Saturday, September 18, 2010

തീരം

***

മാനത്തെന്തിതൊരുത്സവം ! ധിമിധിമി-
ക്കൊട്ടും കുഴല്‍മേളവും
ആനത്തുമ്പികണക്കെഴും ചടുലമാം
വര്‍ഷത്തിമിര്‍പ്പും സദാ
പേനത്തുമ്പിലൊതുക്കുവാന്‍, ചപലമീ
നൃത്തം വരച്ചീടുവാന്‍
ഞാനോ പേനതുറന്നു; കോറിയിടുവാ-
നാവാതിരിപ്പൂ മുദാ!

ആരോമല്‍ത്തനു താളമോടെ പുണരും,
കാര്‍മേഘമാം കൂന്തലില്‍-
പ്പാരം പ്രേമമണച്ചുവച്ചു പുളകം
തേടുന്നൊരുന്മാദമേ ,
ചേരും രേതസ്സുതിര്‍ത്തു ഭൂമി മുഴുവന്‍
സ്നേഹോഷ്മളദ്ധാരയാ-
ലാരോ തീര്‍ത്തുചമച്ചുവച്ചൊരമൃതം
പെയ്യുന്നു വര്‍ഷങ്ങളായ്!

ദൂരെക്കൂട്ടിലെനിക്കുമുണ്ടു പലനാള്‍
മോഹിച്ചു ഞാന്‍ കൂട്ടിനാ-
യാരോടും പറയാതൊളിച്ച മധുരം
പ്രേമാമൃതം പൈങ്കിളി.
നേരോര്‍ക്കില്‍ത്തവ ഹര്‍ഷബിന്ദു പുളകം-
പെയ്യുന്ന നേരങ്ങളില്‍
ചാരേ നോക്കുക! നേരിവള്‍, അകലെ,യ-
ല്ലാകില്ലകന്നീടുവാ‍ന്‍ !

ഹാ!ഹാ! പെയ്തുകുതിര്‍ന്നു ഭൂമി മുഴുവ,-
ന്നീസ്നിഗ്ദ്ധ തീരങ്ങളില്‍
മോഹം തീര്‍ത്തു കൊരുത്തെടുത്ത ചിറകിന്‍
വര്‍ണ്ണാഭ നീ പൈങ്കിളീ!
തീരം ദൂരെയകന്നിടുന്നു, കമനീ
നിന്നെത്തിരഞ്ഞുല്‍ക്കടം
പാരം ശക്തിയണച്ചിതിന്നു തുഴഞാന്‍
തട്ടുന്നു തീരം വരേ!

(വൃത്തം ശാര്‍ദ്ദൂലവിക്രീഡിതം )

Saturday, July 31, 2010

ഹവ്യം

ആകാശങ്ങളിലാളിടും കൊടിയതാം
വാളിന്‍ തലയ്ക്കല്‍പ്പിടി-
ച്ചാഹാ! ഭൂമികുലുക്കിടുന്നു, പടത-
മ്പോറും മുഴങ്ങുന്നിതാ.
ദാഹം തീര്‍പ്പതിനായിടാം നിറമുകിl-
ത്താളം തൊടുത്തും തകര്‍-
ത്താഹാ!പെയ്തുനിറച്ചിടുന്നു മഴയായ്
സ്വച്ഛം ജലം ദാനമായ്.

ആവേശിച്ചതനന്തകോടിയമരും
ജീവല്‍ത്തുടിപ്പില്‍ച്ചിരം
തീവ്രം തീര്‍ത്തിതുണര്‍ത്തിടുന്നു ചലനം;
സര്‍വ്വത്ര സമ്മോഹനം .
തല്ലിത്തെന്നിയുലഞ്ഞലഞ്ഞു പുഴയായ് ,
തണ്ണീര്‍ത്തടം , വാരിധി-
ക്കല്ലോലങ്ങളുയര്‍ത്തി മണ്ണിനുയിരായ്-
ത്തീരുന്ന തീര്‍ത്ഥങ്ങളായ്

ദിക്കെട്ടും ദ്യുതി ചിന്നി ശക്തമിരുളും
കീറിത്തെളിക്കുന്നതും
ഇക്കാണുന്ന ജഗത്പ്രഭാവമഖിലം
തീര്ക്കാന്‍ ജ്വലിക്കുന്നതും
ആര്‍ക്കും നോക്കുമിടം നിറച്ചു നിറയായ്
ജീവന്‍ തുടിപ്പിച്ചതും
ദിക്കിന്‍ നാഥനതുല്യബലവാന്‍ പൂര്‍വ്വാം-
ശുമാന്‍ ഹേ, പ്രഭോ!


ആകാ‍ശങ്ങളുമാഴി,യബ്ധി,ഹിമവൂം
സാനുക്കളും തീരവും
ആകല്‍പ്പത്തിനണിഞ്ഞു നിന്നു വിലസും
തിങ്കള്‍ക്കൊടിത്തെല്ലിതും
ആഹാ! നിന്‍ കരവല്ലിയാല്‍ സകലവും
താനേ തലോടുമ്പൊഴും
ആഹൂതം തവദേഹമങ്ങു സദയം ലോക-
ത്തിനായ്, ഹവ്യമായ്.

വേദിക്കു വെളിച്ചമായ്....

കുട്ടന്‍ ഗോപുരതുംഗനെന്‍ പ്രിയസുഹൃ-
ത്തേകുന്നു ശ്ലോകങ്ങളാല്‍
കെട്ടിക്കൂട്ടിയൊരുക്കിയൊട്ടസുലഭം
മാല്യങ്ങള്‍ നാള്‍തോറുമേ
പെട്ടെന്നണതു പൊട്ടിവീഴുക ദൃഢം
കാതോര്‍ത്തിരുന്നീടുകില്‍
കിട്ടും ഹാസ രസപ്രധാന സുഖദം
സാരസ്യപൂരം സ്ഥിരം

ശ്രീമാന്‍ ശ്രീലകമെങ്ങുപോയ് പ്രിയതരം
പുല്ലാംകുഴല്‍ മൌനമായ്
ശ്രീമങ്ങുന്നിതു വേദിയില്‍ക്കളകളം
താളം വളര്‍ത്തൂ സഖേ
ശ്രോതാവായിയൊതുങ്ങിയോ?എവിടെ ഹാ!
ഫ്രാന്‍സിന്റെ പെണ്‍ കോകിലം
ശ്രീതാവും ചില ദേവിമാര്‍ പ്രതിദിനം
നല്‍കും വരം സൌഭഗം!

ഈ മട്ടിങ്ങനെ ചിന്തയില്‍പ്പലതരം
ശ്ലോകങ്ങള്‍ ചാലിച്ചിരു-
ന്നേവം രാത്രി കഴിച്ചിടാം ഇരവിതാ-
യേറുന്നുറങ്ങീടുവാന്‍
ഏതോ രാക്കുയില്‍ മൂളിയോ, വിമുഖമായ്
ഞാനും മടങ്ങുന്നിതാ
യാമം രണ്ടു കഴിഞ്ഞു, യാമിനി കടക്ക-
ണ്ണാല്‍ വിളിക്കുന്നുവോ!

Saturday, July 24, 2010

ശാര്‍ദ്ദൂല വിക്രീഡിതത്തില്‍ കുറച്ചു കവിതകള്‍

കണ്ണില്‍ക്കണ്മുന കൊണ്ടു നീ പ്രീയ സഖീ,
തല്ലുമ്പൊഴെല്ലാം മന-
ക്കണ്ണിന്‍ക്കാഴ്ചകള്‍ മങ്ങിടും; പ്രണയമോ,
കത്തുന്ന കാമാഗ്നിയോ ?
എന്നെത്തന്നെ മറന്നു ഞാന്‍ മുഴുകിടും
നിമ്നോന്നതങ്ങള്‍ക്കു മേല്‍
വന്നെന്‍ കണ്ണു തുറക്കുവാന്‍ തുനിയണേ-
യഞ്ചമ്പ! നീന്നന്‍പിനാല്‍ !

****

കാലം കെട്ടിയൊരുക്കിയൊട്ടതുലമാം
മന്ത്രങ്ങളുണ്ടായതിന്‍
ചേലോ ചാലകമായി കര്‍മ്മരഥ സ-
ഞ്ചാരം തുടങ്ങീടണം
സ്ഥൂലം ജീവിത നാടകക്കളരിയില്‍-
ക്കത്തിപ്പടര്‍ന്നാളിടും
കോലം കെട്ടിയൊരുങ്ങിടാന്‍ പകരമി-
ന്നാരേ വിളിച്ചീടുവാന്‍ ?

****

കത്തിക്കേറിയുയര്‍ന്ന വര്‍ഗ്ഗവെറി തന്‍
മുറ്റത്തു കയ്പത്തികള്‍
വെട്ടിക്കീറിയറഞ്ഞിടുന്നു മത വി-
ശ്വാസം വളര്‍ത്തീടുവാന്‍
പൊട്ടിപ്പോമൊരു കൊച്ചു നീര്‍ക്കുമിളയോ,
കത്തുന്ന കാലുഷ്യമോ
സത്തായിന്നു ഭവിച്ചിടുന്നു, പലതാം
വിശ്വാസ ദുര്‍ഗ്ഗങ്ങളില്‍ ?

*****

സങ്കല്പച്ചെറു തേരിലേറി വെറുതേ,
പാറുന്നിതാ മാനസം
വങ്കത്തം പലതാണു കൂടെ കവിത-
ക്കമ്പം പെരുത്തെപ്പൊഴും
പങ്കപ്പാടിതു,കെട്ടിടുന്നു ചപലം ശ്ലോക,-
ങ്ങളെന്നാലതില്‍
ശങ്കാഹീനമുരച്ചിടാന്‍ കവിതതന്‍
ഭാവം തുലോം നിഷ്ഫലം

*****

ആകാശങ്ങളിലാളിടും കൊടിയതാം
വാളിന്‍ തലയ്ക്കല്‍പ്പിടി-
ച്ചാഹാ! ഭൂമികുലുക്കിടുന്നു, പട,ത-
മ്പോറും മുഴങ്ങുന്നിതാ.
ദാഹം തീര്‍പ്പതിനായിടാം നിറമുകില്‍-
ത്താളം തൊടുത്തും തകര്‍-
ത്താഹാ!പെയ്തുനിറച്ചിടുന്നു മഴയായ്
സ്വച്ഛം ജലം ദാനമായ്.

*****

മാതൃത്വത്തിനു മാറ്റുരച്ചു പകരം പൊ-
ന്നിന്റെ കുന്നൊന്നു നീ
സാദൃശ്യം വരുമാറു ഹന്ത! വെറുതേ
ദൈവത്തിനര്‍പ്പിക്കിലും
ശ്രീതാവും ദ്യുതി ചിന്തുകില്ല, പകരം
മണ്ണിന്‍ ചെരാതൊന്നു താന്‍
നേദിച്ചീടുക വെട്ടമായ് ഒടുവിലീ-
യമ്മയ്ക്കു കൂട്ടായ് സദാ.

Sunday, July 4, 2010

വ്രീളാലോലവിലോചനേ വിധുമുഖീ ,
വെണ്മുത്തു രത്നാംബര-
ച്ചേലോ, ചേലിലണിഞ്ഞു നിന്‍ ചൊടിയിലായ്
തഞ്ചുന്നൊളിത്തെല്ലിലോ
ആളും കാന്തി? കടഞ്ഞെടുത്ത കവിതേ,
കാംക്ഷിപ്പു നിന്‍ ലാളനാ-
മേളം ചുണ്ടിലുണര്‍ത്തിടുന്ന സുഖദ-
ത്തേനുണ്ടു വണ്ടായിടാന്‍ !!

****

ചെഞ്ചുണ്ടില്‍ച്ചെറു മന്ദഹാസ സുഖദം,
സമ്മോഹനം മാറിടം
പൂഞ്ചായല്‍, ദ്യുതിയഞ്ചിടുന്ന മകുടം
മാണിയ്ക്ക രത്നാഞ്ചിതം
നെഞ്ചില്‍ക്കൊഞ്ചിയ രാധയും മുരളിയില്‍
രാഗാദ്രഭാവങ്ങളും
തഞ്ചും നന്ദകുമാര നിന്‍ നിഴലിലും
സൌന്ദര്യ,മെന്തത്ഭുതം !

