Tuesday, August 28, 2012

തിരുവോണം

തിരുവോണം



 ചിത്രങ്ങളൊക്കെപ്പൊടിഞ്ഞുപോയെങ്കിലും
എത്തുമിന്നും മന്നനെന്നു കാത്തീടുക
കാഴ്ച്ച വച്ചീടാന്‍ മലര്‍ക്കുമ്പിളും, കുറേ
കാത്തു വച്ചീടുന്ന സ്വപ്നങ്ങളും മതി
ഒക്കെപ്പൊലിപ്പിച്ചു വയ്ക്കുക, തീര്‍ച്ചയാ-
ണൊക്കുകില്‍ മന്നന്‍ വരാതിരിന്നീടുമോ?




തിരുവോണാശംസകള്‍ സുഹൃത്തേ...!!!

Monday, August 27, 2012

പൂരാടം പിന്നെ ഉത്രാടവും

പൂരാടം പിന്നെ ഉത്രാടവും

കാലം മായ്ചൊരു വര്‍ണ്ണഭംഗികളെഴും
കാഴ്ച്ചപ്പുറം തേടി ഞാന്‍
താലോലിച്ചു തുടച്ചു വച്ച കനവിന്‍
കണ്ണാടികള്‍ കണ്ടുവോ?
ഓലപ്പീപ്പി തെറുത്തെടുത്തു കുതുകാ-
ലൂതിത്തകര്‍ത്തുല്ലസി-
ച്ചോലും ബാല്യരസം തരാന്‍ പടിവരെ-
പ്പൂരാടവും വന്നുപോയ്!



ഉത്രാടം

കാണാം കാഴ്ചകള്‍ മുമ്പിലായെവിടെയും
ഞാനിട്ട പൂക്കൂട്ടുകള്‍
കാണുന്നോര്‍ക്കു ചിതം വരാന്‍ തവ കര-
സ്പര്‍ശം തലോടുന്നതും
ഉത്രാടത്തിനു പായുവാനവിരതം
കാലേയൊരുങ്ങുന്നതും
ചിത്രം തേ! മമ മാതൃ പുണ്യമതുലം
തൃക്കാല്‍ തൊടുന്നിന്നു ഞാന്‍ !

Sunday, August 26, 2012

മൂലം

മൂലം










മുക്കൂറ്റിക്കൊരു മുത്തമിട്ടു തൊടിയില്‍-
പ്പൂത്തുമ്പിയും, ചുറ്റിലും
ചെത്തിപ്പുങ്കുല കൂട്ടമായി വിരിയും
ചിത്രങ്ങളും മാഞ്ഞുവോ?
ഒത്താലിത്തിരി ചെമ്പരത്തി വെറുതേ
ചിക്കിപ്പരത്തീടണം
വൃത്തം ചേര്‍ക്കരുതിന്നു ഹേ, കളമിടാന്‍
മൂലം മറന്നീടൊലാ!

Saturday, August 25, 2012

തൃക്കേട്ട

തൃക്കേട്ട

പുത്തന്‍പൂക്കുടമുണ്ടെനിക്കു നിറയേ
വാടാത്ത പുഷ്പങ്ങളോ-
ടൊപ്പം കെട്ടിയൊരുക്കിവച്ച കപട-
ച്ചിത്രങ്ങളും ഹൃത്തിലായ്.
വയ്ക്കാം പൂക്കളമൊന്നതില്‍ക്കടുനിറം
ചായം പുരട്ടിപ്പഴേ-
ചിത്രക്കൂട്ടുകളൊക്കെ മാറ്റി , പകരം
തൃക്കേട്ട തീര്‍ക്കട്ടെ ഞാന്‍ !

Friday, August 24, 2012

അനിഴം

അനിഴം






കാക്കപ്പൂവുകുരുത്തമുറ്റമെവിടെ-
ക്കാണാവു? പൂത്തുമ്പികള്‍
പേര്‍ത്തും പേര്‍ത്തുമിറങ്ങിവന്നു വരിയായ്
നില്‍ക്കുന്നു മുറ്റത്തിതാ !
ഓര്‍ക്കുമ്പോള്‍പ്പുളകങ്ങള്‍ തീര്‍പ്പുവനിഴം
നാണിച്ചു നില്‍ക്കുന്നുവോ
തീര്‍ക്കാം നില്‍ക്കുക, സപ്തവര്‍ണ്ണഭരിതം
ചിത്രക്കളം ചിത്തിലായ്

Thursday, August 23, 2012

വിശാഖം

വിശാഖം

വൈശാഖം കണ്‍ തുറക്കെ,പ്പുലരൊളി ചെറുതായ്-
ക്കാണ്മു ദൂരേ; വിശാഖം
വശ്യം കണ്ണൊന്നു ചിമ്മി,ച്ചിതറിയ വെണ്‍ -
മയൂഖങ്ങളും വീഴ്ത്തി നില്‍പ്പൂ
ആശിച്ചിന്നും പുലര്‍ന്നാലരിയമണമെഴും
പൂക്കളാലേയെനിക്കും
മോഹപ്പൂമുറ്റമൊക്കെപ്പലകുറി മെഴുകി-
ത്തീര്‍ക്കണം ചെറ്റു വെട്ടം !

Wednesday, August 22, 2012

ചോതി

ചോതി











കാലത്തിന്റെയെടുത്തു ചാട്ട ദുരിതം
കാണില്ല പുഷ്പാഞ്ചിതം
മേടും പുല്‍ത്തലതോറുമേറിയണയും
സുസ്മേര സൂനങ്ങളും
ചോദിച്ചില്ലയൊരാളൊടും പലതരം
പുഷ്പങ്ങളിന്നേക്കു ഞാന്‍ ,
ചോതിപ്പൂക്കള്‍ നിരത്തണം മമ പിറ-
ന്നാളാണു, ചൊല്ലേറണം!!