Sunday, July 1, 2012

കാത്തിരിന്നോളു കാറ്റേ!



കാത്തിരിന്നോളു കാറ്റേ!
നാരായത്തിന്റെയറ്റത്തഴകിലൊരു പഴ-
ന്തൂവല്‍ ഞാന്‍ കെട്ടി ഞാത്തീ-
ട്ടോരാന്നോരോന്നു കോറി,പ്പൊടിയുമൊരു
നറും നീറ്റലിന്‍ നൂലു പട്ടം
പാരാളും പോര്‍ നിലത്തിന്‍ പെരുമനിറയുമീ-
ജാലകക്കോണിലൂടെ
സ്ഫാരാകാശപ്പരപ്പിന്‍ നെറുകയിലെറിയും,
 കാത്തിരിന്നോളു കാറ്റേ!

 
വരം താ! 


ശബ്ദാലങ്കാരഡംഭില്‍ക്കയറിയൊരുവിധം
 കാലുകെട്ടിക്കുലുക്കി-
ഝങ്കാരം തീര്‍ത്തു നില്‍ക്കും കവിതയിലിവനി-
ല്ലല്പവും സക്തിയെന്നാല്‍,
ശങ്കാഹീനം ശരിക്കും വരികളില്‍നിറയും
 പൊന്‍ വെളിച്ചം വിതയ്ക്കും
ശബ്ദാര്‍ത്ഥാഡംബരത്തിന്‍ വിരുതിനെ വിരലാല്‍-
ത്തൊട്ടുണര്‍ത്താന്‍ വരം താ! 

 
സര്‍ഗ്ഗ സല്ലാപ ലോകം!


ഈണം കെട്ടിക്കൊടുത്തും, സതതമിഴകളില്‍-
ക്കാവ്യഭാവം നിറച്ചും,
കാണുന്നോരുറ്റുനോക്കും പടി പദവടിവില്‍-
ക്കാലു നാലും ചമച്ചും,
ചാലേ ചൊല്ലിപ്പതിച്ചും, പലവുരു പതിരിന്‍
പൊട്ടു പാറ്റിത്തെളിച്ചും,
ചേലില്‍ശ്ലോകം ചമച്ചാല്‍ ശിവശിവ! യിവിടം
സര്‍ഗ്ഗ സല്ലാപ ലോകം!

 

കരവിരുത് 




മേലേ മേഘപ്പരപ്പില്‍പ്പെരിയകുടവുമായ്
വന്നു നില്‍ക്കുന്ന വര്‍ഷ-
ക്കോളിന്‍ കേളീതരംഗം ഝടിതി ശരമുതിര്‍-
ക്കുന്ന മട്ടില്‍ത്തൊടുക്കേ,
നീളേ, നാളേറെയായിപ്പുതുമഴ നനയാന്‍
കാത്തിരിക്കുന്ന വിത്തില്‍
പ്രാണന്‍ പൊട്ടിക്കിളിര്‍ക്കും കല,കരവിരുതി-
ന്നാരു ഹാ! തീര്‍ത്തു നല്‍കീ?



6 comments:

  1. ശങ്കാഹീനം ശരിക്കും വരികളില്‍നിറയും
    പൊന്‍ വെളിച്ചം വിതയ്ക്കും
    ശബ്ദാര്‍ത്ഥാഡംബരത്തിന്‍ വിരുതിനെ വിരലാല്‍-
    ത്തൊട്ടുണര്‍ത്താന്‍ വരം താ!

    ഉണ്ടല്ലോ വരം....

    ReplyDelete
  2. ശബ്ദാര്‍ത്ഥാഡംബര
    സര്‍ഗ്ഗ സല്ലാപ ലോകം

    ReplyDelete
  3. ഹായ് ശ്ലോകം... നുമ്മക്കൊറ്റ ശോകേ അറിയൂ... അമ്പത്തൊന്നക്ഷരാളീ.....

    പക്ഷേ കേൾക്കാനിഷ്ടം

    ReplyDelete
  4. വായനക്കും കുറിപ്പുകള്‍ക്കും നന്ദി അജിത്, കലാവല്ലഭന്‍, സുമേഷ്

    ReplyDelete
  5. Aasamsakal.
    Veendum kanaam.Eppol malayalam fond problem

    ReplyDelete