Thursday, June 5, 2014

അടയാളം

അടയാളം

പുകമറ മാഞ്ഞു, തെളിഞ്ഞ ഭൂവിഹായ-
സ്സകലുകയായ് ദ്യുതി കാണ്മു ദൂരെയെങ്ങോ
ഘനമിരുൾ മാല വകഞ്ഞു മാറ്റി നിൽക്കും
കനകമയം ബഹുവർണ്ണലോകമാകാം.

കടമകളറ്റു, കടങ്ങളറ്റു ഭൂവിൽ
നടനമടങ്ങി, നടന്നു നീങ്ങിടുമ്പോൾ
പുനരൊരു ജീവിത പർവ്വമുണ്ട്; ഞാന-
ങ്ങണയുവതിന്നു, നിനച്ചിതുള്ളിൽ നിത്യം

വലിയൊരു പുസ്തകമുണ്ട് സൂക്ഷ്മമായി-
ട്ടെഴുതിവരുന്നു കണക്കു ചിത്രഗുപ്തൻ
കുനുകുനെ,യേടുകൾ തൊട്ടുനീക്കി നില്പു-
ണ്ടവിടെ, യിടക്കൊരു മാത്ര നോക്കിയെന്നെ.

പലകുറിയാക്കുറി പാളി നോക്കി ഞാനെൻ
വിലയറിയാനിഹലോകവാസ ചിത്രം
ഇറുകിയ കൺകളടച്ചു ചിത്രഗുപ്തൻ
പറയുകയായ് “ വില ശൂന്യമാണു നിന്റെ!“

“കയറുവതിന്നു നിനക്കു മാർഗ്ഗമില്ലി-
ക്കനകമയം പുനർജന്മസ്വർഗ്ഗ ഭൂവിൽ
നിയതമുണർത്തിയെടുത്തു വച്ചു നീയെ-
ന്തവനിയിൽ നിന്നടയാളമെന്തു നൽകി?

ജനിമൃതിനൂലിലിടയ്ക്കിടയ്ക്കു നീയോ
പണി പലതും ശരി ചെയ്തു കൂട്ടിയെന്നാൽ
നിജമതിലിന്നടയാളമായി മാറും
പൊഴുതുകളെത്രയറിഞ്ഞു വിത്തെറിഞ്ഞു?

അഘ,മഴൽ വാരി വിതച്ചു , നിന്നിൽ നേരിൻ
വിമുഖത കാട്ടി, വിളക്കണച്ചു മുന്നിൽ
മുഖപടമിട്ടു മറച്ചു വച്ചു, കർമ്മ-
ക്കടലുകൾ കണ്ടു കടന്നിടാതെ നിന്നു.

അറിയുക, നിന്നടയാളമാണു നീയെ-
ന്നയി മനുജാ! ഭുവി നട്ടുവച്ചു പോന്നു.
വിതയതു മണ്ണിൽമുളച്ചു പൊങ്ങിനിന്നെ-
ത്തിരയുമതാണു പുനർജ്ജനിച്ചയുണ്മ.“

വൃത്തം : മൃഗേന്ദ്രമുഖം

Sunday, May 18, 2014

കവിതയിലെ കരകൌശലം



കവിതയിലെ കരകൌശലം

      ജീവിത സായന്തനത്തിൽ ഓര്‍മ്മച്ചിറകുകൾ മുറിഞ്ഞ് സ്മൃതി നാശത്തിലേക്ക് മുങ്ങിത്താണുകൊണ്ടിരിക്കുമ്പോഴും എന്റെ അമ്മ മറക്കാതെ ഉരുവിട്ടിരുന്നത് ചില കവിതാ ശകലങ്ങൾ മാത്രമായിരുന്നു. താന്‍ പണ്ട് ചൊല്ലിച്ചുണ്ടിൽ പതിപ്പിച്ച മലയാളം ശീലുകൾ. ശ്രീനാരായണ ഗുരുവിന്റെയും, കുമാരനാശാന്റെയും, വള്ളത്തോളിന്റെയും, ചങ്ങമ്പുഴയുടെയും, സഹോദരന അയ്യപ്പന്റെയും മാത്രമല്ല അറിയപ്പെടാതെ പോയ ഒരുപിടി നാടന്‍ കലാകാരന്മാരുടെയും വരെ ഈണത്തിൽ ചൊല്ലാവുന്ന കവിതകൾ. ഒരുപക്ഷെ, ഓര്‍മ്മയുടെ അറകളിൽ അവശേഷിക്കുന്നത് അവ മാത്രമാകാം. എന്തേ അവ മാത്രം അവശേഷിച്ചു?