***

ക്ഷിപ്രം വന്നു തടുത്തു, വില്ലിതൊടിയും
മട്ടില്‍ വലിച്ചേറ്റിയ-
ഞ്ചസ്ത്രം തീര്‍ത്തു തൊടുത്തു കര്‍ണ്ണനുടനേ
തെറ്റാതെ ലക്ഷ്യത്തിലായ്
ചിത്രം! കൊണ്ടതുടഞ്ഞു വീണിതവിടെ,-
ക്കത്തുന്ന ധാര്‍ഷ്ട്യത്തിനാല്‍
ചിത്തം ചീര്‍ത്തു പഴുത്തളിഞ്ഞു കപടം
ക്ഷാത്രം മരിയ്ക്കുന്നുവോ?

മിഥ്യ

***

സന്ധ്യക്കു പശ്ചിമ പയോധിയെരിച്ചടക്കും
ചെന്തീച്ചുവപ്പുമൊരു മിഥ്യസമം സ്മരിച്ചാല്‍
ചന്തത്തിനില്ല കുറവെങ്കിലുമെന്റെയീശാ-
യിന്ദുപ്രസാദവുമിദം പരകായ വേഷം !

സ്വാന്തം കറുത്തു കരിവീണ പയോധരങ്ങള്‍
ചിന്തുന്ന കാന്തിയതുലം, ചില നേരമെന്നാല്‍
ഏന്തുന്നു മിന്നലിടിവാളിതു മൂര്‍ച്ചയേറും
കുന്തം കണക്കു ധര കുത്തി മുറിച്ചിടുന്നൂ

കത്തിക്കരിഞ്ഞു മൃതരായയുഡുക്കളെന്നോ
സ്വത്വം വെടിഞ്ഞരിയ വെട്ടമണഞ്ഞു മാഞ്ഞു
സത്യത്തിലിന്നുമതിനുള്ളൊരു കാന്തി പൂരം
മിഥ്യാഭ്രമം! ഭ്രമമകറ്റണമെന്തു മാര്‍ഗ്ഗം ?

വിളക്കു കയ്യിലുണ്ടു...

തുടയ്ക്ക, കണ്ണു നീരണിഞ്ഞ നിന്‍ മുഖം പ്രിയേ, നമു-
ക്കിടയ്ക്കു നിര്‍ന്നിമേഷമായി വിണ്ണില്‍ നോക്കി നിന്നിടാം
തിടുക്കമെന്തിനീ ജഗത് വെളിച്ചമെത്ര നിസ്തുലം
കടുത്തിരുട്ടുമാട്ടി ദൂരെ നിക്കിടും യഥോചിതം.

തിരിച്ചെടുപ്പതിന്നു വയ്യ ജീവിതം വിലക്ഷണം
വലിച്ചെറിഞ്ഞു പിന്നിലായ് മറഞ്ഞു പോകിലോ സഖേ
വിലക്കു തീര്‍ത്തകറ്റി നിന്നെ മാറ്റിനിര്‍ത്തിയെങ്കിലും
വരിയ്ക്ക, കര്‍മ്മബന്ധമറ്റു പോയിടാതെ ജീവിതം

വിളക്കു നിന്റെ കയ്യിലുണ്ടണച്ചിടാതെ കൈ മറ-
ച്ചിളച്ചു വന്ന കറ്റിനെത്തടുത്തു നില്ല്കണം ചിരം
ചിതപ്പെടുന്നതൊക്കെയും ചിലര്‍ക്കു കാലമെന്തിനോ
യൊതുക്കിവച്ചകറ്റിടുന്നൊടുക്ക,മാര്‍ക്കു കണ്ടിടാം?

നമുക്കു നിര്‍വ്വചിച്ചിടാനനന്തമാണു കാ‍ഴ്ചകള്‍
കരത്തിനുള്ളിലുള്ളതും ശരിയ്ക്കു നമ്മള്‍ കണ്ടുവോ?
വിളക്കുകള്‍ കൊളുത്തിയുള്ളറക്കകത്തിരുട്ടിനെ-
ത്തെളി,ച്ചണച്ചു കണ്ണുകള്‍ തുറക്ക സന്തതം പ്രിയേ!