Tuesday, August 21, 2012

ചിത്തിര

ചിത്തിര


ചെത്തിപ്പൂവു, ചിരിച്ച മുല്ല, നറു തേ-
ന്മാവിന്റെ കൊമ്പത്തെഴും
പൂന്തൊത്തൊക്കെയറുത്തു ഞാന്‍ വിതറിയെന്‍
ചിത്തത്തിലായ് ചിത്തിര!
സ്വപ്നത്തുമ്പികള്‍ പാറിവന്നു പല പ-
യ്യാരങ്ങളും ചൊല്ലി മല്‍-
ച്ചിത്തിന്നുത്സവ മോദവായ്പു പെരുകും
മട്ടില്‍പ്പറക്കുന്നിതാ !!

സ്വപ്നം കൊണ്ടൊരു പൂക്കളം

സ്വപ്നം കൊണ്ടൊരു പൂക്കളം

അയ്യോ നേരം പുലര്‍ന്നൂ, ഇനിയുമെവിടെയെന്‍ പൂക്കളം ? ചെറ്റുനാളായ്,
വയ്യാതാകും വരേക്കും പുലരിയുണരെവേ തീര്‍ത്തുവച്ചമ്മപോയീ.
തയ്യാറാകേണമിന്നെന്‍ കനവിലെവിടെയോ പൂത്തു നില്‍ക്കുന്ന വാക്കിന്‍
പയ്യാരങ്ങള്‍ക്കുവീണ്ടും പഴയനിറമിടീച്ചിട്ടു വയ്ക്കട്ടെ പൂക്കള്‍...!!

അത്തം

അത്തപ്പൂക്കളമിട്ടുവോ? പലതരം
പൂ ചേര്‍ത്തു മുറ്റത്തിതാ
എത്തിപ്പോയൊരു പൂര്‍വ്വപുണ്യ സുകൃതം
കൊണ്ടാടുമോണോത്സവം.
ഒത്താ‍ലൊത്തിരിപൂക്കളും ഒരു മുറം
തീര്‍ത്തും നറും ശര്‍ക്കര-
ക്കൊപ്പം ചെത്തിയരിഞ്ഞിടാ-
നെവിടെയെന്‍ തുമ്പക്കുടം കൂട്ടരേ ?


                    *****






ചിത്തിരപ്പൂ പെറുക്കാന്‍ വരുന്നുവോ ?
കാത്തിരിക്കുന്നു നാളെ പ്പുലര്‍ന്നിടാന്‍...

Friday, August 17, 2012

പൊട്ടുകുത്തട്ടെ കാലം

 പൊട്ടുകുത്തട്ടെ കാലം

സാരാര്‍ത്ഥത്തെപ്പലതുമതുലം കോര്‍ത്തൊരുക്കീട്ടു നേരിന്‍-
സ്ഫാരാകാശദ്യുതി പകരുവാനൊത്തപോല്‍ കെട്ടി വിട്ടാല്‍
നേരാണോര്‍ക്കില്‍ക്കവിതചിറകും വച്ചു ദൂരങ്ങള്‍  താണ്ടു-
ന്നേരം, കാലം തിരയുമവളെപ്പൊട്ടു കുത്തിച്ചമയ്ക്കാന്‍!

(മന്ദാക്രാന്ത  )

രാമായണം!

വൃത്തം വൃത്തിപകര്‍ത്തിടും കവിതയെ-
ക്കെട്ടാനൊരുങ്ങുന്നവര്‍-
ക്കേറ്റം ശക്തിയണച്ചിടും വരികളാ-
മിപ്പൈങ്കിളിപ്പാട്ടുകള്‍
പേര്‍ത്തും പേര്‍ത്തുമുരയ്ക്കവേ, തെളിയുമെന്‍
 വാഗ് വൈഭവം നിസ്തുലം
സ്വത്താ,യിമ്മലയാളമമ്മ കരളില്‍-
ത്തൂവുന്നു; രാമായണം!

(ശാര്‍ദ്ദൂ ലവിക്രീഡിതം )

പുറം കാഴ്ച്ചകള്‍

മാറൂ മാറുമറച്ചിടാത്തപടി നീ
കെട്ടുന്ന കോലങ്ങളും ,
നേരേ നഗ്നശരീര ഭംഗി, വടിവായ്
ക്കാട്ടും പുറം കാഴ്ചയും
ചേരും സാരിയണിഞ്ഞിടുന്ന തരുണീ
നിന്നില്‍പ്പിറക്കുന്നിതാ
മാറിപ്പോയൊരു കേരളത്തനിമതന്‍
നൈര്‍മല്യവും നന്മയും!