     കല്ലുകളിൽ ഒളിഞ്ഞു കിടക്കുന്ന ശില്പത്തെ ഒരു ശില്പി കൊത്തിയുണര്‍ത്തുന്നതുപോലെ വാക്കുകൾ അടുക്കി വച്ച് അവയിൽ അന്തര്‍ലീനമായ താളത്തെയാണു കവി കവിതയിലൂടെ കണ്ടെത്തുന്നത്. അനുവാചകനാവട്ടെ വയനയിലൂടെ തന്നിലുടങ്ങിക്കിടക്കുന്നതാളത്തെ ഉണര്‍ത്തുകയും. കവിത കവിയേക്കാൾ കൂടുതൽ നാൾ ജീവിക്കുന്നത് ഉള്ളിലൂറുന്ന കാവ്യം കൊണ്ടുമാത്രമല്ല.

മുറ്റത്തെ മാ‍വിൽ നിന്ന്
ഉതിര്‍ന്നത്
അമ്മയുടെ കണ്ണീരായിരുന്നു...

എന്നാ‍ണു് വൈലോപ്പിള്ളി എഴുതിയിരുന്നെങ്കിൽ മാമ്പഴം എന്നേ ചീഞ്ഞു മണ്ണടിഞ്ഞേനെ. കേകയുടെ ശോക താളത്തിലേക്ക് ആര്‍ദ്രമായ വാക്കുകളുടെ അനുയോജ്യമായ സന്നിവേശമാണു് മാമ്പഴത്തിലെ ശീലുകളെ അനശ്വരമാക്കിയത്. അതെ, കവിത കാലദേശങ്ങളെ അതിജീവിക്കുന്നത് അതിനുള്ളിലെ കാവ്യത്തിനു താളാത്മകതയിലൂടെ ജീവൻ വയ്ക്കുമ്പോഴാണു്. സ്മൃതിനാശത്തിലും ചിതലരിക്കാതെ നിലനില്‍ക്കുന്ന കവിതാശകലങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെയാണു്. വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ശില്പങ്ങൾ കണ്ടെത്തുന്നവാനാണു കവി. ആ ശില്പചാതുരി കൈവരാത്തവരും കവിതയെഴുതുമെന്നു ശാഠ്യം പിടിച്ച പ്പോഴാണു മലയാള കവിത ഇങ്ങനെയൊക്കെ ആയിപ്പോയത്....
മലയാള കവിത വന്നു നിൽക്കുന്ന നാൾവഴിയെ ഞാൻ ഇങ്ങനെ വരക്കുന്നു.

സർവാലങ്കാര രൂപേ, ശ്രുതിമധുര-
വിലോലാംഗ മുഗ്ദ്ധേ നമസ്തേ,
ഇവ്വണ്ണം സൌകുമാര്യം തരുമൊരഴകു
തീർത്തേതു ഭാഷയ്ക്കു മുത്തേ !
മൂവർ ‍പണ്ടേ പകർന്നൂ, ജ്വലിതമനുപദം
ഭക്തി ഭാവം സ്ഫുടം ചെയ്-
തേവം കാവ്യ പ്രപഞ്ചം , കമനി കവിത
വെൺചന്ദന സ്പര്‍ശമേറ്റൂ.

കാലം ചേലറ്റു നില്‍ക്കേ, മലയജയിവളെ-
സ്സാന്ത്വനസ്പര്‍ശമേറ്റാൻ
ഫുല്ലസ്മേരം പൊഴിച്ചൂ കവികളവ-
രുമേ മൂവരാണഗ്രഗണ്യർ
ചന്തം ചാലിച്ചു പിമ്പേ, ചല കിസല-
രവം പോലെയാവിർഭവിച്ചി-
ട്ടെന്നും ചുണ്ടിൽചുരത്തും കളമൊഴിക-
വിതക്കേകി, കാതോർത്തു കാലം!

ചെന്തീ ചോപ്പാർന്നു മാനം, ഘന കലുഷി-
തമാം കൂരിരുൾ ചെറ്റു നീക്കി-
സ്പന്ദിയ്ക്കും നവ്യലോകപ്പൊരുളിനു ചെ-
വിയോർത്തോരു കാലം ജനിക്കേ
സ്വന്തം ചിന്താശതങ്ങൾക്കിരുചിറകു-
കളേറ്റിച്ചുവപ്പിച്ചു മൂവർ-
വീണ്ടും കാവ്യപ്രപഞ്ചം, രണമുഖരി-
ത ശംഖാരവങ്ങൾ മുഴക്കീ.

പിന്നീടെന്നോ കൊഴിഞ്ഞൂ കവിത, വിത-
യെഴാക്കൊയ്ത്തുകാലം, വിതയ്ക്കാ-
യെന്നും ഗദ്യപ്രവാഹം കവികളൊരു-
പിടിക്കാവ്യമോ കഷ്ടി , കഷ്ടം!
സന്ദേഹം വേണ്ട തെല്ലും സകലകല-
കളും സഞ്ചരിയ്ക്കും, ധരിയ്ക്കൂ,-
യെന്നും നിത്യ സ്വരൂപം തരുമൊരഴകു
മേന്മേൽ ജയിക്കും, ജയിക്കും.

     സംസ്കൃത വൃത്തം സ്രഗ്ദ്ധരയിലാണു ഞാനീ നാൾവഴി വരച്ചത്. ഒരു വരിയിൽ  21 അക്ഷരം.
ലക്ഷണം മാത്രകൾ, ഗുരുലഘുക്കൾ, ഗണങ്ങൾ, യതി എല്ലാം പണ്ടുള്ളവർ പറഞ്ഞു വച്ചിട്ടുണ്ട്.
പക്ഷെ ഇതു സ്രഗ്ദ്ധരാബദ്ധമാക്കുമ്പോൾ എനിക്കു വൃത്തശാസ്ത്രം തുറന്നു വയ്ക്കേണ്ടി വന്നില്ല. ആ വൃത്തത്തിന്റെ താളം മനസ്സിലുൾക്കൊള്ളുകയേ വേണ്ടിവന്നുള്ളു. നിയമങ്ങൾ വരികളിൽ സ്വയമേ വന്നു കയറുകയായിരുന്നു. അപ്പോഴെങ്ങനെയാണു വൃത്തം പാരതന്ത്ര്യമാണു് എന്നു പറഞ്ഞു ഉത്തരാധുനീക കവികൾക്ക് അതുപേക്ഷിക്കേണ്ടി വരുന്നത്?പദ്യത്തെ അറിയാത്തതാണു അതിനെ തിരസ്കരിക്കുന്നവരുടെയും, തമസ്കരിക്കുന്നവരുടെയും ദൌർബല്യം. ആറ്റിൽക്കളയണെമെങ്കിലും അളന്നു കളയട്ടെ. കവികളുടെ വൃത്തനിരാസം വൃത്ത നിബദ്ധമായി കവിത എഴുതുന്നതിനുള്ള കഴിവില്ലായ്മയില്‍ നിന്നുടലെടുത്തതാകരുത്.


     കാവ്യത്തിന്റെ തേനലകളില്ലതെ, വാക്കുകൾ പടുത്തു വയ്ക്കുന്ന ശില്പങ്ങളില്ലാതെ, വൃത്ത നിബദ്ധമായി നാല്‍ക്കാലികളും ഇരുകാലികളും നിര്‍മ്മിക്കുന്നവരെ ന്യായീകരിക്കുകയല്ല ഇവിടെ ഇത്തരം രചനകൾ അനുവാചകനു പദ്യ കവിതകളോട് വിരക്തിയുണ്ടാക്കിയിട്ടുണ്ട് എന്നതിലും സംശയമില്ല. ഭാഷാ പാണ്ഡിത്യവും, വൃത്ത ശാസ്ത്ര അവഗാഹവും കവിതയെഴുത്തിനുള്ള അനിവാര്യതയല്ല. അതുമാത്രം കൈമുതലാക്കി കവിത രചിക്കാമെന്നു കരുതുന്നതും മൌഢ്യം തന്നെ. വൃത്തനിരാസത്തെ ന്യായീകരിക്കുന്നവര്‍ക്ക കൈമുതലായ പ്രധാന ആയുധവും ഇതു തന്നെ. പക്ഷെ അത്തരം രചനകളെ മാത്രമുദ്ധരിച്ച് പദ്യ കവിതക്ക് ഭൃഷ്ടു കല്‍പ്പിക്കുന്നവർ സമ്പന്നമായ മലയാള പദ്യ സാഹിത്യത്തെ വിസ്മരിക്കുകയാണ്.
     അക്ഷരമറിയാത്തവരും കെട്ടിയുണ്ടാക്കിയ ജീവസ്സുറ്റ നാടൻ പാട്ടുകളും കവിതകളും മലയാള
സാഹിത്യ ചരിത്രത്തിൽ നാഴികക്കല്ലുകളായിട്ടുണ്ട്. അവസരങ്ങൾ അനുകൂലമല്ലാതിരു ന്നതിനാൽ മാത്രം കവിയുടെ കനകസിംഹാ‍സനത്തിൽ കയറുവാൻ കഴിയാതെ പോയവരും ഒരുപാടുണ്ട്. എന്നാൽ ഭാഷാ പാണ്ഡിത്യം കവിയുടെ ജന്മ സിദ്ധിയെ അനായാസം പ്രകടിപ്പിക്കാനും കവിതയെ പരിപക്വമാക്കുവാനും ഉതകും എന്നതിലും സംശയമില്ല. വായനയിലൂടെ പരിപോഷിക്കപ്പെടുന്ന ഭാഷാ സ്വാധീനം അയത്നലളിതമായി , പ്രാസഭംഗിയോടെ, വാക്കുകളെ അടുക്കി ശില്പങ്ങൾ രൂപപ്പെടുത്തുവാൻ കവിയെ പ്രാപ്തനാക്കുന്നു. അഗാധവും വിപുലവുമായ വായനാ സമ്പത്താണു കവിതകെട്ടലിന്റെ അസംസ്കൃത വിഭവങ്ങൾ കവിയിൽ നിക്ഷേപിക്കുന്നത്.

അവസരത്തിനൊത്ത് അനർഗ്ഗളം ഒഴുകിയെത്തുന്ന വാക്കുകൾ!

