Saturday, July 21, 2012

ഏതാ നിന്‍ കുലം ?



ഏതാ നിന്‍ കുലം ?

ഏതാ നിന്‍ കുലമേതുരാജ്യമെവിടം
ജന്മസ്ഥലം ഹേ,പറ-
ഞ്ഞീടാന്‍ കര്‍ണ്ണ! അറിഞ്ഞിടട്ടെ നിയതം
ചൊല്ലേണമീ വേദിയില്‍.
സൂതന്‍ നിന്‍ പ്രിയതാതനോ? എവിടെനിന്‍
ചമ്മട്ടിയിമ്മട്ടിലി-
ശ്രീതാവും സഭയില്‍ക്കടന്നു വെറുതേ
നേരം കളഞ്ഞെന്തിനായ്?

ശ്രീകൃഷ്ണ കര്‍ണ്ണാമൃതം*

അയ്യയ്യോ ശനി, നാളെ ഞായറിനിയെന്‍
വയ്യായ്കനീങ്ങീടുമോ
പയ്യെപ്പയ്യെ നടന്നു വല്ലവിധവും
ചെല്ലേണമെന്താകിലും
വയ്യാ എന്നു പറഞ്ഞിടായ്ക മനമേ,
ശ്രീകൃഷ്ണ കര്‍ണ്ണാമൃതം
തയ്യാറാക്കിയൊരാളിതാ വടിയുമായ്
നില്‍ക്കുന്നു ഞാന്‍ പോയിടും!

(*പ്രൊഫസര്‍  ശ്രീലകം സാറിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതം (തര്‍ജ്ജമ) 

പുസ്തകപ്രകാശനം ഈ മാസം എട്ടിനു കോട്ടയത്ത് വച്ചു നടന്നു.
 പനിയായിരുന്നെങ്കിലും ഞാനും ചെന്നിരുന്നു. അതിനു തലേദിവസം
 എഴുതിയ ശ്ലോകമാണിത്)

കെല്പുതാ തമ്പുരാനേ!

*കപ്ലിങ്ങാടന്‍ ഋഷീന്ദ്രന്‍,രവി.ഞൊടിയിടയില്‍
ശ്ലോകമോതുന്ന കുട്ടന്‍
 നല്പീലിക്കണ്ണു,കണ്ണില്‍ക്കരളിലണിയുമ-
ശ്രീലകം, ശ്രീജ,ദേവന്‍
മുപ്പാരില്‍ മുമ്പിലെത്തും കവനകലയിലെ-
ക്കാതലാം ജാതവേദര്‍-
ക്കൊപ്പം ശില്പങ്ങള്‍ തീര്‍ക്കാന്‍ കഴിയുവതു സുഖം
 കെല്പുതാ തമ്പുരാനേ!

*എല്ലാം ശ്ലോകക്കാരാ.അരിയന്നൂര്‍ അക്ഷരശ്ലോകം സൈറ്റില്‍

 സ്വന്തംശ്ലോകങ്ങള്‍ തല്‍സമയം ചമയ്ക്കുന്ന ഒരു അക്ഷരശ്ലോക 
സദസ്സു നടക്കുന്നുണ്ട്. അതിലെ എഴുത്തുകാര്‍...!
 
രാമായണം!

വൃത്തം വൃത്തിപകര്‍ത്തിടും കവിതയെ-
ക്കെട്ടാനൊരുങ്ങുന്നവര്‍-
ക്കേറ്റം ശക്തിയണച്ചിടും വരികളാ-
മിപ്പൈങ്കിളിപ്പാട്ടുകള്‍
പേര്‍ത്തും പേര്‍ത്തുമുരയ്ക്കവേ, തെളിയുമെന്‍
 വാഗ് വൈഭവം നിസ്തുലം
സ്വത്താ,യിമ്മലയാളമമ്മ കരളില്‍-
ത്തൂവുന്നു; രാമായണം!


അനര്‍ത്ഥങ്ങള്‍

വൃത്തക്കേടിലിതൊലൊട്ടുമില്ല, കഠിനം
വക്കേറെ, വാക്കിന്നരം
തീര്‍ത്തും കുത്തിമുറിച്ചിടുന്ന കവിതാ
 പാദങ്ങള്‍ കൃത്യം സഖേ!
പേര്‍ത്തൊന്നാരുമറിഞ്ഞുനോക്കുവതിനോ
 തോന്നില്ലയെന്നാകിലും
വൃത്തം കുത്തിനിറച്ചിതായിതുവിധം
തീര്‍ക്കുന്നനര്‍ത്ഥങ്ങള്‍ ഞാന്‍ !!

4 comments:

  1. വൃത്തം കുത്തിനിറച്ചതി മധുരമായ്
    തീര്‍ക്കുന്നു ശ്ലോകങ്ങള്‍ താന്‍ !!


    (ശ്ലോകക്കാരില്‍ ശ്രീജയെ മാത്രമെ അറിയൂ. മറ്റുള്ളവരുടെ ലിങ്ക് തരാമോ?)

    ReplyDelete
    Replies
    1. നന്ദി വരികള്‍ക്ക്
      വൃത്തം തീര്‍ക്കുക വൃത്തിയുണ്ടു, വളരെപ്പേരുണ്ടിതാ കാണുക

      http://www.aksharaslokam.com/apps/forums/

      Delete
  2. വൃത്തത്തിലാക്കീടുവാൻ നോക്കീടുമെൻതല
    വൃത്തത്തിലയ്യോ ചുറ്റിടുന്നെപ്പോഴും

    ReplyDelete
  3. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete