക്കുകളുടെ അനുയോജ്യമായ സന്നിവേശമാണു് മാമ്പഴത്തിലെ ശീലുകളെ അനശ്വരമാക്കിയത്. അതെ, കവിത കാലദേശങ്ങളെ അതിജീവിക്കുന്നത് അതിനുള്ളിലെ കാവ്യത്തിനു താളാത്മകതയിലൂടെ ജീവൻ വയ്ക്കുമ്പോഴാണു്. സ്മൃതിനാശത്തിലും ചിതലരിക്കാതെ നിലനില്‍ക്കുന്ന കവിതാശകലങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെയാണു്. വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ശില്പങ്ങൾ കണ്ടെത്തുന്നവാനാണു കവി. ആ ശില്പചാതുരി കൈവരാത്തവരും കവിതയെഴുതുമെന്നു ശാഠ്യം പിടിച്ച പ്പോഴാണു മലയാള കവിത ഇങ്ങനെയൊക്കെ ആയിപ്പോയത്....
മലയാള കവിത വന്നു നിൽക്കുന്ന നാൾവഴിയെ ഞാൻ ഇങ്ങനെ വരക്കുന്നു.

സർവാലങ്കാര രൂപേ, ശ്രുതിമധുര-
വിലോലാംഗ മുഗ്ദ്ധേ നമസ്തേ,
ഇവ്വണ്ണം സൌകുമാര്യം തരുമൊരഴകു
തീർത്തേതു ഭാഷയ്ക്കു മുത്തേ !
മൂവർ ‍പണ്ടേ പകർന്നൂ, ജ്വലിതമനുപദം
ഭക്തി ഭാവം സ്ഫുടം ചെയ്-
തേവം കാവ്യ പ്രപഞ്ചം , കമനി കവിത
വെൺചന്ദന സ്പര്‍ശമേറ്റൂ.

കാലം ചേലറ്റു നില്‍ക്കേ, മലയജയിവളെ-
സ്സാന്ത്വനസ്പര്‍ശമേറ്റാൻ
ഫുല്ലസ്മേരം പൊഴിച്ചൂ കവികളവ-
രുമേ മൂവരാണഗ്രഗണ്യർ
ചന്തം ചാലിച്ചു പിമ്പേ, ചല കിസല-
രവം പോലെയാവിർഭവിച്ചി-
ട്ടെന്നും ചുണ്ടിൽചുരത്തും കളമൊഴിക-
വിതക്കേകി, കാതോർത്തു കാലം!

ചെന്തീ ചോപ്പാർന്നു മാനം, ഘന കലുഷി-
തമാം കൂരിരുൾ ചെറ്റു നീക്കി-
സ്പന്ദിയ്ക്കും നവ്യലോകപ്പൊരുളിനു ചെ-
വിയോർത്തോരു കാലം ജനിക്കേ
സ്വന്തം ചിന്താശതങ്ങൾക്കിരുചിറകു-
കളേറ്റിച്ചുവപ്പിച്ചു മൂവർ-
വീണ്ടും കാവ്യപ്രപഞ്ചം, രണമുഖരി-
ത ശംഖാരവങ്ങൾ മുഴക്കീ.

പിന്നീടെന്നോ കൊഴിഞ്ഞൂ കവിത, വിത-
യെഴാക്കൊയ്ത്തുകാലം, വിതയ്ക്കാ-
യെന്നും ഗദ്യപ്രവാഹം കവികളൊരു-
പിടിക്കാവ്യമോ കഷ്ടി , കഷ്ടം!
സന്ദേഹം വേണ്ട തെല്ലും സകലകല-
കളും സഞ്ചരിയ്ക്കും, ധരിയ്ക്കൂ,-
യെന്നും നിത്യ സ്വരൂപം തരുമൊരഴകു
മേന്മേൽ ജയിക്കും, ജയിക്കും.