     കവിത നശിപ്പിക്കുന്നതും വാക്കുകൾ തന്നെ.ഒരു കവിക്ക് അനുയോജ്യ വാക്കുകൾ പരതേണ്ടി വരില്ല. അതു സ്വയമേ വന്നുകൊള്ളും. അല്ലാതെയുള്ളവ വരികളെ വികലമാക്കുകയേ ചെയ്യൂ. കവിതക്ക് ജീവൻ നല്‍കുന്നത് വാക്കുകളാണു്. അവസരത്തിനൊത്തുപയോഗിക്കുന്ന ഒരു വാക്കില്പോലും കാവ്യ രസം തുളുമ്പുന്നതു കാണാം.
     വാക്കുകൾ ഉച്ചരിക്കുവാൻ മാത്രകൾ വേണം. ഹ്രസ്വാക്ഷരത്തിനും ദീർഘാക്ഷരത്തിനും യഥാക്രമം ഒന്ന്, രണ്ട് മാത്രകൾവേണ്ടി വരുന്നു ഉച്ചരിക്കുന്നതിനു്. ഉച്ചാരണത്തിലെ ഈ സമയ വ്യത്യാസത്തിലധിഷ്ടിതമയാണു താളങ്ങൾ രൂപമെടുക്കുന്നത്. അക്ഷരങ്ങളെ, വാക്കുകളെ കവിതയിൽ ഉദ്ദേശിക്കുന്ന താളത്തിനനുസരിച്ച് അടുക്കുമ്പോൾ വൃത്തങ്ങൾ രൂപം കൊള്ളുന്നു.
ഈ താളമാകട്ടെ കവിതയിലെ കാവ്യഭാവത്തിനനുസൃതമായി വേണം താനും .ഇങ്ങനെ കാവ്യഗുണത്തിനനുയോജ്യമായ വാക്കുകളും താളവും ഒഴുകിയെത്തുമ്പോഴാണു കവിത രൂപപ്പെടുന്നത്. പറയുവാനുദ്ദേശിക്കുന്ന കാവ്യാന്തരീക്ഷം സൃഷ്ടിക്കുവാൻ കവിക്കാകുന്നു.

കേട്ടിട്ടുണ്ടോ തുടികൊട്ടും കലർ-
ന്നോട്ടു ചിലമ്പിൻ കലമ്പലുകൾ
അയ്യയ്യാ വരവമ്പിളിപ്പുങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം

ഇവിടെ കവിയുടെ വാക്കുകളിൽ ഓട്ടു ചിലമ്പിന്റെ കലമ്പൽ കേൾക്കുകയും വരികളിൽ
ഭൂതത്തെ കാണുകയും ചെയ്യുന്നുണ്ട്. പരസ്പരം ചേരുന്ന വാക്കുകളുടെ ഇഴുകിച്ചേരലും
പ്രാസഭംഗിയും വരികൾ ഒറ്റവായനയിലേ ചുണ്ടിൽപ്പതിയുന്നു.

     കവിത അനുവാചകന്റെ ചുണ്ടിലൂറുമ്പോഴേ അതിനു പൂർണ്ണത കൈവരൂ, അനശ്വരത കൈവരൂ. അക്ഷര ജ്ഞാനമില്ലാത്തവരും കവിത ചൊല്ലി നടന്നിരുന്ന ഒരു കവിതക്കാലം നമുക്കുണ്ടായിരുന്നു. ഇന്നിപ്പോൾ സമകാലീന കവിതകണ്ട് മടുത്ത് സാധാരണക്കരന്‍ കവിത കണ്ടാല്‍ പേടിച്ചോടുന്ന കാലമാണു്. ഒരു വാചകം മുറിച്ചു നാലോ അഞ്ചോ വരികളാക്കി ഒരു മാര്‍ജ്ജിനരികിൽ നിരത്തുക, അര്‍ത്ഥ ഗ്രഹണത്തിൽ ദുരൂഹത മനഃപൂർവ്വം സൃഷ്ടിച്ച് കവിതയെ ഒരു പസ്സിലാക്കി അനുവാചകന്റെ മുമ്പിലിടുക. ഇതാണു പുതുകവിതയുടെ വൃത്തം. വൃത്ത നിരാസം സ്വീകരിച്ചു ഒരേ വൃത്തത്തിൽ കിടങ്ങുന്നു കറങ്ങുകയല്ലേ ഉത്തരാധുനീക കവിത ഇങ്ങനെ?. വാസ്തവത്തിൽ ഈ ‘ഗവിദ ‘കൾ ഇനിയും മടുക്കാത്തത് അതെഴുതുന്ന കവികൾക്കു മാത്രമല്ലേ?
    