(ശാര്‍ദ്ദൂ ലവിക്രീഡിതം )

താളം പിഴച്ചിന്നിതാ

    ഓലപ്പീപ്പിതെറുത്തെടുത്തു പലനാളൂതി,ക്കളിപ്പന്തുമായ്
    ചേലില്‍ക്കുത്തിമറിഞ്ഞറിഞ്ഞ മമ ബാല്യത്തിന്‍ മുതല്‍ക്കൂട്ടുകള്‍
    മാലാര്‍ന്നൊട്ടു  മുറിഞ്ഞിടുന്നു; ഋതുവിന്‍ താളം പിഴച്ചിന്നിതാ
    കാലംതെറ്റിയണഞ്ഞിടുന്നു മഴയും, മഞ്ഞും, കൊടുംവേനലും.

(ശാര്‍ദ്ദൂ ലവിക്രീഡിതം )

Saturday, July 21, 2012

ഏതാ നിന്‍ കുലം ?



ഏതാ നിന്‍ കുലം ?

ഏതാ നിന്‍ കുലമേതുരാജ്യമെവിടം
ജന്മസ്ഥലം ഹേ,പറ-
ഞ്ഞീടാന്‍ കര്‍ണ്ണ! അറിഞ്ഞിടട്ടെ നിയതം
ചൊല്ലേണമീ വേദിയില്‍.
സൂതന്‍ നിന്‍ പ്രിയതാതനോ? എവിടെനിന്‍
ചമ്മട്ടിയിമ്മട്ടിലി-
ശ്രീതാവും സഭയില്‍ക്കടന്നു വെറുതേ
നേരം കളഞ്ഞെന്തിനായ്?

ശ്രീകൃഷ്ണ കര്‍ണ്ണാമൃതം*

അയ്യയ്യോ ശനി, നാളെ ഞായറിനിയെന്‍
വയ്യായ്കനീങ്ങീടുമോ
പയ്യെപ്പയ്യെ നടന്നു വല്ലവിധവും
ചെല്ലേണമെന്താകിലും
വയ്യാ എന്നു പറഞ്ഞിടായ്ക മനമേ,
ശ്രീകൃഷ്ണ കര്‍ണ്ണാമൃതം
തയ്യാറാക്കിയൊരാളിതാ വടിയുമായ്
നില്‍ക്കുന്നു ഞാന്‍ പോയിടും!

(*പ്രൊഫസര്‍  ശ്രീലകം സാറിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതം (തര്‍ജ്ജമ) 

പുസ്തകപ്രകാശനം ഈ മാസം എട്ടിനു കോട്ടയത്ത് വച്ചു നടന്നു.
 പനിയായിരുന്നെങ്കിലും ഞാനും ചെന്നിരുന്നു. അതിനു തലേദിവസം
 എഴുതിയ ശ്ലോകമാണിത്)

കെല്പുതാ തമ്പുരാനേ!

*കപ്ലിങ്ങാടന്‍ ഋഷീന്ദ്രന്‍,രവി.ഞൊടിയിടയില്‍
ശ്ലോകമോതുന്ന കുട്ടന്‍
 നല്പീലിക്കണ്ണു,കണ്ണില്‍ക്കരളിലണിയുമ-
ശ്രീലകം, ശ്രീജ,ദേവന്‍
മുപ്പാരില്‍ മുമ്പിലെത്തും കവനകലയിലെ-
ക്കാതലാം ജാതവേദര്‍-
ക്കൊപ്പം ശില്പങ്ങള്‍ തീര്‍ക്കാന്‍ കഴിയുവതു സുഖം
 കെല്പുതാ തമ്പുരാനേ!

*എല്ലാം ശ്ലോകക്കാരാ.അരിയന്നൂര്‍ അക്ഷരശ്ലോകം സൈറ്റില്‍

 സ്വന്തംശ്ലോകങ്ങള്‍ തല്‍സമയം ചമയ്ക്കുന്ന ഒരു അക്ഷരശ്ലോക 
സദസ്സു നടക്കുന്നുണ്ട്. അതിലെ എഴുത്തുകാര്‍...!
 
രാമായണം!

വൃത്തം വൃത്തിപകര്‍ത്തിടും കവിതയെ-
ക്കെട്ടാനൊരുങ്ങുന്നവര്‍-
ക്കേറ്റം ശക്തിയണച്ചിടും വരികളാ-
മിപ്പൈങ്കിളിപ്പാട്ടുകള്‍
പേര്‍ത്തും പേര്‍ത്തുമുരയ്ക്കവേ, തെളിയുമെന്‍
 വാഗ് വൈഭവം നിസ്തുലം
സ്വത്താ,യിമ്മലയാളമമ്മ കരളില്‍-
ത്തൂവുന്നു; രാമായണം!


അനര്‍ത്ഥങ്ങള്‍

വൃത്തക്കേടിലിതൊലൊട്ടുമില്ല, കഠിനം
വക്കേറെ, വാക്കിന്നരം
തീര്‍ത്തും കുത്തിമുറിച്ചിടുന്ന കവിതാ
 പാദങ്ങള്‍ കൃത്യം സഖേ!
പേര്‍ത്തൊന്നാരുമറിഞ്ഞുനോക്കുവതിനോ
 തോന്നില്ലയെന്നാകിലും
വൃത്തം കുത്തിനിറച്ചിതായിതുവിധം
തീര്‍ക്കുന്നനര്‍ത്ഥങ്ങള്‍ ഞാന്‍ !!

Sunday, July 1, 2012

കാത്തിരിന്നോളു കാറ്റേ!



കാത്തിരിന്നോളു കാറ്റേ!
നാരായത്തിന്റെയറ്റത്തഴകിലൊരു പഴ-
ന്തൂവല്‍ ഞാന്‍ കെട്ടി ഞാത്തീ-
ട്ടോരാന്നോരോന്നു കോറി,പ്പൊടിയുമൊരു
നറും നീറ്റലിന്‍ നൂലു പട്ടം
പാരാളും പോര്‍ നിലത്തിന്‍ പെരുമനിറയുമീ-
ജാലകക്കോണിലൂടെ
സ്ഫാരാകാശപ്പരപ്പിന്‍ നെറുകയിലെറിയും,
 കാത്തിരിന്നോളു കാറ്റേ!

 
വരം താ! 


ശബ്ദാലങ്കാരഡംഭില്‍ക്കയറിയൊരുവിധം
 കാലുകെട്ടിക്കുലുക്കി-
ഝങ്കാരം തീര്‍ത്തു നില്‍ക്കും കവിതയിലിവനി-
ല്ലല്പവും സക്തിയെന്നാല്‍,
ശങ്കാഹീനം ശരിക്കും വരികളില്‍നിറയും
 പൊന്‍ വെളിച്ചം വിതയ്ക്കും
ശബ്ദാര്‍ത്ഥാഡംബരത്തിന്‍ വിരുതിനെ വിരലാല്‍-
ത്തൊട്ടുണര്‍ത്താന്‍ വരം താ! 

 
സര്‍ഗ്ഗ സല്ലാപ ലോകം!


ഈണം കെട്ടിക്കൊടുത്തും, സതതമിഴകളില്‍-
ക്കാവ്യഭാവം നിറച്ചും,
കാണുന്നോരുറ്റുനോക്കും പടി പദവടിവില്‍-
ക്കാലു നാലും ചമച്ചും,
ചാലേ ചൊല്ലിപ്പതിച്ചും, പലവുരു പതിരിന്‍
പൊട്ടു പാറ്റിത്തെളിച്ചും,
ചേലില്‍ശ്ലോകം ചമച്ചാല്‍ ശിവശിവ! യിവിടം
സര്‍ഗ്ഗ സല്ലാപ ലോകം!

 

കരവിരുത് 




മേലേ മേഘപ്പരപ്പില്‍പ്പെരിയകുടവുമായ്
വന്നു നില്‍ക്കുന്ന വര്‍ഷ-
ക്കോളിന്‍ കേളീതരംഗം ഝടിതി ശരമുതിര്‍-
ക്കുന്ന മട്ടില്‍ത്തൊടുക്കേ,
നീളേ, നാളേറെയായിപ്പുതുമഴ നനയാന്‍
കാത്തിരിക്കുന്ന വിത്തില്‍
പ്രാണന്‍ പൊട്ടിക്കിളിര്‍ക്കും കല,കരവിരുതി-
ന്നാരു ഹാ! തീര്‍ത്തു നല്‍കീ?



