Tuesday, July 7, 2015

ശിഖരണിയിൽത്തീർത്ത മലർത്തൊത്തുകൾ

ശിഖരണിയിൽത്തീർത്ത
മലർത്തൊത്തുകൾ


മലർത്തൊത്തോ തൊട്ടേൻ !
          കുതുകഭരിതം ചെറ്റു കുതറി-
പ്പറക്കാൻ നീയായും നിമിഷ-
         മിടയും കൺ മുനകളാൽ
തറച്ചോ തെറ്റാതെൻ ഹൃദയ-

         മഴകേ? നിന്റെ ചിറകിൽ
ക്കൊരുത്തീടായ്കിന്ന് പ്രിയ

       ഖഗവരാ, എന്നെ സദയം!

മലർത്തൊത്തും മൊത്തും നവ-
      ഹിമകണം കാണ്മു, പുലരി-
ക്കതിർക്കാമ്പും കത്തിപ്പകൽ വരി-
      കയായ്, കർമ്മകുശലൻ
രഥാരൂഢം ഗൂഢം ധരയിലെ-
      യിരുൾത്തേർ തടയുവാൻ
മടുക്കാതെന്നെന്നും ഗിരിനിര-
       കയറുന്നു സുകൃതം!

മലർത്തൊത്തിൽത്തട്ടിച്ചിറ-
      കടികളാൽ ഭൃംഗനിരകൾ
ചലിക്കുന്നൂ ചിത്രം! ചടുലതര-
      മതിൻ ലാസ്യ നടനം
ഇളം കാറ്റിൻ തോറ്റം കുളിരു-
     ചൊരിയും രംഗമിതുപോൽ
ചിലർക്കൊക്കും നിത്യം പ്രിയതര-
     മതിൻ ഭംഗി നുകരാൻ!

---------------------------------------------------------------------
കുറിപ്പ്: ശിഖരണി ഒരു സംസ്കൃതവൃത്തമാണു്. ആവൃത്തത്തിലെഴുതിയ മൂന്നു ശ്ലോകങ്ങൾ.
മലർത്തൊത്ത് = പൂമൊട്ട്, ശിഖരിണിയുടെ താളം വായിച്ചാൽ മാത്രം പിടികിട്ടില്ല. ചൊല്ലിക്കേൾക്കണം!

Tuesday, April 28, 2015

കുന്നിമുത്തുകൾ

കുന്നിമുത്തുകൾ

‘വേവും നീറ്റലടക്കി വച്ചു കിളിയേ, നിൻ-
കൂടണഞ്ഞിന്നു ഞാൻ‘
ആവോളം ചിരി ചുണ്ടിലേറ്റി ഉപചാ-
രം ചൊല്ലി വന്നാളവൾ
സ്വർണ്ണത്തൂവലിനാൽ‌പ്പൊതിഞ്ഞു വധുവായ്
പൊന്നിൻ കതിർക്കൂമ്പുപോൽ
നിന്നൂ, അമ്മപിതാവുബന്ധു സവിധൌ
മിന്നൽക്കൊടിത്തെല്ലുപോൽ!


കയ്യിൽത്താലമെടുത്തു വന്നു സഖിമാർ-
ക്കൊപ്പം നടക്കുമ്പൊഴാ
മെയ്യിൽ‌പ്പൊന്നൊളി മിന്നിടുന്നു, വെയിലിൽ-
ത്തൂവേർപ്പണിഞ്ഞോ മുഖം?
തയ്യാറായ് നിറദീപജാലമവിടം
നാദസ്വരം, മേളവും
നെയ്യാമ്പൽത്തളിരൊത്ത നിന്റെയുടലിൽ
വീണൂ മലർമാല്യവും.

സന്തോഷാശ്രു പൊഴിച്ചിടുന്നു, ഹൃദയം
തൊട്ടേ തലോടു,ന്നിവൾ-
ക്കെന്നും സാന്ത്വനമായി നിന്ന
ജനനീ സായൂജ്യ,മീസംഗമം.
സ്വന്തം തൂവൽ പറിച്ചെടുത്തു മകളെ-
ച്ചൂടിച്ചു, വെൺചന്ദന-
ക്കാന്തിക്കൂട്ടിലുരച്ചെടുത്തു കറപ-
റ്റാതെപ്പൊഴും കാത്തവർ.