      കവിത ഒരു മലർപോലെ  മൃദുലവും സുന്ദരവുമാകണം. ഇതളുകൾക്ക് നിയതമായ ആകാരഭംഗിയും അടുക്കും കൈവരുമ്പോഴാണു പുഷ്പങ്ങൾ മനോഹരമാവുന്നത്. അതുപോലെ കെട്ടിയുണ്ടാക്കുന്ന അക്ഷരപ്പൂക്കളാൽ ഇങ്ങനെയുള്ള വരിദളങ്ങളും ഉള്ളുലൂറുന്ന കാവ്യമധുരവും രൂപപ്പെടുമ്പോഴാണു ഒരു കവിത ജനിക്കുന്നത്. ഒരു കവിയെ സംബന്ധിച്ചിടത്തോളം ഈ നിർമ്മാണ പ്രക്രിയ സുഖകരമായ ഒരു അനുഭൂതിയാണു്.

ആ സുഖപ്രസവത്തിനെ ഇങ്ങനെ ശ്ലോകത്തിൽക്കഴിക്കാം എന്നു തോന്നുന്നു.

ആദ്യം കാവ്യമുറയ്ക്കണം, കവിതയിൽ-
ക്കൈവച്ചിടും മുമ്പതിൻ
ഭാവം തീവ്രമരച്ചു ചേർത്തു കഴിയും
മട്ടിൽ സ്ഫുടം ചെയ്യണം
ഹൃദ്യം വാക്കുകൾ വന്നിടട്ടെ, തനതാം
വാക്കിന്റെ ചെപ്പും തുറ-
ന്നേവം ചാരുത ചാര്‍ത്തിനിന്നു മൃദു
സംഗീതം പൊഴിച്ചീടണം!



 

Friday, April 18, 2014

മനമാരു കണ്ടുവോ?

മനമാരു കണ്ടുവോ?


ദൂരേ ദൂതനറിഞ്ഞു ചാടി ശരവേ-
ഗം ഹാ! മഹാലങ്കതൻ
നേരേ; പാരമതുല്യകാന്തിവഴിയു-
ന്നാഴക്കടൽ ദ്വീപിലായ്
മാരിക്കാർമുകിൽ കാത്തിടുന്ന മയിലോ?
പേടിച്ച മാൻപേടയോ?
നേരാണാരിവളീവരാംഗി, വിരഹ-
ച്ചൂടിൽത്തപിച്ചിങ്ങനെ?

ചിത്രം! കട്ടിതു രാവണൻ ഭവതിയെ-
ച്ചിത്തേ പ്രതിഷ്ഠിച്ചു തൻ-
മെത്തും മൌഢ്യമുടച്ചുവാർത്തു പകരം
ഭാവം പകർന്നിങ്ങനെ.
ശക്തം തന്റെ കരൾത്തടത്തിൽ നുരയും
രാഗം തെഴുത്തീടവേ
അത്യാർത്തിക്കു വശപ്പെടാതെ ദിനവും
പൂജിച്ചുവോ ദേവിയെ?

ഏറെക്കാനനവർണ്ണ ഭംഗി വനിക-
ക്കെന്തേ വഴിഞ്ഞിന്നിവൾ-
ക്കേറും കാന്തി കവർന്നെടുത്തു കുതുകം
കൊണ്ടോ? വസന്തർത്തുവോ?
ശോകം പൂത്തിതുതിർത്തിടുന്നു നിതരാം
പൂക്കൾ, മിഴിപ്പൂക്കളാൽ
മാഴ്കും സീതയെ സംവദിച്ചു ഋതുഭേ-
ദം വന്ന പൂന്തോപ്പിതോ?

സന്ധ്യേ, ചന്ദന ലേപമില്ല, കവിളിൽ-
ക്കണ്ണീർക്കണച്ചാന്തെഴും,
സ്വന്തം കൂന്തൽ മറച്ചു വച്ച, വദന-
പ്പൊൻ തിങ്കൾ കണ്ടീലയോ?
എന്തേ നീ മറയുന്നിതെങ്ങ്? സഖി സീ-
തയ്ക്കിന്നു കൂട്ടാകുമോ?
സന്താപക്കടലാർത്തിടുമ്പൊളിവളേ-
കാന്തം കരഞ്ഞീടണോ?

ചാരേ നില്പിതു രാവണൻ, “സകല സൌ-
ഭാഗ്യങ്ങളാൽ ദേവി നിൻ
ചാരേ നിത്യമലങ്കരിക്കുമിവനിൽ
ച്ചേരൂ സുശീലേ ശുഭം”
ശൂരൻ രാക്ഷസരാജനക്കമനിതൻ
കാന്തി പ്രഹർഷത്തിൽ വീ-
ണേറേ മുട്ടി, അടഞ്ഞിടുന്ന ഹൃദയം
തള്ളിത്തുറന്നീടുവാൻ.!