     സംസ്കൃത വൃത്തം സ്രഗ്ദ്ധരയിലാണു ഞാനീ നാൾവഴി വരച്ചത്. ഒരു വരിയിൽ  21 അക്ഷരം.
ലക്ഷണം മാത്രകൾ, ഗുരുലഘുക്കൾ, ഗണങ്ങൾ, യതി എല്ലാം പണ്ടുള്ളവർ പറഞ്ഞു വച്ചിട്ടുണ്ട്.
പക്ഷെ ഇതു സ്രഗ്ദ്ധരാബദ്ധമാക്കുമ്പോൾ എനിക്കു വൃത്തശാസ്ത്രം തുറന്നു വയ്ക്കേണ്ടി വന്നില്ല. ആ വൃത്തത്തിന്റെ താളം മനസ്സിലുൾക്കൊള്ളുകയേ വേണ്ടിവന്നുള്ളു. നിയമങ്ങൾ വരികളിൽ സ്വയമേ വന്നു കയറുകയായിരുന്നു. അപ്പോഴെങ്ങനെയാണു വൃത്തം പാരതന്ത്ര്യമാണു് എന്നു പറഞ്ഞു ഉത്തരാധുനീക കവികൾക്ക് അതുപേക്ഷിക്കേണ്ടി വരുന്നത്?പദ്യത്തെ അറിയാത്തതാണു അതിനെ തിരസ്കരിക്കുന്നവരുടെയും, തമസ്കരിക്കുന്നവരുടെയും ദൌർബല്യം. ആറ്റിൽക്കളയണെമെങ്കിലും അളന്നു കളയട്ടെ. കവികളുടെ വൃത്തനിരാസം വൃത്ത നിബദ്ധമായി കവിത എഴുതുന്നതിനുള്ള കഴിവില്ലായ്മയില്‍ നിന്നുടലെടുത്തതാകരുത്.


     കാവ്യത്തിന്റെ തേനലകളില്ലതെ, വാക്കുകൾ പടുത്തു വയ്ക്കുന്ന ശില്പങ്ങളില്ലാതെ, വൃത്ത നിബദ്ധമായി നാല്‍ക്കാലികളും ഇരുകാലികളും നിര്‍മ്മിക്കുന്നവരെ ന്യായീകരിക്കുകയല്ല ഇവിടെ ഇത്തരം രചനകൾ അനുവാചകനു പദ്യ കവിതകളോട് വിരക്തിയുണ്ടാക്കിയിട്ടുണ്ട് എന്നതിലും സംശയമില്ല. ഭാഷാ പാണ്ഡിത്യവും, വൃത്ത ശാസ്ത്ര അവഗാഹവും കവിതയെഴുത്തിനുള്ള അനിവാര്യതയല്ല. അതുമാത്രം കൈമുതലാക്കി കവിത രചിക്കാമെന്നു കരുതുന്നതും മൌഢ്യം തന്നെ. വൃത്തനിരാസത്തെ ന്യായീകരിക്കുന്നവര്‍ക്ക കൈമുതലായ പ്രധാന ആയുധവും ഇതു തന്നെ. പക്ഷെ അത്തരം രചനകളെ മാത്രമുദ്ധരിച്ച് പദ്യ കവിതക്ക് ഭൃഷ്ടു കല്‍പ്പിക്കുന്നവർ സമ്പന്നമായ മലയാള പദ്യ സാഹിത്യത്തെ വിസ്മരിക്കുകയാണ്.
     അക്ഷരമറിയാത്തവരും കെട്ടിയുണ്ടാക്കിയ ജീവസ്സുറ്റ നാടൻ പാട്ടുകളും കവിതകളും മലയാള
സാഹിത്യ ചരിത്രത്തിൽ നാഴികക്കല്ലുകളായിട്ടുണ്ട്. അവസരങ്ങൾ അനുകൂലമല്ലാതിരു ന്നതിനാൽ മാത്രം കവിയുടെ കനകസിംഹാ‍സനത്തിൽ കയറുവാൻ കഴിയാതെ പോയവരും ഒരുപാടുണ്ട്. എന്നാൽ ഭാഷാ പാണ്ഡിത്യം കവിയുടെ ജന്മ സിദ്ധിയെ അനായാസം പ്രകടിപ്പിക്കാനും കവിതയെ പരിപക്വമാക്കുവാനും ഉതകും എന്നതിലും സംശയമില്ല. വായനയിലൂടെ പരിപോഷിക്കപ്പെടുന്ന ഭാഷാ സ്വാധീനം അയത്നലളിതമായി , പ്രാസഭംഗിയോടെ, വാക്കുകളെ അടുക്കി ശില്പങ്ങൾ രൂപപ്പെടുത്തുവാൻ കവിയെ പ്രാപ്തനാക്കുന്നു. അഗാധവും വിപുലവുമായ വായനാ സമ്പത്താണു കവിതകെട്ടലിന്റെ അസംസ്കൃത വിഭവങ്ങൾ കവിയിൽ നിക്ഷേപിക്കുന്നത്.