മുന്നിൽത്താതനുതിർന്നിടുന്ന മിഴിനീ-
രൊപ്പുന്നിടം കയ്യിനാൽ,
കന്യാദാനമെടുത്തു നൽകി വിറയാർ-
ന്നീടും വലം കയ്യിനാൽ.
പിന്നിൽ വായ്ക്കുര പൊങ്ങിടുന്നു, പനിനീർ
തൂവു,ന്നിലത്താലിയിൽ
പൊന്നിൻ നൂലിഴ കോർത്തുകെട്ടി വധുവേൽ-
ക്കുന്നൂ വരൻ വേദിയിൽ.

പിന്നെത്താതനു മുന്നിലെത്തി പതിയെ-
ത്തേങ്ങിക്കരഞ്ഞാളവൾ;
തന്നെപ്പോറ്റിയ തൃപ്പദങ്ങൾ തൊടുവാ-
നായുന്നു, താങ്ങുന്നയാൾ.
വിങ്ങിപ്പൊട്ടിന മാതൃമേനി മുറുകെ-
പ്പൂണും, പ്രിയപ്പെട്ടതൻ
കുഞ്ഞിക്കൂട്ടിനകത്തു നിന്നു വിടചൊ-
ല്ലീടാൻ കുഴങ്ങുന്നവൾ.

വർണ്ണത്തൊങ്ങൽ പറന്നിടുന്നു, കളിവാ-
ക്കോതുന്നു നിൻ കൂട്ടുകാർ,
കണ്ണീർപ്പൂക്കൾ തുടച്ചുമാറ്റി വിടവാ-
ക്കോതാതെ നീ പോവുക.
അങ്ങേക്കൂട്ടിലൊരുക്കിവയ്ക്ക, മൃദുലം
സ്നേഹം, ദയാസൌരഭം
എണ്ണിക്കൂട്ടിയ കുന്നിമുത്തു വെറുതേ
തൂവട്ടെ ഞാൻ; ഭാവുകം!

Thursday, January 15, 2015

പ്രിയപ്പെട്ട…..

പ്രിയപ്പെട്ട…..


വല്ലാതിന്നനുതാപമേറ്റു ഹൃദയം
പൊള്ളുന്നതിനിൻ ചൂടിനാ-
ലില്ലാതായഹമെന്നുമല്ലൊരറിവായ്;
ശോകാതപം ജീവിതം.
കില്ലില്ലേതുമുടഞ്ഞിടുന്നു ക്ഷണികം
നീർപ്പോളപോൽ, നിസ്തുലം
എല്ലാവർണ്ണവുമാവഹിച്ചു ഭ്രമണം
നില്ലാതെ ചെയ്യുമ്പൊഴും.


കാണുന്നിക്കടലാഴവും, തിരകളും,
തീരത്തെയാൾക്കൂട്ടവും
ചേണാർന്നങ്ങു നഭസ്സു തീർത്ത തിരനോ-
ട്ടത്തിൻ നിറക്കാഴ്ചയും
തീരത്തുണ്ട് മഹോത്സവം! തിരമുറി-
ച്ചാർക്കും യുവത്വങ്ങളും
ആരോ തൊട്ടു മിനുക്കി വച്ച പല മണൽ-
ക്കൂടാരശില്പങ്ങളും.

നേരാണൽഭുത രംഗവേദിയിതുപോൽ
തീർക്കുമ്പൊളാർത്താർത്തിതാ
തീരത്തേക്ക് തിരക്കു കൂട്ടിയണയു-
ന്നോരോ തിരക്കൂട്ടവും.
നീരും നീരദ കാന്തിയും പകരമി-
ല്ലാത്തീക്കടൽക്കാഴ്ചയും
തീരുന്നോ,യിരുൾ മെല്ലെ മൂടി കടലും
നിശ്ചേഷ്ടമായ്, മൌനമായ്.