“യേ യേ രാക്ഷസ, നില്ലു നില്ലു് വരുമെൻ
രാമൻ മഹാശൌരി, നിൻ
ഭൂയോഗത്തിനു ഭംഗമിന്നു തരുവാൻ“
ക്രൂദ്ധം മൊഴിഞ്ഞാളവൾ.
“പ്രേയാനില്ല വരില്ല മൈഥിലി, വരാൻ
പോരില്ലവൻ, പോരിലോ
ഭീയാണെന്നെ!, നിനക്കവൻ പ്രിയ സഖേ,
ചേരില്ല, ചേരെന്നിൽ നീ!!“

"നീയോ രാക്ഷസ! യജ്ഞഹവ്യമൊരുനാൾ
മോഷ്ടിച്ച നായ്ക്കുട്ടിപോൽ
നീയാട്ടുന്നു ദശാനനാ വെറുതെ വാൽ;
അന്ത്യം നിനക്കായെടോ".
വിക്ഷോഭത്തിലുയർന്നിടുന്ന നെടുവീർ-
പ്പായ് സീത; രോഷാഗ്നിയാൽ
ശിക്ഷിക്കാനുടവാളെടുത്തു ദശക-
ണ്ഠൻ കൈയുയർത്തുന്നിതാ

ക്ഷിപ്രം വന്നു തടുത്തിടുന്നിതൊരുവൾ
“ ഹാ രാജ്ഞിമണ്ഡോദരി-
ക്കൊപ്പം താനിതുയർന്നതില്ല, കണവൻ
വാളോങ്ങിടേ പണ്ടു നാൾ.
അന്നോ വെട്ടിയരിഞ്ഞു വീഴ്ത്തി മുലയും
മൂക്കും വൃഥാ ഭൂമിയിൽ
പെണ്ണിൻ മാനമുടച്ചതിൽ പിഴയൊഴി-
ച്ചില്ലന്നു നീ മൈഥിലീ”

ഏറും കൂരിരുൾ തിങ്ങി മൂടി, തരുവൃ-
ന്ദങ്ങൾ നിഴൽക്കൂടുകൾ
മൂകം ശാഖകൾ മെല്ലെ വീശി; ഒളിനോ-
ക്കുന്നുണ്ടു ചന്ദ്രക്കല;
നേരം തെറ്റിയുണര്‍ന്നിടുന്ന മതിവേ-
ഗങ്ങള്‍ക്കുമേല്‍ സീതയോ
സാകൂതം മിഴിനട്ടിരുന്നു, മനമ-
ന്നാര്‍ കണ്ടുവോ? മാമുനേ!!

Sunday, December 8, 2013

ഒരു മാലിനിച്ചിത്രം

ഒരു മാലിനിച്ചിത്രം 

കുതുകമിതു കഴുത്തിൽക്കെട്ടിഞാത്തുന്ന കേര---

ക്കുലകൾ നിരനിരക്കും കല്പവൃക്ഷങ്ങൾ കണ്ടാൽ

നിബിഡ ഹരിതഭംഗ്യാ ചേലചുറ്റിക്കിടക്കും

തരുണി,യതുലരമ്യം കാമ്യയായെന്നപോലെ.



അടിമുടി,യകഴകാണിക്കേരളത്തിൽത്തളിർക്കും

നെടിയ തരുകദംബം കണ്ണിനാനന്ദ ബിംബം

പടിമ പലതുമുണ്ടിന്നപ്രമേയം പ്രകൃത്യാ

ക്ഷിതിയിലെവിടെമറ്റെങ്ങേതു വൃക്ഷം ജയിപ്പൂ



കടമുതൽ മുടിയോളം ശില്പചാതുര്യമെത്തും--

പടി വിരുതു കലർത്തിത്തീർത്തുവച്ചൽഭുതം താൻ

തദനു തനുവശേഷം മർത്ത്യനുൽ‌പ്പന്നമാക്കാ--

നുതകി അതിവിദഗ്ദ്ധം നന്മ നൂൽക്കുന്നു; ചിത്രം!



കുറിയ കുറിയ വേരാൽ ണ്ണിനെപ്പുൽകി വാനിൻ-

നെറുക പുണരുവാനായ്പ്പൊങ്ങിനോക്കുന്നുവെങ്ങും

ചികുര,മതിവിശേഷം വീശി വിൺനർത്തനത്തിൻ

ചടുല ചലനലാസ്യം കൊട്ടിയാടുന്ന ചേലിൽ.



നിറകതിർവിടരുന്നപ്പൂക്കുലപ്പൊൻകുടത്തെ-

ച്ചെറിയ വെയിൽ വിരിച്ചോ പാളി നോക്കുന്നു സൂര്യൻ?

അമൃതു നിറകുടത്തെത്താങ്ങി നിൽക്കുന്നു, കമ്ര-

പ്രകൃതിയുടെ വിലാസം,  നന്മവൃക്ഷം! ശരിക്കും.

Friday, June 7, 2013

പടനിലം


പടനിലം

ശരം പ്രതിശരം നിര നിരന്നു രണഭൂമി
          നിറയുന്ന ശരമാരി നിറയേ,
പരാക്രമ ശരാക്രമണ ശസ്ത്ര വിജയങ്ങ-
          ളിലുയർന്ന രണഭേരിയുയരേ,
രഥം, പ്രതിരഥം, കിലുകിലോൽക്കടരവം, കു-
          തിര,യാൾപ്പട, ഗജൗഘ നിബിഡം
വൃഥാ ജ്വരനിവേശമടർനീണ്ടു നിഴൽവീണ
          മൃതിയാണ്ടഴുകിടും പടനിലം!
(ശംഭുനടനം)



അകലുന്നു സന്ധ്യ

പകലിന്നു കത്തിയമരുന്ന നേരമായ്,
പകലോന്റെ രൂപമതിരമ്യമാണ്ടുപോയ്
അകലുന്നു സന്ധ്യ പരിതാപമോടെ, യ-
ങ്ങകലെപ്പിറക്കുമുഡുശോഭ കാണ്‍കവേ!

