Sunday, December 5, 2010

മുകിലിനോട്

ഇന്നും കാത്തിവള്‍ പൂനിലാവുപുളകം
പെയ്യുന്ന രാവില്‍ക്കുളി-
ച്ചെന്നോടക്കുഴലൂതവേ ചുഴികളായ്
ചുറ്റിത്തിരിഞ്ഞങ്ങനെ
വര്‍ണ്ണച്ചിന്തുകള്‍ ചിത്രഭംഗി പകരും
നിന്‍ മേഘകാന്തിക്കറു-
പ്പെന്നും കണ്ണില്‍ നിറച്ചിടാന്‍! പ്രിയതമേ,
യെന്തേ മറന്നെന്നെ നീ?

കാര്‍മേഘാവൃതമെങ്കിലും തിരളുമാ
ജീവത്പ്രകാശം സദാ
വ്യാമോഹങ്ങള്‍ നിറച്ചിതെന്റെ മതിയോ-
ടെന്തോ പുലമ്പുന്നിതാ
ഹേ, മോഹിപ്പതു ഭംഗിയല്ല നിതരാം
നിന്‍മേഘ തീരങ്ങളില്‍
സാമോദം സകലാഭ പെയ്തു തിരനോ-
ട്ടം നീ നടത്തീടുക!

ഹാ ഹാ! കാര്‍മുകിലേറിടുന്നു കളിയല്ലാ-
കാശാമാകേയിരു-
ണ്ടാക്രോശിച്ചു തൊടുത്തിടുന്ന സുദൃഢം
മൌനക്കൊടുങ്കോട്ടകള്‍
പെയ്യും നിന്‍ ചുടു വീര്‍പ്പുകള്‍ തടമുറി-
ഞ്ഞേതും തുടര്‍ന്നീടുവാന്‍
പയ്യാരങ്ങളടക്കിഞാന്‍ പ്രിയതരം
സ്വപ്നങ്ങളില്‍ മേവിടാം.

No comments:

Post a Comment