തീരം തീരെയിരുണ്ടു വന്നു, നിറയു-
ന്നാൾക്കൂട്ടമെങ്ങോ മറ-
ഞ്ഞേറെക്കെട്ടിയൊരുക്കി വച്ച കളിവീ-
ടൊട്ടൊക്കെയും മാഞ്ഞുപോയ്.
പാരം വിസ്മയലോകമെങ്ങു മറയു-
ന്നാവോ? മടങ്ങുന്നവർ
നേരാണൊന്നു തിരിഞ്ഞു നിന്നു വിടവാ-
ക്കേതും മൊഴിഞ്ഞില്ലഹാ!

ഏതോ പാഴ്ത്തിര മെല്ലെ വന്നു തലനീ-
ട്ടുമ്പോൾ മണൽത്തിട്ടിലായ്
ശ്രീതാവും വിരലൊന്നു തൊട്ട കവിതാ
ശീലിൻ വരക്കൂട്ടിതാ:
“ നീതാനുൾക്കടലുള്ളിലിട്ടു സകലം
നീറ്റു,ന്നതിൻ നിസ്വനം
സ്ഫീതാവേഗമിരമ്പിടുന്നു; കടാലാ-
വേഗം നമിക്കട്ടെ ഞാൻ!“

സ്നേഹപൂർവം

Thursday, December 18, 2014

ഭ്രാന്തൻ

ഭ്രാന്തൻ


എന്തേ കുത്തി വരച്ചിടുന്നു ചപലം
നീ തീർത്ത വെള്ളച്ചുമർ-
ച്ചന്തത്തെ,പ്പുതുമഞ്ഞുതുള്ളി രുധിര-
ച്ചായത്തിൽ മുക്കുന്നുവോ?
നൊന്തില്ലേ? കനിവിന്റെ കൂമ്പു കരളിൽ-
ക്കത്തിക്കരിഞ്ഞോ?പരൻ
പൂന്തൊത്തൊക്കെയൊടിച്ചു കൂട്ടി വിതറി-
പ്പൊട്ടിച്ചിരിക്കുന്നുവോ?

Friday, November 14, 2014

ചിലവമ്പന്‍ കവികള്‍ ചുംബനവിപ്ലവക്കാരാണത്രെ!

ചിലവമ്പന്‍ കവികള്‍ ചുംബനവിപ്ലവക്കാരാണത്രെ!




ചുമ്മാനിന്നു വരണ്ടുപോയ കവന-
ക്കാര്‍ക്കിന്നു മേലൊപ്പിടാന്‍
ചുണ്ടും കോട്ടി നിരന്നിടുന്ന യുവതേ,
മറ്റൊന്നുമില്ലേ ജ്വരം?
ചുണ്ടില്‍ ചുണ്ടു നിറച്ചിടുന്ന സുഖദ-
ത്തേനെന്ത് ? കൊണ്ടാടുമീ
വമ്പന്‍ ചുംബനവിപ്ലവപ്പടനില-
പ്പോരിന്റെ നേരെന്തു ഹേ!

Saturday, July 26, 2014

ബലി



ബലി


വന്നില്ലിന്നൊരു കാക്കയും, വെറുതെ ഞാ-
          നീറൻ മുറിക്കച്ചയാൽ
പിന്നിൽത്തള്ളിയടക്കി വച്ച മുറിവിൻ
          പുറ്റൊക്കെ മായിക്കവേ.
ഹൃന്നാളത്തിലമർന്നുടഞ്ഞു ചിതറും
          തേങ്ങൽ തെറിച്ചോ? മനം
നിന്നാളുന്നൊരു നീറ്റലിന്നു തടവാ-
          നെന്തുണ്ടു ലേപം സഖേ?

കണ്ണായ്ക്കാത്തു, കരുത്തു തന്നു, കനിവിൻ
      കൈവല്യമേ! നൊന്തു നീ-
യെന്നെപ്പെറ്റു പൊരുന്നിവച്ചു തനതാം
     കൈകാൽ‌പ്പെരുക്കം വരെ.
തന്നിൽ ദംഷ്ട്ര മറച്ചു വച്ചു പെരിയാ-
     കാശപ്പരപ്പിൽ സ്ഥിരം
കണ്ണേറിട്ടു പറന്നിടുന്ന കഴുകിൻ
     കാലിൽക്കൊരുത്തില്ല ഞാൻ.