(മഞ്ജുഭാഷിണി)

ഉഴിയൂ പ്രിയേ,


മനമെന്തിനോ വെറുതെ വിങ്ങിയോര്‍മ്മതന്‍
കിനിയുന്ന നോവിലലയാന്‍ തിടുക്കമായ്?
നനയുന്ന നീള്‍മിഴി വിടര്‍ത്തിയെന്നെയൊ-
ന്നുഴിയൂ പ്രിയേ, മതി പകര്‍ന്നിടും സുഖം!
(മഞ്ജുഭാഷിണി)


ഉടയുന്നതെന്തു?


വിടചൊല്ലി യാമിനി വിനമ്രമായി ഹാ!
 ഉടയുന്നതെന്തു മിഴിനീർ പൊഴിഞ്ഞതോ?
കദനം കടുത്തു കടലായ് നിറഞ്ഞു തൻ-
പതിയെപ്പിരിഞ്ഞ നിമിഷം മുതൽക്കിതാ.
 (മഞ്ജുഭാഷിണി)

മൃതി ധന്യമാക്കുമോ?


ഒരുമാത്ര മാത്രമരികത്തിരുന്നിതെൻ
മുറിവേറ്റ ഹൃത്തു  കഴുകിത്തുടയ്ക്കുമോ?
മരണം വരുന്നദിനമെത്തിടുമ്പൊഴാ-
വിരലൊന്നു തൊട്ടു മൃതി ധന്യമാക്കുമോ?
 (മഞ്ജുഭാഷിണി)

കരയൊല്ല


കരയൊല്ല നിന്റെ ചിരി ചാരെനിര്‍ത്തിയെന്‍
കരളില്‍ നിറക്ക നിതരാം സുഖോദയം
മറനീക്കിവന്ന  മുഴു ചന്ദ്രികാംബരം
നിറയട്ടെ രാവിലഖിലം നിരാമയം.
 (മഞ്ജുഭാഷിണി)

അഴലാഴി


ഒളിമങ്ങിയ നിന്റെ മന്ദഹാസ-
ത്തെളിനീരില്‍ നിഴല്‍ വീഴ്ത്തിടുന്ന നോവും,
പ്രിയതോഴനറിഞ്ഞിടുന്നു; വാഴ്വി-
ന്നയവില്ലാത്തഴലാഴി നീന്തി നീയും.
(വസന്ത മാലിക )



Wednesday, May 22, 2013

പാണൻ

പാണൻ

പാടിപ്പതിഞ്ഞ പഴയീണങ്ങളിൽപ്പുതിയ
         പാണൻ പടുത്തെറിയുമീ-
നാദങ്ങളിൽ നറുനിലാവെന്നപോലരിയ
          നക്ഷത്ര ദീപ്തി നിയതം.
ഏതോ വിഷാദകഥ ശോകർദ്രമായ് മനമ-
           റിഞ്ഞും, മുറിഞ്ഞുമൊഴുകേ,
നീതാൻ നിധാന ഗതകാലത്തുടിപ്പുകളി-
           ലാവിർഭവിച്ച സുകൃതം!

ചോടട്ടുപോയ മുള കാലത്തിനൊത്തു കവി
           മണ്ണിൽപ്പടർത്തിടുകയോ,
നേരറ്റ കാല കളിയാട്ടങ്ങൾതൻ നിഴലി-
        ലേതുണ്മ  തേടുവതു നീ?
പാടാൻ മറന്ന പഴശീലിന്റെ വെൺ ചിമിഴ-
         ളുക്കൊന്നിളക്കിടുകയോ,
ഈണം മറന്ന മൊഴിയാഴങ്ങളിൽത്തനതു
         താളങ്ങൾ തീർത്തിടുകയോ?

ഹാ! ഹൃദ്യ ഗാനകുളിരോളങ്ങൾ മുട്ടി മന-
         മേറെക്കുതിർന്നൊഴുകിടും
സാഹിത്യലാളനമനോരഞ്ജനം പ്രിയത-
         രം പദ്യപാദ പതനം.
മോഹങ്ങൾ കെട്ടു, നിറദീപങ്ങൾ മങ്ങി, യിരു-
         ളാഴുന്ന വീഥി നിറയു-
ന്നേകാന്തതേ വിട, വിമോഹാന്ധതേ പരമ-
         മാനന്ദലബ്ധിയിതുതാൻ.

