Wednesday, March 10, 2010

മലയാള കവിത
-----------
സര്‍വ്വാലങ്കാര രൂപേ, ശ്രുതിമധുരവിലോലാംഗ മുഗ്ദേ നമസ്തേ,-
യിവ്വണ്ണം സൌകുമാര്യം തരുമൊരഴകു തീര്‍ത്തേതു ഭാഷയ്ക്കു മുത്തേ !
മൂവര്‍ ‍പണ്ടേ പകര്‍ന്നൂ, ജ്വലിതമനുപദം ഭക്തി ഭാവം സ്ഫുടം ചെയ്-
തേവം കാവ്യ പ്രപഞ്ചം , കമനികവിത വെണ്‍ചന്ദന സ്പര്‍ശമേറ്റൂ.
സ്രദ്ധര

വയലാര്‍
----------
താനേ തല്ലിത്തിമിര്ക്കും കളകളമൊഴുകിച്ചെഞ്ചുവപ്പഞ്ചി നില്‍ക്കും
വാനോളം വെണ്മയേറ്റിക്കവിത വരികളില്‍ത്താളമിട്ടാടി നില്ക്കും !
കാലം കാതോര്ത്തു നില്ക്കും രണമുഖരിതമാം ശംഖൊലിയ്ക്കും , കവിയ്ക്കും
ചേലാര്ന്നാരുണ്ടുണര്‍ത്താന്‍ പറയുക , വയലാറന്യ മായ് പ്പോയ് നമുക്കും
സ്രദ്ധര

സഖീ
--------
ചേക്കേറാനൊരു ചില്ല വേണമവിടെക്കൂട്ടില്‍ നിനക്കൊപ്പമേ-
തൂക്കേറുന്നൊരു കാറ്റിലും പുണരുവാനൊപ്പം തുണയ്ക്കായ് സഖീ
വാക്കിന്‍ മൌനമുരച്ചു മാറ്റി മധുരം കൂകൂരവം തീര്‍ത്തു നീ
കൊക്കാലെന്നുടെ കൊക്കിലും ചടുല സംഗീതം നിറച്ചീടുമോ?
ശാര്‍ദ്ദൂലവിക്രീഡിതം

വെളിച്ചം
-------
ഏറും നോവിന്‍ തരംഗത്തിരക,ളലക,ളാര്‍ത്തങ്ങലച്ചെന്റെ വേരും
വേരറ്റീടുന്ന നേരം, സുഖകര സമശീതോക്ഷ്ണഗേഹം തകര്‍ത്തും
പാരം തീഷ്ണപ്രകാശക്കണികകളലിവോലാതെ കുത്തിത്തുളച്ചെന്‍
നേരേതീര്‍ത്തൂ, ജ്വലിക്കും പവനകിരണമേറ്റുജ്ജ്വലിക്കുന്നിരിട്ടും .
സ്രദ്ധര

യാഗശ്വം
-------
യാഗാശ്വത്തിന്റെ നോവും മിഴികളിലുറയും കണ്ണുനീരിന്റെ വേവും
മാഴ്കാറില്ലെങ്കിലും നീ ചകിതമിഴികളാല്‍ തേടിടും സ്നേഹവായ്പ്പും
ലോകം കാണില്ല കഷ്ടം , പലയുഗമിനിയും പാഴിലായ് പ്പോയിടും നിന്‍ -
യോഗം , യാഗാശ്വമാവാന്‍ നിയതിയനുചിതം നിന്നിലേല്പിച്ചു ദൌത്യം
സ്രദ്ധര

No comments:

Post a Comment