അവസരത്തിനൊത്ത് അനർഗ്ഗളം ഒഴുകിയെത്തുന്ന വാക്കുകൾ!

     കവിത നശിപ്പിക്കുന്നതും വാക്കുകൾ തന്നെ.ഒരു കവിക്ക് അനുയോജ്യ വാക്കുകൾ പരതേണ്ടി വരില്ല. അതു സ്വയമേ വന്നുകൊള്ളും. അല്ലാതെയുള്ളവ വരികളെ വികലമാക്കുകയേ ചെയ്യൂ. കവിതക്ക് ജീവൻ നല്‍കുന്നത് വാക്കുകളാണു്. അവസരത്തിനൊത്തുപയോഗിക്കുന്ന ഒരു വാക്കില്പോലും കാവ്യ രസം തുളുമ്പുന്നതു കാണാം.
     വാക്കുകൾ ഉച്ചരിക്കുവാൻ മാത്രകൾ വേണം. ഹ്രസ്വാക്ഷരത്തിനും ദീർഘാക്ഷരത്തിനും യഥാക്രമം ഒന്ന്, രണ്ട് മാത്രകൾവേണ്ടി വരുന്നു ഉച്ചരിക്കുന്നതിനു്. ഉച്ചാരണത്തിലെ ഈ സമയ വ്യത്യാസത്തിലധിഷ്ടിതമയാണു താളങ്ങൾ രൂപമെടുക്കുന്നത്. അക്ഷരങ്ങളെ, വാക്കുകളെ കവിതയിൽ ഉദ്ദേശിക്കുന്ന താളത്തിനനുസരിച്ച് അടുക്കുമ്പോൾ വൃത്തങ്ങൾ രൂപം കൊള്ളുന്നു.
ഈ താളമാകട്ടെ കവിതയിലെ കാവ്യഭാവത്തിനനുസൃതമായി വേണം താനും .ഇങ്ങനെ കാവ്യഗുണത്തിനനുയോജ്യമായ വാക്കുകളും താളവും ഒഴുകിയെത്തുമ്പോഴാണു കവിത രൂപപ്പെടുന്നത്. പറയുവാനുദ്ദേശിക്കുന്ന കാവ്യാന്തരീക്ഷം സൃഷ്ടിക്കുവാൻ കവിക്കാകുന്നു.

കേട്ടിട്ടുണ്ടോ തുടികൊട്ടും കലർ-
ന്നോട്ടു ചിലമ്പിൻ കലമ്പലുകൾ
അയ്യയ്യാ വരവമ്പിളിപ്പുങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം

ഇവിടെ കവിയുടെ വാക്കുകളിൽ ഓട്ടു ചിലമ്പിന്റെ കലമ്പൽ കേൾക്കുകയും വരികളിൽ
ഭൂതത്തെ കാണുകയും ചെയ്യുന്നുണ്ട്. പരസ്പരം ചേരുന്ന വാക്കുകളുടെ ഇഴുകിച്ചേരലും
പ്രാസഭംഗിയും വരികൾ ഒറ്റവായനയിലേ ചുണ്ടിൽപ്പതിയുന്നു.

     കവിത അനുവാചകന്റെ ചുണ്ടിലൂറുമ്പോഴേ അതിനു പൂർണ്ണത കൈവരൂ, അനശ്വരത കൈവരൂ. അക്ഷര ജ്ഞാനമില്ലാത്തവരും കവിത ചൊല്ലി നടന്നിരുന്ന ഒരു കവിതക്കാലം നമുക്കുണ്ടായിരുന്നു. ഇന്നിപ്പോൾ സമകാലീന കവിതകണ്ട് മടുത്ത് സാധാരണക്കരന്‍ കവിത കണ്ടാല്‍ പേടിച്ചോടുന്ന കാലമാണു്. ഒരു വാചകം മുറിച്ചു നാലോ അഞ്ചോ വരികളാക്കി ഒരു മാര്‍ജ്ജിനരികിൽ നിരത്തുക, അര്‍ത്ഥ ഗ്രഹണത്തിൽ ദുരൂഹത മനഃപൂർവ്വം സൃഷ്ടിച്ച് കവിതയെ ഒരു പസ്സിലാക്കി അനുവാചകന്റെ മുമ്പിലിടുക. ഇതാണു പുതുകവിതയുടെ വൃത്തം. വൃത്ത നിരാസം സ്വീകരിച്ചു ഒരേ വൃത്തത്തിൽ കിടങ്ങുന്നു കറങ്ങുകയല്ലേ ഉത്തരാധുനീക കവിത ഇങ്ങനെ?. വാസ്തവത്തിൽ ഈ ‘ഗവിദ ‘കൾ ഇനിയും മടുക്കാത്തത് അതെഴുതുന്ന കവികൾക്കു മാത്രമല്ലേ?
    