ലോകം വിലോഭ ഗതിവേഗം കനത്തു കരു-
         വൂറുന്ന കന്മഷഭരം,
ശോകം പെരുത്തു ശരവേഗം കടന്നു കലു-
         ഷം കാലസംസ്കൃതികളും.
ആകല്പമുള്ളി,ലണയാതെണ്ണുവാൻ വഴി വ-
          രും ഭാവ നിർഝരികളാ-
യാകാരഭംഗി വഴിയും കാവ്യശീലു പണി-
          യാൻ പാണനെത്തുക ചിരം.


വൃത്തം: മത്തേഭം

Wednesday, May 1, 2013

ശ്ലോക സദസ്സുകൾക്കൊരാമുഖം

ശ്ലോക സദസ്സുകൾക്കൊരാമുഖം


ആത്മാവിൽച്ചിലരക്ഷരത്തെ നിതരാം
              പൂജിച്ചു നേദിച്ചിടു-
ന്നാത്മാനന്ദമണച്ചിടുന്ന തനതാം
                സാഹിത്യ സമ്പുഷ്ടതേ,
നീതാനെന്നെയുണർത്തിവിട്ടു വഴികാ-
               ണിക്കും മഹാ ദീപ്തിയായ്
ശ്രീതാവും കവി പൈതൃകങ്ങൾ മൊഴിയാൽ
               തൊട്ടിട്ടതാം ശ്ലോക ഭൂ!

കണ്ടേനിക്കലയൊത്ത പോലെ, പലരെ-
               ക്കണ്ടേൻ, പലേ ശ്ലോകികൾ-
ക്കുണ്ടാം ശൈലി, സദസ്സിനുള്ള പലതാം
               ശീലങ്ങൾ, ശീലായ്മകൾ
പണ്ടത്തെക്കല മണ്ടിടാതെ പുതുതാം
                ലോകത്തിലത്യൽഭുതം
കൊണ്ടാടും ചില പാഠശാല പലതു-
                ണ്ടിക്കേരളത്തിൽ സ്ഥിരം.

വാർക്കണം സംസ്കൃതം വൃത്തം
കാവ്യമൊത്തു യഥാവിധി
ശുദ്ധമായ്ത്തീർക്കണം ഗണം
ബദ്ധമാത്രകളിൽ സ്ഫുടം.

 ഇതിനെചൊല്ലിടാം ശ്ലോക-
ക്കവിതാ രീതിയെന്നതോ,
വരമായ് ത്തന്നു പോയതാം
തനതാം പൈതൃകം, നിധി

വട്ടമിട്ടു പരസ്പരം
കൃത്യമായക്ഷാരക്രമം
കാത്തു ചൊല്ലിടും വേദി
തീർത്തു പണ്ടു മഹാരഥർ.

പാദം മൂന്നിലെയാദ്യമാ-
മക്ഷരം പാദമാദ്യമായ്
നിന്നിടും ശ്ലോകമേതുമേ
ചൊല്ലിടാം പിന്തുടർന്നിടാൻ

കലയെക്കാര്യമായ് ക്കണ്ടോർ
പലരുണ്ടായതിൽ ഗുരു
എൻ കേ ദേശമെന്നു പേർ
കാവ്യ കേദാര വൃക്ഷമാം

പലനാൾ ചൊല്ലി ഞാൻ കേട്ടി-
ക്കലതൻ രീതി, സിദ്ധികൾ
സ്ഫുടമാക്കട്ടെ സാദരം
സദയം ചിന്തിതം തരൂ

വന്ദനം വേണമാദ്യമേ
സന്തതം ശ്ലോക വേദിയിൽ
വൃത്തമക്ഷര ചിട്ടകൾ
ഒത്തിടേണ്ടതിനെങ്കിലും.

ഉത്തമം കാവ്യ സത്തയിൽ
മുഗ്ദ്ധമാം പദ താരുകൾ
കോർത്തിടും ശ്ലോകമോതുവാൻ
നോക്കണം ശ്ലോകിയെപ്പോഴും


ഉച്ചരിക്കുന്ന വാക്കുകൾ-
ക്കെത്രയും വൃത്തി തോന്നണം
വൃത്തമാവർത്തനം തീർച്ച
ഹൃദ്യമാക്കുന്നു വേദികൾ.

വികടാക്ഷര വർജ്ജനം
പൊതുവേ നല്ലതായിടും
അഴകുള്ളവയെങ്കിലോ
ഒഴിവാക്കുക വേണ്ടടോ

പകരം വർഗ്ഗവ്യഞ്ജനം
തുടരാം, ഭംഗി നോക്കുകിൽ
തലനാരിഴ കീറിടും
നിയമം മാറ്റി വച്ചിടാം.

അഭ്യസിക്കുന്നവർക്കെഴും
ബുദ്ധി, സാഹിത്യ നൈപുണി
ശുദ്ധമുച്ചാരണം, ഭാഷാ-
സിദ്ധിയും , താള ബോധവും.

മംഗളം ചൊല്ലി നിർത്തണം
വന്ദനം  പോലെയാമതും
സങ്കടം തീർത്തിടും ശ്ലോകം
ശങ്ക വേണ്ട മഹത്തരം.