Thursday, June 28, 2012

അഴകിയ കവിതാ നൂലുകള്‍

അഴകിയ കവിതാ നൂലുകള്‍

ഒത്തില്ലിന്നൊട്ടുനാളായഴകിയ കവിതാ-
നൂലുമായ് ശീലൊരുക്കാന്‍,
ആര്‍ക്കും പാര്‍ത്താല്‍ രസിക്കും ചടുലപദ വിശേ-
ഷങ്ങളാല്‍ ലാസ്യമാടാന്‍
ആലസ്യം വിട്ടുണര്‍ന്നെന്‍ മുരളിയിലൊഴുകും
നാദകല്ലോലമായ് നീ
താളത്തില്‍ തെല്ലുനേരം തഴുകിയൊഴുകിയെന്‍
 ചുണ്ടിലും തേന്‍ പുരട്ടൂ.

(സ്രദ്ധര)

ഹംസമേ!

ബത! സതി ദമയന്തീയന്തികേ ഹംസമേയെന്‍ -
ഹിതമിതുസദയം ഹേ, ചെന്നു ചൊല്ലെണമിപ്പോള്‍
മതി മതിയതുമാത്രം; പേര്‍ത്തുമെന്‍ മിത്രമേ നീ
ഹൃദിയിതി  കരുതീടില്‍ക്കാമ്യയാമെന്നില്‍ ബാല!

(മാലിനി)

മുറി നിറ

ഹതകണ്ടക സുഖദം ശരി,ഇ വനില്ലതു പറയാം
ഹിതമുള്ളവര്‍ വിരളം പഴി, വഴിനീളെ,യിതനിശം
സതതം ചില,യഹിതങ്ങളെ,യറിയാതുട,നെറിയും
പഥികന്നിവനൊടുവില്‍മതിനിറയും മുറി നിറയും

(ശങ്കര ചരിതം)

പാവക്കൂത്ത്

സായം കാലം കവിളിലണിയാന്‍ കുങ്കുമച്ചെപ്പുമായ-
ച്ചായക്കൂട്ടും കളഭ  നിറവും വാരിവാരിപ്പുതച്ചും
ഭാവം മാറും പകലിനണയാന്‍ ചക്രവാളം നിറയ്ക്കും
പാവക്കൂത്തിന്‍ ചരടുവലിയെക്കണ്ടിരിക്കുന്നു ഞാനും

(മന്ദാക്രാന്ത)

ഭൂഗോളമേ!

ചന്ദ്രാദിത്യപ്രഭയിലൊഴുകും തോണിയോ? നീലമേഘ-
പ്പന്തോ, പന്തിന്‍ ചടുലചലനപ്പമ്പരം ചുറ്റിടുന്നോ?
സ്പന്ദിച്ചീടും കനകഖചിതം കമ്രമേഘപ്പടര്‍പ്പിന്‍ -
ചിന്തില്‍ച്ചുറ്റും ചെറിയകണമോ? ചൊല്ലു ഭൂഗോളമേ നീ.

(മന്ദാക്രാന്ത)

സുന്ദരീ

ഈറന്‍ മാറിമുഖം തെളിഞ്ഞ പുലരി -
പ്പൂഞ്ചായമോ, മുഗ് ദമാ-
യോരോ നാമ്പിലുമുല്ലസിച്ചു മഴവില്‍
തീര്‍ക്കും മഴത്തുള്ളിയോ?
ചാരത്തെന്നെ വിളിച്ചുണര്‍ത്തി, നിറയും
പൂന്തിങ്കള്‍ പോല്‍ പുഞ്ചിരി-
ച്ചാരോ നില്പിതു! സുന്ദരീ, നെറുകയില്‍
സിന്ദൂരവും പൂശി നീ !

(ശാര്‍ദ്ദൂല വിക്രീഡിതം)

Wednesday, May 9, 2012

മരുത്വാ മല

മരുത്വാ മല

ചിന്തിച്ചാലന്തമില്ലിദ്ധരയിലെവിടെയെന്‍
 കര്‍മ്മരംഗം  ശരിക്കെ-
ന്നെന്തോ  ചിന്തിച്ചുഴന്നും, പരനെയറിയുവാന്‍
ശാന്തിതേടിത്തിരഞ്ഞൂം,
സ്വന്തം ബന്ധങ്ങള്‍ പൊട്ടിച്ചുയരെ,മലയിലെ-
ധ്യാന സിദ്ധിക്കിരിക്കേ,
എന്തിന്നേതിന്നു ഞാനെന്നുഴറിയ ജലധി-
ക്കപ്പുറം  കണ്ടിതാവൂ!