      കവിത ഒരു മലർപോലെ  മൃദുലവും സുന്ദരവുമാകണം. ഇതളുകൾക്ക് നിയതമായ ആകാരഭംഗിയും അടുക്കും കൈവരുമ്പോഴാണു പുഷ്പങ്ങൾ മനോഹരമാവുന്നത്. അതുപോലെ കെട്ടിയുണ്ടാക്കുന്ന അക്ഷരപ്പൂക്കളാൽ ഇങ്ങനെയുള്ള വരിദളങ്ങളും ഉള്ളുലൂറുന്ന കാവ്യമധുരവും രൂപപ്പെടുമ്പോഴാണു ഒരു കവിത ജനിക്കുന്നത്. ഒരു കവിയെ സംബന്ധിച്ചിടത്തോളം ഈ നിർമ്മാണ പ്രക്രിയ സുഖകരമായ ഒരു അനുഭൂതിയാണു്.

ആ സുഖപ്രസവത്തിനെ ഇങ്ങനെ ശ്ലോകത്തിൽക്കഴിക്കാം എന്നു തോന്നുന്നു.

ആദ്യം കാവ്യമുറയ്ക്കണം, കവിതയിൽ-
ക്കൈവച്ചിടും മുമ്പതിൻ
ഭാവം തീവ്രമരച്ചു ചേർത്തു കഴിയും
മട്ടിൽ സ്ഫുടം ചെയ്യണം
ഹൃദ്യം വാക്കുകൾ വന്നിടട്ടെ, തനതാം
വാക്കിന്റെ ചെപ്പും തുറ-
ന്നേവം ചാരുത ചാര്‍ത്തിനിന്നു മൃദു
സംഗീതം പൊഴിച്ചീടണം!



 

5 comments:

  1. ആദ്യം കാവ്യമുറയ്ക്കണം, കവിതയിൽ-
    ക്കൈവച്ചിടും മുമ്പതിൻ
    ഭാവം തീവ്രമരച്ചു ചേർത്തു കഴിയും
    മട്ടിൽ സ്ഫുടം ചെയ്യണം
    ഹൃദ്യം വാക്കുകൾ വന്നിടട്ടെ, തനതാം
    വാക്കിന്റെ ചെപ്പും തുറ-
    ന്നേവം ചാരുത ചാര്‍ത്തിനിന്നു മൃദു
    സംഗീതം പൊഴിച്ചീടണം!
    തീര്‍ച്ചയായും നല്ലകവിതകള്‍ കാലമെത്ര കഴിഞ്ഞാലും മനസ്സില്‍തങ്ങിനില്‍ക്കും.അതിലെ വരികളും,വരികള്‍കൊണ്ടുവരച്ച രൂപങ്ങളും....
    ലേഖനം നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  2. വളരെ നന്ദി ഈ വിവരണത്തിന്..

    ReplyDelete
  3. ഒരു പാഠഭാഗം പോലെ ഈ അദ്ധ്യായം വായനക്കാര്‍ക്ക് പ്രയോജനകരമായിത്തീരട്ടെ.

    ReplyDelete
  4. ഷാജീ , വൈകിയാണ് ഞാൻ ഈ ലേഖനം കണ്ടത്. കവിത ചെരിഞ്ഞു വീണുകിടക്കുന്ന ഒരു മരമാണെന്നും ഏതു മരഞ്ചാടിക്കും അതിൽ ചാടിക്കയരാമെന്നും കരുതുന്നവർക്ക് നല്ല പാഠമാണ് ഈ ലേഖനം

    ReplyDelete
  5. ഒരു പാട് അറിവുകൾ പകരുന്ന നല്ലൊരു
    അദ്ധ്യായം ഇവിടെ വായിച്ചു .തൃപ്തിയോടെ
    പോകുന്നു .ആശംസകൾ .

    ReplyDelete