പിന്നെക്കാലമനന്യമക്കരുണത-
      ന്നാഴക്കടൽ ഭ്രാന്തമാ-
യെന്നിൽ നിന്നു കവർന്നെടുത്തു; മരുഭൂ-
     വായെൻ മനം ക്ലാന്തമായ്.
തന്നില്ലൊന്നു,മെടുത്തുമില്ല; പലതാം
     കർമ്മക്കടൽ താണ്ടിയും
മിന്നൽക്കാന്തിയണഞ്ഞപോലെയെവിടെ-
     പ്പോയ് മാഞ്ഞുവോ വെട്ടമേ?

വന്നീടൂ വരദായകം തവ കര-
     സ്പർശത്തിനാൽ ജീവനിൽ-
ത്തന്നാലും തെളിനീർത്തണുപ്പു മൃതിവ-
     ന്നീടും വരേ ശാന്തതേ !
(ഉന്നിദ്രം ചെറു മൺചിരാതു തെളിയും
     വെട്ടം പരന്നൂ, തെഴു-
ത്തെന്നെത്തേടിയണഞ്ഞിടുന്നു തൊടുവാൻ!
     നീ താൻ, ദയാസിന്ധുവേ..!!)

Thursday, June 5, 2014

അടയാളം

അടയാളം

പുകമറ മാഞ്ഞു, തെളിഞ്ഞ ഭൂവിഹായ-
സ്സകലുകയായ് ദ്യുതി കാണ്മു ദൂരെയെങ്ങോ
ഘനമിരുൾ മാല വകഞ്ഞു മാറ്റി നിൽക്കും
കനകമയം ബഹുവർണ്ണലോകമാകാം.

കടമകളറ്റു, കടങ്ങളറ്റു ഭൂവിൽ
നടനമടങ്ങി, നടന്നു നീങ്ങിടുമ്പോൾ
പുനരൊരു ജീവിത പർവ്വമുണ്ട്; ഞാന-
ങ്ങണയുവതിന്നു, നിനച്ചിതുള്ളിൽ നിത്യം

വലിയൊരു പുസ്തകമുണ്ട് സൂക്ഷ്മമായി-
ട്ടെഴുതിവരുന്നു കണക്കു ചിത്രഗുപ്തൻ
കുനുകുനെ,യേടുകൾ തൊട്ടുനീക്കി നില്പു-
ണ്ടവിടെ, യിടക്കൊരു മാത്ര നോക്കിയെന്നെ.

പലകുറിയാക്കുറി പാളി നോക്കി ഞാനെൻ
വിലയറിയാനിഹലോകവാസ ചിത്രം
ഇറുകിയ കൺകളടച്ചു ചിത്രഗുപ്തൻ
പറയുകയായ് “ വില ശൂന്യമാണു നിന്റെ!“

“കയറുവതിന്നു നിനക്കു മാർഗ്ഗമില്ലി-
ക്കനകമയം പുനർജന്മസ്വർഗ്ഗ ഭൂവിൽ
നിയതമുണർത്തിയെടുത്തു വച്ചു നീയെ-
ന്തവനിയിൽ നിന്നടയാളമെന്തു നൽകി?

ജനിമൃതിനൂലിലിടയ്ക്കിടയ്ക്കു നീയോ
പണി പലതും ശരി ചെയ്തു കൂട്ടിയെന്നാൽ
നിജമതിലിന്നടയാളമായി മാറും
പൊഴുതുകളെത്രയറിഞ്ഞു വിത്തെറിഞ്ഞു?

അഘ,മഴൽ വാരി വിതച്ചു , നിന്നിൽ നേരിൻ
വിമുഖത കാട്ടി, വിളക്കണച്ചു മുന്നിൽ
മുഖപടമിട്ടു മറച്ചു വച്ചു, കർമ്മ-
ക്കടലുകൾ കണ്ടു കടന്നിടാതെ നിന്നു.

അറിയുക, നിന്നടയാളമാണു നീയെ-
ന്നയി മനുജാ! ഭുവി നട്ടുവച്ചു പോന്നു.
വിതയതു മണ്ണിൽമുളച്ചു പൊങ്ങിനിന്നെ-
ത്തിരയുമതാണു പുനർജ്ജനിച്ചയുണ്മ.“

വൃത്തം : മൃഗേന്ദ്രമുഖം