ഏറും നോവിന്‍ തരംഗത്തിരക,ളലക-
ളാര്‍ത്തങ്ങലച്ചെന്റെ വേരും
വേരറ്റീടുന്ന നേരം സുഖകരസമ-

ശീതോഷ്ണ ഗേഹം തകര്‍ക്കേ,
പാരം തീഷ്ണപ്രകാശക്കണികകളലി-
വോലാതെ കുത്തിത്തുളച്ചെന്‍
നേരേ തീര്‍ത്തുപ്രകാശം, പവന കിര-
ണമേറ്റുജ്വലിക്കുന്നിരുട്ടും.

പിന്നെപ്പുല്‍ച്ചാടി, പൂക്കള്‍ , പ്പുനരവിരതമാം
 ശബ്ദകോലാഹലങ്ങള്‍ -
ക്കെന്നും താങ്ങായ്ത്തെളിഞ്ഞൂ ക്ഷിതിയിലെവിടെയും
തീര്‍ത്ത ജീവല്‍ പ്രകാശം
ജന്മം സൌഭാഗ്യമാക്കും , മനുജനുയിരെഴും
 ജീവ രേതസ്സിതെന്നും
കണ്ണില്‍തീര്ക്കുന്ന പുണ്യം , പകരമതിനു ഞാ-
നെന്തു നല്‍കേണ്ടു തായേ?

ഈ ലോകത്തില്‍ച്ചരിക്കും ചെറിയ പുഴുമുതല്‍
ഹിംസ്ര ജന്തുക്കള്‍ പോലും
താലോലിക്കുന്നു പണ്ടേ, ശിശുവിനെ മധുര-
 സ്നേഹമാം ബന്ധനത്താല്‍
ആലോചിച്ചാല്‍ വിചിത്രം! വിദയമിരകളില്‍
ദംഷ്ട്രയാഴ്ത്തുന്ന വ്യാഘ്രം
ചാലേ തീര്‍ക്കുന്ന ദൗത്യം, പറയുകിലതുമി-
സ്നേഹമല്ലാതെയെന്ത്?

വൈരുദ്ധ്യങ്ങള്‍ വിദഗ്ദ്ധമായ്പ്പലവിധം
ചേര്‍ക്കുന്നു തന്‍ മൂശയില്‍-
പ്പാരം ശ്രദ്ധയണച്ചു ശില്പി നിഭൃതം
 തീര്‍ക്കും സ്വയം  വാര്‍പ്പുകള്‍
സരഥ്യം ശരിയാം വിധത്തിലരുളാ-
നോരാവിരല്‍ത്തുമ്പിലും
ചേരും വണ്ണമിണച്ചുകെട്ടി ചരടില്‍
ക്കോര്‍ക്കുന്നിതാരൂഢമായ് .

ഞാനുണ്ടാച്ചരടൊന്നിലായ് നിയതമെന്‍
 മുന്നില്‍ വഴിത്താരപോ-
ലരോ തൊട്ടു തെളിച്ചിടും പുതിയതാം
 വെട്ടം പരക്കുന്നിതാ!
നൂനം കാണുക, കണ്ണുകള്‍ സ്വയമറി-
ഞ്ഞെത്തും പുറം കാഴ്ച്ചയുള്‍-
ത്താരില്‍ത്തുന്നിയ മട്ടിലീ ഭുവിയിലെന്‍
കര്‍മ്മപ്പരപ്പാക്കിടാം.

ചേണാര്‍ന്നോരിലയീരിലച്ചെടികളായ്,
താരായ്, മരംചാടിയായ്
മാനായ് വര്‍ണ്ണമയൂരമായ്, ചിറകടി-
ച്ചെത്തും കിളിക്കൊഞ്ചലായ്
കാണാന്‍ കണ്ണുകളെത്തിടാത്തൊരണുവാ-
യുത്തുഗ ശൃംഗങ്ങളായ്
കാണുന്നൊക്കെയുമൊന്നുതന്നെ-
യതിലെന്‍ സ്വത്വം ലയിക്കിന്നിതാ!

മേലേ മേഘമൊരുങ്ങിടുന്നു പുലരി-
പ്പൂഞ്ചായവും പൂശി, വെണ്‍-
മേലാപ്പിട്ടു നിരന്നിടുന്നു മലകള്‍,
താഴേ നിഴല്പാടുകള്‍
നീളേ ശാദ്വലഭൂമിയില്പ്പുഴകളില്‍-
ത്തീരങ്ങളില്‍ക്കേട്ടിടും
കാലത്തിന്റെ കുളമ്പടിക്കിടയിലെന്‍
കാല്പ്പാടുകള്‍ തീര്‍ത്തിടാം.