Thursday, April 28, 2011

പുതുവര്‍ഷപ്പുലരി

***********

പിന്നില്‍പ്പിഞ്ഞിയ പോയകാല ഹതമോ-
ഹങ്ങള്‍, പഴമ്പാട്ടുകള്‍
തുന്നിക്കൂട്ടിയൊരുക്കി വച്ച സുലഭം
സ്വപ്നങ്ങള്‍, വന്‍ വീഴ്ച്ചകള്‍
എല്ലാം തള്ളിയകറ്റിയും പകരമി-
ക്കാലപ്പെരുക്കത്തിലെ-
ന്നുള്ളം കൊട്ടിയുണര്‍ത്തിടട്ടെ! പുലരും
രാവിന്‍ ചിലമ്പിന്‍ ഝിലം.

വെണ്‍ മേഘത്തിനു കുകുമഛവി പകര്‍ -
ന്നീടുന്നു പൂര്‍വ്വാംശുമാന്‍
ചെമ്മേ വന്നു തലോടി പൊന്‍പുലരിതന്‍
പൂഞ്ചായല്‍ പൂശീടവേ
മണ്ണില്‍ക്കത്തിയമര്‍ന്നു പോയ ഗതകാ-
ലത്തിന്‍ നഖപ്പാടുകള്‍,
കണ്ണീര്‍ക്കാഴ്ച്ചകള്‍ എണ്ണിമൂടി പുതുതാം
സ്വപ്നങ്ങളെത്തുന്നിടാം.

വര്‍ണ്ണത്തൂവലെനിക്കു വേണമൊരുനാള്‍
ഞാനിട്ടി പൂവിത്തുകള്‍
മണ്ണില്‍പ്പൊട്ടി മുളച്ചു പൊന്‍ കതിരിടും
ചിത്രം വരച്ചീടുവാന്‍
ഇന്നീ പൊന്നുഷസന്ധ്യതന്‍ കുളിരുമാ-
യെത്തുന്ന വര്‍ഷാഗമം
കണ്ണില്‍ത്തീര്‍ത്തു തെളിച്ചിടട്ടെ പുതുതാം
വര്‍ണ്ണക്കുറിക്കൂട്ടുകള്‍ !!

കണ്ടോ..?

കണ്ടോ, നിങ്ങളിതന്തിയില്‍ത്തെളിയുമീ-
നക്ഷത്ര ജാലം, നിശാ-
നിദ്രായാമമണഞ്ഞിടുന്നതുവരെ-
പ്പൊട്ടിച്ചിരിച്ചിങ്ങനെ
കണ്ടോ, ലോകമുറങ്ങിടുന്നൊരിരവില്‍
മൂകാന്ധകാരം പടര്‍-
ന്നുണ്ടാകുന്ന കൊടും വിഷാദ മഖിലം
കണ്ണില്‍ നിറച്ചിങ്ങനെ?



കണ്ടോ,യിന്ദു മുഖാംബുജത്തെളിമയും,
രാഗാര്‍ദ്ര ഭാവങ്ങളും,
സന്ധ്യാ സുന്ദര മുഗ്ദ്ധ ഭാവമഴകും,
തീര്‍ക്കുന്ന തേരോട്ടവും?
കണ്ടോ പിന്നെയണിഞ്ഞിടുന്ന വിരഹം
ചെഞ്ചോപ്പു മായിച്ചതും,
കണ്ടോ പൊന്‍ മുഖകാന്തിയില്‍ത്തെളിയുമാ
തീരാക്കളങ്കങ്ങളും?

പിന്നെ സ്സൂര്യനണഞ്ഞിടുന്നതുവരെ-
ക്കണ്‍കോണിലേകാന്തമായ്
കണ്ണീരിറ്റുവെളിച്ചവും, കരുണയും
തൂകിത്തിളങ്ങുന്നതും
കണ്ടാലത്ഭുതമേറെയുണ്ടു കുതുകാ-
ലെന്തോ തിരഞ്ഞിന്നു ഞാന്‍
കണ്ടൂ സ്വച്ഛ നിശാന്തരീക്ഷ സഖരെ-
ക്കണ്ണില്‍ നിറച്ചിങ്ങനെ!

Tuesday, April 26, 2011

വസന്ത മാലിക !

********************


പുലരിക്കതിരേറ്റുണര്‍ന്നു വാനം
പുളകം പൂണ്ടുണരുന്നു ഫുല്ല ജാലം
പുതുമഞ്ഞുമണിഞ്ഞു പുല്ലു പോലും
മൃദുലം മെത്തകള്‍തീര്‍ത്തു നില്‍പ്പു നീളേ!

കുയിലിന്‍ മൊഴി കൊച്ചു കൂട്ടുകാര്‍ വന്‍-
പ്രിയമോടേറ്റു പറഞ്ഞു നിന്ന മേളം
അളി വേണിക,ളീറനോടെ മന്ദം
കളഭം ചാര്‍ത്തി നടന്നു നീങ്ങിടുന്നു.

പുഴ,യോളമുണര്‍ന്നു താളമോടാര്‍-
ത്തൊഴുകും ഗീതമുയര്‍ന്നു കേള്‍പ്പുവെങ്ങും
കരയില്‍ ത്തരുരുശാഖ മെല്ലെയാട്ടി-
ച്ചിരിതൂകും സഖിയാളെ നോക്കി നില്പൂ.

ചെറു പയ്യുകള്‍ കൂട്ടുകൂടിയോടി-
ക്കറുകപ്പുല്‍ക്കൊടി തിന്നു മേഞ്ഞിടുന്നു
ഇടയില്‍ച്ചെറു കണ്ണിറുക്കി കൂകൂ-
രവമോടേ കുറുകും കപോത വൃന്ദം.

ഇതു നാള്‍ വഴി! മണ്മമറഞ്ഞു, കാല-
ച്യുതിയില്‍ക്കാഴ്ച്ചകള്‍ മങ്ങി മാഞ്ഞുവെന്നോ
വിഷമായ,മുടച്ചു വാ‍ര്‍ത്ത ലോക-
തൃഷകള്‍ കൊട്ടിയടച്ച ഭംഗി, ഭാഗ്യം.

Sunday, April 24, 2011

ഉയിര്‍പ്പിന്നു കണ്‍പാര്‍ത്ത്

ഉയിര്‍പ്പിന്നു കണ്‍പാര്‍ത്ത്


എന്തേ ക്രിസ്തുവുയിര്‍ത്തുവോ? പലരുമാ
വസ്ത്രാഞ്ചലം കീറിയും,
കുന്തക്കുര്‍മ്മുന കേറ്റിയും കുരിശിലേ-
ക്കന്നാനയിച്ചീലയോ,
ചിന്തിച്ചാല്‍ച്യുതി തോന്നിടും, തിരുപിതാ-
വിന്നും തവപ്പുത്രനെ-
ബ്ബന്ധിച്ചിട്ടു വലച്ചിടുന്നു, കുരിശാ-
ണെന്നും മകന്നാശ്രയം!

വന്‍ പാപങ്ങള്‍ തടുത്തതില്ല, കെടുതാം
ജന്മങ്ങള്‍, ചാ‍വേറുകള്‍
നിന്‍പാപം സ്വയമുള്ളിലാക്കി നിതരാം
നീറുന്നുവെന്റീശ്വരാ‍.
അന്‍പേറും മുഖ കാന്തിമങ്ങി, നെടുനാള്‍
ക്രൂശില്‍ക്കിടന്നാര്‍ത്തനായ്
തന്‍ മൃത്യുഞ്ജയ പൊന്‍പ്രാഭാത കിരണം
കാക്കുന്നുവോ ക്രിസ്തുവേ?

ശാര്‍ദ്ദൂല വിക്രീഡിതം

Sunday, December 5, 2010

മുകിലിനോട്

ഇന്നും കാത്തിവള്‍ പൂനിലാവുപുളകം
പെയ്യുന്ന രാവില്‍ക്കുളി-
ച്ചെന്നോടക്കുഴലൂതവേ ചുഴികളായ്
ചുറ്റിത്തിരിഞ്ഞങ്ങനെ
വര്‍ണ്ണച്ചിന്തുകള്‍ ചിത്രഭംഗി പകരും
നിന്‍ മേഘകാന്തിക്കറു-
പ്പെന്നും കണ്ണില്‍ നിറച്ചിടാന്‍! പ്രിയതമേ,
യെന്തേ മറന്നെന്നെ നീ?

കാര്‍മേഘാവൃതമെങ്കിലും തിരളുമാ
ജീവത്പ്രകാശം സദാ
വ്യാമോഹങ്ങള്‍ നിറച്ചിതെന്റെ മതിയോ-
ടെന്തോ പുലമ്പുന്നിതാ
ഹേ, മോഹിപ്പതു ഭംഗിയല്ല നിതരാം
നിന്‍മേഘ തീരങ്ങളില്‍
സാമോദം സകലാഭ പെയ്തു തിരനോ-
ട്ടം നീ നടത്തീടുക!

ഹാ ഹാ! കാര്‍മുകിലേറിടുന്നു കളിയല്ലാ-
കാശാമാകേയിരു-
ണ്ടാക്രോശിച്ചു തൊടുത്തിടുന്ന സുദൃഢം
മൌനക്കൊടുങ്കോട്ടകള്‍
പെയ്യും നിന്‍ ചുടു വീര്‍പ്പുകള്‍ തടമുറി-
ഞ്ഞേതും തുടര്‍ന്നീടുവാന്‍
പയ്യാരങ്ങളടക്കിഞാന്‍ പ്രിയതരം
സ്വപ്നങ്ങളില്‍ മേവിടാം.

Saturday, September 18, 2010

തീരം

***

മാനത്തെന്തിതൊരുത്സവം ! ധിമിധിമി-
ക്കൊട്ടും കുഴല്‍മേളവും
ആനത്തുമ്പികണക്കെഴും ചടുലമാം
വര്‍ഷത്തിമിര്‍പ്പും സദാ
പേനത്തുമ്പിലൊതുക്കുവാന്‍, ചപലമീ
നൃത്തം വരച്ചീടുവാന്‍
ഞാനോ പേനതുറന്നു; കോറിയിടുവാ-
നാവാതിരിപ്പൂ മുദാ!

ആരോമല്‍ത്തനു താളമോടെ പുണരും,
കാര്‍മേഘമാം കൂന്തലില്‍-
പ്പാരം പ്രേമമണച്ചുവച്ചു പുളകം
തേടുന്നൊരുന്മാദമേ ,
ചേരും രേതസ്സുതിര്‍ത്തു ഭൂമി മുഴുവന്‍
സ്നേഹോഷ്മളദ്ധാരയാ-
ലാരോ തീര്‍ത്തുചമച്ചുവച്ചൊരമൃതം
പെയ്യുന്നു വര്‍ഷങ്ങളായ്!

ദൂരെക്കൂട്ടിലെനിക്കുമുണ്ടു പലനാള്‍
മോഹിച്ചു ഞാന്‍ കൂട്ടിനാ-
യാരോടും പറയാതൊളിച്ച മധുരം
പ്രേമാമൃതം പൈങ്കിളി.
നേരോര്‍ക്കില്‍ത്തവ ഹര്‍ഷബിന്ദു പുളകം-
പെയ്യുന്ന നേരങ്ങളില്‍
ചാരേ നോക്കുക! നേരിവള്‍, അകലെ,യ-
ല്ലാകില്ലകന്നീടുവാ‍ന്‍ !

ഹാ!ഹാ! പെയ്തുകുതിര്‍ന്നു ഭൂമി മുഴുവ,-
ന്നീസ്നിഗ്ദ്ധ തീരങ്ങളില്‍
മോഹം തീര്‍ത്തു കൊരുത്തെടുത്ത ചിറകിന്‍
വര്‍ണ്ണാഭ നീ പൈങ്കിളീ!
തീരം ദൂരെയകന്നിടുന്നു, കമനീ
നിന്നെത്തിരഞ്ഞുല്‍ക്കടം
പാരം ശക്തിയണച്ചിതിന്നു തുഴഞാന്‍
തട്ടുന്നു തീരം വരേ!

(വൃത്തം ശാര്‍ദ്ദൂലവിക്രീഡിതം )

Saturday, July 31, 2010

ഹവ്യം

ആകാശങ്ങളിലാളിടും കൊടിയതാം
വാളിന്‍ തലയ്ക്കല്‍പ്പിടി-
ച്ചാഹാ! ഭൂമികുലുക്കിടുന്നു, പടത-
മ്പോറും മുഴങ്ങുന്നിതാ.
ദാഹം തീര്‍പ്പതിനായിടാം നിറമുകിl-
ത്താളം തൊടുത്തും തകര്‍-
ത്താഹാ!പെയ്തുനിറച്ചിടുന്നു മഴയായ്
സ്വച്ഛം ജലം ദാനമായ്.

ആവേശിച്ചതനന്തകോടിയമരും
ജീവല്‍ത്തുടിപ്പില്‍ച്ചിരം
തീവ്രം തീര്‍ത്തിതുണര്‍ത്തിടുന്നു ചലനം;
സര്‍വ്വത്ര സമ്മോഹനം .
തല്ലിത്തെന്നിയുലഞ്ഞലഞ്ഞു പുഴയായ് ,
തണ്ണീര്‍ത്തടം , വാരിധി-
ക്കല്ലോലങ്ങളുയര്‍ത്തി മണ്ണിനുയിരായ്-
ത്തീരുന്ന തീര്‍ത്ഥങ്ങളായ്

ദിക്കെട്ടും ദ്യുതി ചിന്നി ശക്തമിരുളും
കീറിത്തെളിക്കുന്നതും
ഇക്കാണുന്ന ജഗത്പ്രഭാവമഖിലം
തീര്ക്കാന്‍ ജ്വലിക്കുന്നതും
ആര്‍ക്കും നോക്കുമിടം നിറച്ചു നിറയായ്
ജീവന്‍ തുടിപ്പിച്ചതും
ദിക്കിന്‍ നാഥനതുല്യബലവാന്‍ പൂര്‍വ്വാം-
ശുമാന്‍ ഹേ, പ്രഭോ!


ആകാ‍ശങ്ങളുമാഴി,യബ്ധി,ഹിമവൂം
സാനുക്കളും തീരവും
ആകല്‍പ്പത്തിനണിഞ്ഞു നിന്നു വിലസും
തിങ്കള്‍ക്കൊടിത്തെല്ലിതും
ആഹാ! നിന്‍ കരവല്ലിയാല്‍ സകലവും
താനേ തലോടുമ്പൊഴും
ആഹൂതം തവദേഹമങ്ങു സദയം ലോക-
ത്തിനായ്, ഹവ്യമായ്.